ജൈവകൃഷിയിലൂടെ പഴം, പച്ചക്കറികൾ ഉൽപാദിപ്പിച്ച് ഷാർജ
text_fieldsഷാർജ: പ്രകൃതിദത്തമായ രീതിയിൽ ജൈവ പഴങ്ങളും പച്ചക്കറികളും ഉൽപാദിപ്പിക്കുന്ന സംരംഭവുമായി ഷാർജ കാർഷിക, കന്നുകാലി ഉൽപാദന വകുപ്പ്. അൽ ദൈദിലെ ഗ്രീൻഹൗസുകളിലാണ് പദ്ധതി നടപ്പിലാക്കി വ്യത്യസ്ത വിളവുകൾ ഉൽപാദിപ്പിച്ചിട്ടുള്ളത്. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിന്റെ ഭാഗമായ മൂന്ന് ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന സ്ഥലങ്ങൾ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നേരിട്ട് സന്ദർശിച്ചു. ആദ്യ ഘട്ടത്തിൽ 4,800 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള നാല് ഗ്രീൻഹൗസുകളും 6,800 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു കാർഷിക മേഖലയുമാണ് ഉൾപ്പെടുന്നത്.
ഇവയെല്ലാം ചേർന്ന് പ്രതിവർഷം 250 ടൺ പഴം, പച്ചക്കകറികൾ ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വഴുതന, തക്കാളി, വെള്ളരി, കുമ്പളങ്ങ, കുരുമുളക്, കാരറ്റ്, ഉള്ളി, ബീറ്റ്റൂട്ട്, ബീൻസ്, വെണ്ടക്ക എന്നിവയുൾപ്പെടെ വിവിധതരം ജൈവ പച്ചക്കറികളും ബ്ലൂബെറി, കോൺ, കാലെ, ബ്രോക്കോളി എന്നിവയും ഇവിടെയുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 32 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സുസ്ഥിര സംവിധാനമാണ് ലക്ഷ്യമിടുന്നത്. ഈ ഘട്ടത്തിൽ നഴ്സറികൾ, തുറന്ന കാർഷിക ഇടങ്ങൾ, പാക്കേജിങ് സൗകര്യം, തേൻ ഉൽപാദന പ്ലാന്റ്, വിദ്യാർഥികളുടെ താമസ സൗകര്യം എന്നിവയും രൂപപ്പെടുത്തും. കൂടാതെ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, മീറ്റിംഗ് ഹാൾ, സ്മാർട്ട് സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്ന അത്യാധുനിക ജലസേചന സംവിധാനം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തും.