ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം
text_fieldsസെറാ ഷാജൻ പിതാവ് ഷാജൻ
മാത്യുവിനൊപ്പം
ഷാർജ: വേറിട്ട അവതരണ ശൈലികൊണ്ട് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശ്രദ്ധനേടി മലയാളി പെൺകുട്ടിയുടെ ഇംഗ്ലീഷ് നോവൽ. ഫാഷൻ ലോകത്തെ പശ്ചാത്തലമാക്കി 12കാരി സെറാ ഷാജൻ എഴുതിയ ‘ദ വാർ ബിറ്റ്വീൻ ഡിസൈനേഴ്സ്’ എന്ന പുസ്തകമാണ് പുതുതലമുറ വായനക്കാർക്കും എഴുത്തുകാർക്കും പ്രചോദനമാകുന്നത്. വസ്ത്രങ്ങളുടെ ലോകം മാത്രമല്ല, മനുഷ്യ മനസ്സുകളുടെ വഞ്ചന, പ്രണയം, ആത്മവിശ്വാസം, ശക്തി, വിശ്വാസം എന്നിവയുടെ സംഘർഷങ്ങളാണ് നോവലിന്റെ ഇതിവൃത്തം. സെറയുടെ പ്രായം ചെറുതായാലും, ഭാഷയും ചിന്തയും അതിശയിപ്പിക്കുന്ന രീതിയിൽ പക്വമാണ്. ദ വാർ ബിറ്റ്വീൻ ഡിസൈനേഴ്സ് ചെറുപ്പം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന, പ്രചോദനമാകുന്ന കൃതി തന്നെയാണ്.
ദുബൈയിൽ സെയിൽ ഹെഡ് ഷാജൻ മാത്യുവിന്റെയും എൻജിനീയർ ചിഞ്ചുവിന്റെയും മകളായ സെറാ ഷാജൻ അബൂദബി ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. പഠനത്തിലെ വിരസത മാറ്റാനായി ഒഴിവ് സമയങ്ങളിൽ ഡയറിയിൽ കുത്തിക്കുറിച്ച വരികൾ ശ്രദ്ധയിൽപ്പെട്ട അച്ഛൻ ഷാജന്റെ വാക്കുകളാണ് പുസ്തക രചയിലേക്ക് സെറയെ എത്തിച്ചത്. 12 വയസ്സിനിടെ സെറ വായിച്ച പുസ്തകങ്ങളും ഏറെയാണ്. എഴുത്തിന്റെ ലോകത്തു മാത്രമല്ല സംഗീത ലോകത്തും തന്റേതായ വ്യക്തിമുദ്രപതിപ്പിക്കാൻ തയാറെടുക്കുകയാണീ മിടുക്കി. പിതാവ് തന്നെയാണ് എല്ലാത്തിലും പ്രചോദനം. ഭാവിയിൽ മികച്ച അഭിഭാഷകയാവണമെന്നാണ് ആഗ്രഹം. സഞ്ജയ് ഷമാൻ, സിയൻ ഷാജൻ എന്നിവരാണ് സഹോദരങ്ങൾ. പുസ്തകോത്സവത്തിന്റെ സമാപന ദിവസമായ നവംബർ 16ന് റൈറ്റേഴ്സ് ഫോറത്തിൽ നടക്കുന്ന ചടങ്ങിൽ സെറയുടെ പുസ്തകം പ്രകാശിതമാവും.


