തോക്കെടുത്ത് നിറയൊഴിക്കണോ? പോന്നോളൂ...ഷാർജ ഷൂട്ടിങ് ക്ലബ്ബിലേക്ക്
text_fieldsഫുട്ബാൾ ഇതിഹാം ഡീഗോ മറഡോണക്കൊപ്പം
ഷാർജ ഗോൾഫ് ആൻഡ് ഷൂട്ടിങ്
ക്ലബ് ഡയറക്ടർ ബൈജു നൂറുദ്ദീനൊപ്പം
കൈയിൽ തോക്കേന്തി ഒന്ന് നിറയൊഴിക്കാനുള്ള പൂതി ഇതുവരെ പൂവണിഞ്ഞിട്ടില്ലെങ്കിൽ ഇനി ഒട്ടും വൈകിക്കേണ്ട. നേരെ ഷാർജ ഷൂട്ടിങ് ക്ലബ്ബിലേക്ക് പോന്നോളൂ... വൈവിധ്യങ്ങളായ സാഹസിക വിനോദങ്ങൾക്ക് പേരുകേട്ട ഡെസ്റ്റിനേഷൻ ആണല്ലോ യു.എ.ഇ. നീളം കൂടിയ സിപ്പ് ലൈനും മലമടക്കുകളിലൂടെയുള്ള ഹൈക്കിങ്ങും സ്കൈഡൈവിങ്ങും ഒക്കെ തേടി നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് വർഷംതോറും ഒഴുകിയെത്തുന്നത്. ഇതുപോലെ വ്യത്യസ്തമായ ഒന്ന് പരീക്ഷിക്കാൻ താല്പര്യപ്പെടുന്നവർക്ക് അനുയോജ്യമായ ഒരു ഇടമാണ് ഷാർജ ഗോൾഫ് ആൻഡ് ഷൂട്ടിങ് ക്ലബ്. ഏഴ് വയസ്സിനു മുകളിലുള്ള കുട്ടികൾ മുതൽ പ്രായമേറെ ചെന്നവർക്ക് വരെ ഇവിടെയെത്തി തങ്ങളുടെ ഉന്നം പരീക്ഷിക്കാം. പല റേഞ്ചിലുള്ള റൈഫിളുകളുടെയും ഹാൻഡ് ഗണ്ണുകളുടെയും ശേഖരമുള്ള ക്ലബ്ബിൽ അംഗത്വമെടുത്തും അതിഥിയായി വന്നും വെടിവെപ്പ് പരിശീലിക്കാവുന്നതാണ്.
മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഈ കായിക വിനോദത്തിൽ ഏർപ്പെടാൻ സ്വദേശികളും വിദേശികളും ഒരുപോലെ എത്തുന്നുണ്ട്. വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഷൂട്ടിങ് അനുഭവങ്ങളാണ് സന്ദർശകർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇൻഡോർ ഷൂട്ടിങ്ങിനായി പിസ്റ്റൾ റൈഫിൾ ഇനങ്ങളിൽ അത്യാധുനിക സൗകര്യങ്ങൾ ഉള്ള അതീവ സുരക്ഷാ മാനദണ്ഡങ്ങളോടുകൂടിയ റേഞ്ച് ക്ലബ്ബിൽ ഉണ്ട്. ഔട്ഡോർ വിഭാഗത്തിൽ ഷോർട്ട് ഗൺ ഷൂട്ടിങ്, ക്ലേ പിജിയൻ ഷൂട്ടിങ്, ലോങ് റേഞ്ച് റൈറഫിൾ ഷൂട്ടിങ് തുടങ്ങിയ വിഭാഗങ്ങൾ സംവിധാനിച്ചിട്ടുണ്ട്. പുതുതായി ഈ മേഖലയിലേക്ക് വരുന്നവർക്കും നിലവിൽ ഷൂട്ടിങ് ചെയ്യുന്നവർക്ക് അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും 13 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് മുതൽ പരിശീലന പരിപാടികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനായി പരിചയസമ്പന്നരായ ഷൂട്ടിങ് ഇൻസ്ട്രക്ടർമാർ ഇവിടെ സേവന സന്നദ്ധരായിട്ടുണ്ട്.
ലോകപ്രശസ്തരായ നിരവധി പ്രമുഖർ ഇവിടെ വന്ന് ഷൂട്ടിങ് ചെയ്തതായി ഡയറക്ടർ കായംകുളം സ്വദേശി ബൈജു നൂറുദ്ധീൻ സാക്ഷ്യപ്പെടുത്തുന്നു. മറഡോണ, മേജർ രവി, ഡോക്ടർ ഷംസീർ വയലിൽ, മുകേഷ് തുടങ്ങിയവർ ഇവിടെ തങ്ങളുടെ കഴിവ് പരീക്ഷിച്ചിട്ടുണ്ട്. നാട്ടിൽ എൻസിസി കേഡറ്റായിരുന്ന ബൈജു 18 വർഷമായി ഇവിടെ ജോലി ചെയ്യുന്നു. റേഞ്ച് ഓഫീസർ ആയി ജോലി ചെയ്യുന്ന വയനാട് സ്വദേശി ഹാരിസ് പോക്കർ, കൂടാതെ വേറെയും മലയാളി സ്റ്റാഫുകളും സന്ദർശകർക്ക് സകല സേവനങ്ങളും വാഗ്ദാനം ചെയ്ത് ഇവിടെയുണ്ട്. തോക്കുകളും മറ്റായുധങ്ങളും ആളുകളെ കൊന്നൊടുക്കുന്ന യുദ്ധഭൂമികളിൽ നിന്നും മാറി വിനോദത്തിനായുള്ള ഉപാധികളായി തീരട്ടെ എന്നാണ് ഇവരുടെ പക്ഷം.
പ്രവർത്തന സമയം
തിങ്കൾ മുതൽ വ്യാഴം വരെ : ഉച്ചക്ക് 12:15 മുതൽ രാത്രി 9:30 വരെ
വെള്ളി : ഉച്ചക്ക് 2:00 മുതൽ രാത്രി 10:30 വരെ
ശനി, ഞായർ : രാവിലെ 10:15 മുതൽ രാത്രി 9:30 വരെ.
ഫീസുകൾക്കും മെമ്പർഷിപ് സംബന്ധമായ സംശയങ്ങൾക്കും QR കോഡ് സ്കാൻ ചെയ്യുക