അടയാള പാറകൾ കാവൽ നിൽക്കുന്ന സ്രാവ് ദ്വീപ്
text_fieldsമലകളിൽ തട്ടി കടൽ ശിൽപങ്ങളായി മാറുന്ന അപൂർവ്വ കാഴ്ച്ചകളുടെ പറുദീസയാണ് ഖോർഫക്കാനിലെ ഷാർക് ഐലൻറ്. കണ്ണാടിപോലെ തെളിഞ്ഞുകിടക്കുന്ന വെള്ളത്തിൽ നിന്ന് ആഴങ്ങളുടെ അഴകുകൾ വായിച്ചെടുക്കാം. ഗൾഫ് കുടിയേറ്റത്തിെൻറ ആദ്യകാലങ്ങളിൽ പത്തേമാരികളിൽ വന്നിറങ്ങിയവർക്ക് ജീവൻ തിരിച്ചു നൽകിയ അടയാള പാറകൾക്കുള്ളിലാണ് ഈ സാഗര നീലിമ മിഴികൾ തുറക്കുന്നത്.
തീരത്തുനിന്ന് ബോട്ട് വഴി ഇവിടെ എത്താം. തനതായ പാറക്കെട്ടുകൾക്കും വൈവിധ്യമാർന്ന ആവാസ വ്യവസ്ഥക്കും പേരുകേട്ട ഈ ദ്വീപ് എമിറേറ്റിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അനെമോണുകളും വിവിധതരം മത്സ്യങ്ങളും മുതൽ കടലാമകൾ, മോറെ ഈൽസ്, സ്റ്റിംഗ്രേകൾ, അറേബ്യൻ ഏഞ്ചൽഫിഷ് എന്നിവ വരെ ഈ ദ്വീപിനെ പുണരുന്ന കടലലകളിൽ നിന്ന് വായിച്ചെടുക്കാം.
നീന്തൽ, ഡൈവിങ്, മീൻപിടിത്തം എന്നിവയുൾപ്പെടെ വിനോദസഞ്ചാരികൾക്ക് ആസ്വാദ്യകരമായ നിരവധി വിനോദ പരിപാടികൾ ആസ്വദിക്കാൻ ഈ കടലഴകിൽ എത്തണം. ഖോർഫക്കാൻ ഉൾക്കടലിെൻറ തെക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്രാവ് ദ്വീപിൽ അൽപ്പനേരം ശാന്തമായി ഇരുന്നു നോക്കണം. തിരമാലകൾ വന്ന് പ്രചോദനം പകർന്ന് മനസിനെ കടഞ്ഞെടുക്കുന്നത് അനുഭവിച്ചറിയാം.


