യാത്രക്കാരിക്ക് ഉദ്യോഗസ്ഥയുടെ യാത്ര പറച്ചിൽ; അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്
text_fieldsശൈഖ് മുഹമ്മദിന് നന്ദി അറിയിച്ചു ജി.ഡി.ആർ.എഫ്.എ നേതൃത്വം പുറത്തിറക്കിയ ബ്രോഷർ
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ യാത്രക്കാരിയോട് കാണിച്ച അനുഭാവപൂർണമായ സമീപനത്തെ അഭിനന്ദിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. അബ്ദുല്ല അൽ ബലൂഷി എന്ന ഉദ്യോഗസ്ഥന്റെ സ്നേഹപൂർവ്വമായ പെരുമാറ്റം ദുബൈ നഗരത്തിന്റെ യഥാർഥ മുഖമാണെന്നാണ് ശൈഖ് മുഹമ്മദ് പറഞ്ഞു.
ഈ മനോഹരമായ നിമിഷത്തെക്കുറിച്ച് റേഡിയോ അവതാരകയായ ഹെബ മുസ്തഫ സാലെ വിവരിക്കുന്നത് ഇങ്ങനെയാണ്: ഏറെ ദുഃഖത്തോടെ കുടുംബാംഗങ്ങളോട് വിടപറഞ്ഞ് ജോർദാനിലേക്ക് മടങ്ങുകയായിരുന്നു അവരുടെ ഭർത്തൃമാതാവ്. വീൽചെയറിലായിരുന്ന ആ വയോധിക ഇമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോൾ ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥനായ അബ്ദുല്ല അൽ ബലൂഷി അവരെ സമീപിച്ചു.
അവരുടെ മകനോട് ദുബൈ താമസത്തെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചു. ഒരു മാസത്തിൽ താഴെ മാത്രമേ അവർ ഇവിടെ താമസിച്ചിട്ടുള്ളൂ എന്നറിഞ്ഞപ്പോൾ, ഇത്ര പെട്ടെന്ന് മടങ്ങുന്നതിന്റെ കാരണം അദ്ദേഹം വിനയപൂർവ്വം ചോദിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്നും അദ്ദേഹം ആരാഞ്ഞു. ചികിത്സയുടെ ആവശ്യത്തിനായാണ് ആ അമ്മ നാട്ടിലേക്ക് പോകാൻ ഒരുങ്ങിയത്.
ആ ഉദ്യോഗസ്ഥൻ അവരോട് പ്രാർത്ഥിക്കണമെന്നും എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും സ്നേഹത്തോടെ പറയുകയും, അവരുടെ മടങ്ങിവരവിനായി കാത്തിരിക്കുന്നുവെന്നും അറിയിക്കുകയും ചെയ്തു. ഈ ദയയും മനുഷ്യത്വവും നിറഞ്ഞ പെരുമാറ്റമാണ് ശൈഖ് മുഹമ്മദിന്റെ ഹൃദയത്തെ സ്പർശിച്ചത്. ശൈഖ് മുഹമ്മദിന്റെ പ്രശംസയ്ക്ക് ജി.ഡി.ആർ.എഫ്.എ ദുബൈ നേതൃത്വം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.