ശുക്റൻ ഇമാറാത്ത്: പ്രമുഖർ പ്രതികരിക്കുന്നു
text_fields'വിവേചനമില്ലാത്ത നാട്'
1971ൽ ആരംഭിച്ച് വികസനത്തിന്റെയും മുന്നേറ്റത്തിന്റെയും 50വർഷങ്ങൾ പിന്നിട്ട്, ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ച് മുന്നോട്ടു പോവുകയാണ് യു.എ.ഇ. ഇക്കാലയളവിൽ പ്രവാസി സമൂഹത്തിനും ഈ രാജ്യത്തിന്റെ നേട്ടങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞു. വിദേശികളെ വിവേചനമില്ലാതെ പരിഗണിക്കുകയും ഒരുപോലെ കാണുകയും ചെയ്യുന്നവരാണ് ഇവിടത്തുകാർ. മാത്രമല്ല, ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം പരസ്പര സഹകരണത്തോടെയും സ്നേഹത്തോടെയും ശക്തമായി മുന്നോട്ടുപോവുന്നു. ഈ പശ്ചാത്തലത്തിൽ ഇമാറാത്തികളെ ആദരിക്കുന്നതിനായി ഒരു ചടങ്ങ് 'ശുക്റൻ ഇമാറാത്ത്'എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്നതിൽ അതിയായ ആഹ്ലാദമുണ്ട്. പരിപാടിക്കും ആദരിക്കപ്പെടുന്ന വ്യക്തികൾക്കും ഇൻകാസിന്റെ എല്ലാ ആശംസകളും നേരുന്നു.
ടി.എ. രവീന്ദ്രൻ
ഇൻകാസ് യു.എ.ഇ-ആക്ടിങ് പ്രസിഡന്റ്
'ശുക്റൻ ഇമാറാത്ത്' മഹത്തരമായ ഉദ്യമം'
മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി കടല്‍ കടന്ന് പ്രവാസ ലോകത്തെത്തിയ മനുഷ്യരെ മാറോട് ചേര്‍ത്ത് സ്വീകരിച്ച ഇമാറാത്തി ജനതക്ക് 'ഗൾഫ് മാധ്യമം'സ്നേഹാദരം ഒരുക്കുന്ന വിവരം അത്യാഹ്ലാദത്തോടെയാണ് ശ്രവിച്ചത്. പിറവിയുടെ സുവർണ ജൂബിലി ആഘോഷിക്കുന്ന യു.എ.ഇക്ക് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യ നൽകുന്ന സ്നേഹാഭിവാദ്യമായ 'ശുക്റൻ ഇമാറാത്ത്'എല്ലാം കൊണ്ടും മഹത്തരമായിരിക്കും. ലക്ഷക്കണക്കിന് പ്രവാസികളുടെയും അനുബന്ധ കുടുംബങ്ങളിലും സന്തോഷത്തിന്റെ നീരുറവ പ്രദാനം ചെയ്യുന്നതില്‍ അറബ് ജനത കാണിച്ച ശുഷ്കാന്തി ഒരുകാലത്തും വിസ്മരിക്കാവുന്നതല്ല. പ്രവാസികളുടെ ഉന്നമനത്തിന് ഇമാറാത്തി ജനത നല്കിയ ത്യാഗങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഒന്നും തിരിച്ചു നല്കാന് ഇതു വരെ നമുക്കായിട്ടില്ല. 'ഗള്‍ഫ് മാധ്യമ'ത്തിന്റെ ഈ ഒരു ശ്രമം മഹത്തരമാണ്. നമ്മളെ നമ്മളാക്കുന്നതിന് വെള്ളവും വളവും നല്കിയ ഒരു ജനതയോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണ്. ഗള്‍ഫ് മാധ്യമത്തിന്റെ മഹത്തായ ഈ ഉദ്യമത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
അഷ്റഫ് താമരശ്ശേരി
(സാമൂഹിക പ്രവർത്തകൻ)
'പ്രസിദ്ധീകരിക്കാൻ കഴിയാതെ പോയ നന്മയുടെ കഥകൾ'
ലോകത്തിന്റെ ഏത് കോണിൽ നിന്നെത്തുന്നവരെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് ഇമാറാത്തികൾ. പലകുറി അവരുടെ സ്നേഹം നേരിട്ട് അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. എത്രയോ ജീവിതങ്ങൾക്കാണ് അവർ കൈത്താങ്ങായിരിക്കുന്നത്. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഇത്തരം അനുഭവങ്ങൾ പലരിൽ നിന്നും കേട്ടിട്ടുണ്ട്. എന്നാൽ, വലതുകൈ നൽകുന്നത് ഇടതുകൈ അറിയരുത് എന്നതാണ് അവരുടെ നയം. അതിനാൽ തന്നെ, അവരുടെ നന്മയുടെ, സ്നേഹത്തിന്റെ, കരുതലിന്റെ എത്രയോ കഥകൾ പ്രസിദ്ധീകരിക്കാൻ കഴിയാതെ പോയിട്ടുണ്ട്.
ജാതി, മത, വർണ, വർഗ ഭേദങ്ങളൊന്നുമില്ലാതെ ഈ നാട്ടിൽ ആർക്കും ജീവിക്കാനും ബിസിനസ് ചെയ്യാനുമെല്ലാമുള്ള സൗകര്യവും സ്വാതന്ത്ര്യവും അവർ നൽകുന്നുണ്ട്. ഇതരദേശക്കാരോട് ഈ രാജ്യം കാണിക്കുന്ന സ്നേഹത്തിന്റെ വലിയ ഉദാഹരണമാണ് ഗോൾഡൻ വിസ. നമ്മുടെ നാടിനെയും നാട്ടുകാരെയും ചേർത്തുപിടിക്കുന്ന ഈ രാജ്യത്തെ പൗരന്മാർക്ക് ആദരമൊരുക്കുന്ന 'ഗൾഫ് മാധ്യമ'ത്തിന്റെ ഉദ്യമം പ്രശംസനീയമാണ്. 'ശുക്റൻ ഇമാറാത്തി'ന് എല്ലാവിധ ആശംസകളും.
ഐസക് ജോൺ പട്ടാണിപ്പറമ്പിൽ
മാനേജിങ് എഡിറ്റർ, ഖലീജ് ടൈംസ്
'തീർത്താൽ തീരാത്ത കടപ്പാട്
യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷിക്കുന്ന സാഹചര്യത്തിൽ 'ഗൾഫ് മാധ്യമം'ഇമാറാത്തി സഹോദരങ്ങളെ ആദരിക്കാനായി ചടങ്ങ് സംഘടിപ്പിക്കുന്നതിൽ വലിയ ആഹ്ലാദമുണ്ട്. പ്രവാസി സമൂഹത്തിന് തീർത്താൽ തീരാത്ത കടപ്പാടുള്ള ഈ മണ്ണിനോട് നാം ചെയ്യുന്ന നന്ദി പ്രകാശനമാകും പരിപാടിയെന്ന് മനസ്സിലാക്കുന്നു. എല്ലാ ആശംസകളും നേരുന്നു.
രാജൻ മാഹി,ലോക കേരളസഭ അംഗം
ഓർമ-രക്ഷാധികാരി