അജ്മാനിൽ ബസുകളിൽ സ്മാര്‍ട്ട് പേയ്മെന്റ് സംവിധാനം
text_fieldsസ്മാര്‍ട്ട് പേയ്മെന്റ് സംവിധാനം
അജ്മാന്: എമിറേറ്റിലെ ഗതാഗത അതോറിറ്റിയുടെ ബസുകളിൽ സ്മാര്‍ട്ട് പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു. ഇതോടെ നിലവിലെ മസാര്‍ കാര്‍ഡ് കൂടാതെ ബാങ്ക് കാർഡുകൾ, ആപ്പിൾപേ, ഗൂഗ്ൾ പേ, ഡിജിറ്റൽ വാലെറ്റ് സ്മാർട്ട് വാച്ചുകൾ തുടങ്ങിയവ ഉപയോഗിച്ച് ബസ് ടിക്കറ്റ് ചാർജ് നൽകാം.
യു.എ.ഇയിൽ ആദ്യമായാണ് ഈ നൂതന സാങ്കേതികവിദ്യ നടപ്പിലാക്കുന്നത്. സ്മാർട്ട് പേയ്മെന്റ് നടത്തുന്നതിനുള്ള ഉപകരണങ്ങൾ ഇതിനകം മുഴുവൻ പബ്ലിക് ബസുകളിലും സ്ഥാപിച്ചിട്ടുണ്ട്. ആഭ്യന്തര റൂട്ടുകളിൽ സേവനം സമീപഭാവിയിൽ പുറത്തേക്കുള്ള മറ്റു റൂട്ടുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.
ഇതോടൊപ്പം അതോറിറ്റിയുടെ ‘മസാർ ട്രാവൽ’ ആപ് അപ്ഗ്രേഡ് ചെയ്തിട്ടുമുണ്ട്. യാത്ര ആസൂത്രണം ചെയ്യാനും തത്സമയം ബസുകൾ ട്രാക്ക് ചെയ്യാനും അവരുടെ ബാങ്ക് കാർഡുകൾ ലിങ്ക് ചെയ്യാനും മുൻ യാത്രകളുടെ വിവരങ്ങൾ കാണാനും ഇത് സഹായിക്കും.
പൊതുഗതാഗത സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. സോണുകളും സ്റ്റോപ്പുകളും അടിസ്ഥാനമാക്കിയുള്ള നൂതന നിരക്ക് കണക്കുകൂട്ടൽ സംവിധാനം ഈ പദ്ധതിയിൽ ഉൾപ്പെടും. എല്ലാ ഇടപാടുകളുടെയും സമഗ്രമായ നിരീക്ഷണം ഈ സംവിധാനം നൽകുകയും സിസ്റ്റം റിപ്പോർട്ടുകൾ തയാറാക്കുകയും ചെയ്യും. വരുമാന, സാമ്പത്തിക റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള അഡ്മിനിസ്ട്രേറ്റിവ്, ഓപറേഷനൽ റിപ്പോർട്ടുകളും കാര്യക്ഷമമായ വർക്ക്ഫ്ലോ ഉറപ്പാക്കുന്നതിനുള്ള ഡ്രൈവർ ഷെഡ്യൂളിങ്, നിരീക്ഷണത്തിനും ഗുണനിലവാര നിയന്ത്രണ ആവശ്യങ്ങൾക്കുമുള്ള ടിക്കറ്റ് പരിശോധന സംവിധാനം, സുഗമവും സുരക്ഷിതവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ബസ് പിക്ക് അപ്, ഡ്രോപ് ഓഫ്, ഒന്നിലധികം ചാനലുകൾ ഉപയോഗിച്ച് ചെക്ക് ഇൻ, ചെക്ക് ഔട്ട് സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്.


