Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ സന്ദർശകർക്ക്...

ദുബൈ സന്ദർശകർക്ക് അപേക്ഷിച്ച്​ 48 മണിക്കൂറിനുള്ളിൽ സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ

text_fields
bookmark_border
ദുബൈ സന്ദർശകർക്ക് അപേക്ഷിച്ച്​ 48 മണിക്കൂറിനുള്ളിൽ സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ
cancel

ദുബൈ: ദുബൈ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് ആവശ്യമായ രേഖകളും അപേക്ഷാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാൽ 48 പ്രവൃത്തി മണിക്കൂറിനുള്ളിൽ സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭ്യമാക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്​.എ) അറിയിച്ചു. അന്താരാഷ്ട്ര സന്ദർശകർക്കുള്ള പ്രവേശന നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.

ജി.ഡി.ആർ.എഫ്​.എയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രസിദ്ധീകരിച്ച വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 30 ദിവസത്തെയും 60 ദിവസത്തെയും കാലാവധിയുള്ള സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാനാകുമെന്നും ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചുകഴിഞ്ഞാൽ 48 പ്രവൃത്തി മണിക്കൂറിനുള്ളിൽ വിസ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.

അംഗീകൃത ടൂർ ഓപറേറ്റർമാർ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. യാത്രക്കാർക്ക് സുഗമവും തടസ്സരഹിതവുമായ സേവനം ഉറപ്പാക്കുന്നതിനായി ലളിതവും അതിവേഗവുമായ നടപടിക്രമങ്ങളിലൂടെയാണ് അപേക്ഷകൾ പരിഗണിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്​.എ വ്യക്തമാക്കി. അപേക്ഷകർ വ്യക്തിഗത ഫോട്ടോയും സാധുവായ പാസ്‌പോർട്ടിന്‍റെ പകർപ്പും സമർപ്പിക്കണം. ചില രാജ്യങ്ങളിലെ പൗരന്മാർക്ക് സ്വന്തം രാജ്യത്തെ ദേശീയ തിരിച്ചറിയൽ കാർഡിന്‍റെ പകർപ്പും നിർബന്ധമാണ്. ആവശ്യമായ രേഖകൾ പൂർണമായാൽ അപേക്ഷകൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പ്രോസസ്സ് ചെയ്യപ്പെടുമെന്നും അധികൃതർ അറിയിച്ചു.

ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുകയും അപേക്ഷ മുതൽ ദുബൈയിലെത്തുന്നത് വരെയുള്ള സന്ദർശക യാത്ര കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്നതിലൂടെ ലോകത്തിലെ മുൻനിര വിനോദസഞ്ചാര കേന്ദ്രമെന്ന ദുബൈയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ടൂറിസം-യാത്രാ മേഖലകളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് പുതിയ നടപടികൾ നടപ്പിലാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
TAGS:Tourist Visa Dubai visitor gulf 
News Summary - Single-entry tourist visa for Dubai visitors within 48 hours of application
Next Story