വിദ്യാർഥികളുടെ ആരോഗ്യം: ആസ്റ്ററും ജെംസ് എജുക്കേഷനും കൈകോർക്കുന്നു
text_fieldsസ്കൂൾ കുട്ടികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യംവെച്ചുള്ള
കരാറിൽ അലീഷ മൂപ്പനും ജയ് വർക്കിയും ഒപ്പുവെക്കുന്നു
ദുബൈ: വിദ്യാർഥികൾക്ക് മികച്ച ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറും ജെംസ് എജുക്കേഷനും കൈകോർക്കുന്നു. ഇരുവരും ഒപ്പിട്ട കരാർ പ്രകാരം ജെംസ് എജുക്കേഷന് കീഴിലുള്ള യു.എ.ഇയിലെ 45 സ്കൂളുകളിലെ അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ, കുടുംബങ്ങൾ എന്നിവർക്ക് ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുന്നതിനുള്ള നൂതന പരിപാടികൾ ആസ്റ്റർ അവതരിപ്പിക്കും.
അധ്യാപകർ ഉൾപ്പെടെ 25,000 ജീവനക്കാരാണ് ജെംസിലുള്ളത്. കൂടാതെ 1,40,000 ത്തിലധികം വിദ്യാർഥികളും 1,10,000 ലധികം കുടുംബങ്ങളും ജെംസ് എജുക്കേഷന്റെ ഭാഗമാണ്. ഇവർക്കായി ആസ്റ്റർ ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ, ഒപ്റ്റിക്കലുകൾ, മൈ ആസ്റ്റർ, മെഡ്കെയർ ഹോസ്പിറ്റലുകൾ, മെഡിക്കൽ സെന്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ സംയോജിത ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും.
ചെറുപ്രായത്തിൽതന്നെ സമഗ്ര ആരോഗ്യവും ക്ഷേമവും പരിപോഷിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത 12 മാസത്തെ ആരോഗ്യ-ക്ഷേമ പരിപാടി ആസ്റ്ററും ജെംസും സംയുക്തമായി മുന്നോട്ടുകൊണ്ടുപോകും. ജെംസിന്റെ ബിയോണ്ട് 100 ഉദ്യമവുമായി ചേർന്ന് ക്യാച്ച് ദെം യങ് എന്ന നയത്തോടെ ഈ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.
വിദ്യാർഥികളെ സ്വഭാവ രൂപവത്കരണ വർഷങ്ങളിൽതന്നെ മികച്ച ആരോഗ്യശീലങ്ങളും പോസിറ്റിവ് ജീവിതശൈലി രീതികളും സ്വീകരിക്കാൻ ഇത് പ്രേരിപ്പിക്കും.
ആരോഗ്യ മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പോഷകാഹാരം, ശാരീരികക്ഷമത, മാനസികാരോഗ്യം, പ്രതിരോധ ആരോഗ്യസംരക്ഷണം തുടങ്ങിയ ശിശുവികസനത്തിന്റെ പ്രധാന വശങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ പ്രവർത്തനങ്ങൾ, ശിൽപശാലകൾ, ബോധവത്കരണ കാമ്പയിനുകൾ എന്നിവ ബെസ്പോക്ക് ക്ലിനിക്കൽ പ്രോഗ്രാം സംയോജിപ്പിക്കുകയും ചെയ്യും.
ഇന്നത്തെ കുട്ടികൾ യു.എ.ഇയുടെ ഭാവി നേതൃത്വങ്ങളാണെന്നും രാജ്യത്തിന്റെ പാരമ്പര്യത്തെ കെട്ടിപ്പടുക്കുകയും ലോകവേദിയിൽ രാജ്യത്തെ നയിക്കുകയും ചെയ്യേണ്ടത് അവരാണെന്നും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ പറഞ്ഞു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയറുമായുള്ള പങ്കാളിത്തം ലോകോത്തര മെഡിക്കൽ വൈദഗ്ധ്യവും ക്ഷേമപരിപാടികളും തങ്ങളുടെ സ്കൂളുകളിലേക്കും സമൂഹങ്ങളിലേക്കും നേരിട്ട് എത്തിക്കാൻ സഹായിക്കുമെന്ന് ജെംസ് എജുക്കേഷൻ ഡെപ്യൂട്ടി സി.ഇ.ഒ ജയ് വർക്കി പറഞ്ഞു.