കീം: ദുബൈയിലെ പരീക്ഷ കേന്ദ്രത്തിൽ സാങ്കേതിക തകരാർ
text_fieldsദുബൈ: സാങ്കേതിക തകരാറിനെത്തുടർന്ന് ഗൾഫിലെ കീം പ്രവേശന പരീക്ഷ അവതാളത്തിലായി. ബുധനാഴ്ച ദുബൈയിലെ ന്യൂ ഇന്ത്യൻ സ്കൂളിലെ പരീക്ഷ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളാണ് സെർവർ തകരാറിനെത്തുടർന്ന് വലഞ്ഞത്. 112 വിദ്യാർഥികളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നായി പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 15 പേർ ഹാജരായിരുന്നില്ല. ഉച്ചക്ക് 12.30 മുതൽ 3.30 വരെയായിsരുന്നു പരീക്ഷ സമയം. രാവിലെ 10.30നുതന്നെ വിദ്യാർഥികളെ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ, സെർവർ തകരാറിനെത്തുടർന്ന് മൂന്നു മണിക്കൂറിലേറെ വൈകിയാണ് പരീക്ഷ ആരംഭിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. ലോഗിൻ ചെയ്യുമ്പോൾ നെറ്റ്വർക്ക് ഡൗൺ ആവുകയായിരുന്നു. ഒരുമിച്ച് ലോഗിൻ ചെയ്യുമ്പോഴായിരുന്നു വിഷയം. തുടർന്ന് പല ഘട്ടങ്ങളിലായാണ് വിദ്യാർഥികളെ പരീക്ഷ എഴുതിച്ചത്. ഇതോടെ 3.30ന് തീരേണ്ട പരീക്ഷ അവസാനിച്ചത് രാത്രി 7.30ഓടെയാണ്. എട്ട് മണിക്കൂറിലേറെ സമയം പരീക്ഷ ഹാളിൽ ഇരിക്കേണ്ടിവന്നതായും വിദ്യാർഥികൾ ആരോപിച്ചു. ഇത് മാനസിക സംഘർഷത്തിന് ഇടയാക്കിയതായും അവർ ആരോപിച്ചു.
അതേസമയം, നാട്ടിൽനിന്നെത്തിച്ച സെർവർ തകരാറിലായതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. രാവിലെ 10.30ന് പരീക്ഷ ഹാളിൽ പ്രവേശിപ്പിച്ച വിദ്യാർഥികളിൽ നിന്ന് മൊബൈൽ ഫോൺ ഉൾപ്പെടെ വാങ്ങിവെച്ചതിനാൽ പുറത്തുള്ളവരുമായി ബന്ധപ്പെടാനും സാധിച്ചിരുന്നില്ല. എട്ട് മണിക്കൂറിലേറെ പരീക്ഷ കേന്ദ്രത്തിൽ കുടുങ്ങിയെങ്കിലും റിഫ്രഷ്മെന്റിനുള്ള സൗകര്യങ്ങളും ലഭിച്ചിരുന്നില്ലെന്ന് രക്ഷിതാക്കളും വിദ്യാർഥികളും പറയുന്നു.
ഗൾഫിലെ ഏക കീം പരീക്ഷ കേന്ദ്രമാണ് ദുബൈയിലേത്. ആദ്യ ദിനം പരീക്ഷ വൈകിയത് അടുത്ത ദിവസങ്ങളിൽ പരീക്ഷയെഴുതാനുള്ള തയാറെടുപ്പുകളെ ബാധിച്ചതായും വിദ്യാർഥികൾ പറഞ്ഞു. വ്യാഴാഴ്ച ഫാർമസി പരീക്ഷയാണ് ഇവിടെ നടക്കുക. അതേസമയം, പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് തുടരുകയാണ്.