ആംബുലൻസ് ഡ്രൈവർ ഇനി 'അയൺമാൻ' നിസാർ
text_fieldsദുബൈ: കേരളത്തിലെ ഏത് റോഡിലിറക്കിയാലും നിസാറിെൻറ ആംബുലൻസിന് 100 കിലോമീറ്റർ പിന്നിടാൻ രണ്ട് മണിക്കൂർ മതി. ഇന്നലെ ദുബൈ പാം ജുമൈറ റോഡിലും അതുപോലൊരു ഓട്ടപ്പാച്ചിലിലായിരുന്നു നിസാർ.
ആംബുലൻസിെൻറ വളയങ്ങൾക്കുപകരം ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയുമായിരുന്നു 113 കിലോമീറ്റർ (70 മൈൽ) പ്രയാണം. ആറു മണിക്കൂർ 22 മിനിറ്റ് 12 സെക്കൻഡ് നീണ്ട യാത്രക്കൊടുവിൽ 'അയൺമാൻ'പട്ടവുമായാണ് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ നിസാർ നാട്ടിലേക്ക് മടങ്ങുന്നത്.
കേട്ടു മാത്രം പരിചയമുള്ള കായിക പോരാട്ടത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹവുമായി കഴിഞ്ഞ നാലിനാണ് പെരിന്തൽമണ്ണ പാണമ്പി വാഴത്തൊടി നിസാർ ദുബൈയിൽ എത്തിയത്.
സാമ്പത്തിക പരാധീനതകൾ ഏറെയുണ്ടെങ്കിലും സുഹൃത്തുക്കളുടെ സഹായത്താലാണ് ആദ്യമായി കടൽകടന്നെത്തിയത്.
ഇന്ത്യയിലെ വിവിധ മാരത്തണുകളിൽ ഓടി പരിചയമുണ്ടെങ്കിലും സൈക്ലിങ്ങും നീന്തലും അത്ര പരിചിതമല്ല നിസാറിന്.
അതുകൊണ്ടുതന്നെ അയൺമാനിൽ ഫിനിഷ് ചെയ്യുക എന്നത് വലിയൊരു കടമ്പയായിരുന്നു. ദുബൈയിലെത്തി ഒരാഴ്ച കേരള റൈഡേഴ്സ് ക്ലബിനൊപ്പമായിരുന്നു പരിശീലനം. കടലിലെ നീന്തൽ അത്ര പരിചയമില്ലാത്തതിനാൽ ഇവിടെ എത്തിയ ശേഷമായിരുന്നു പരിശീലനം. വെസ്റ്റ്ഫോഡ് യൂനിവേഴ്സിറ്റിയാണ് കിറ്റ് സ്പോൺസർ ചെയ്തതും ഇതുവരെയുള്ള ചെലവുകൾ വഹിച്ചതും. യൂനിവേഴ്സിറ്റിയിൽ ജോലിചെയ്യുന്ന സുഹൃത്ത് മുഹമ്മദ് ഷമീറായിരുന്നു താമസമൊരുക്കിയത്.
രാജ്യത്തിനുപുറത്ത് ആദ്യമായാണ് നിസാർ ഓട്ടത്തിനിറങ്ങുന്നതെങ്കിലും ഇന്ത്യയിലെ വിവിധ മാരത്തണുകളിൽ പങ്കെടുത്തിട്ടുണ്ട്. സോൾസ് ഓഫ് പെരിന്തൽമണ്ണ റണ്ണേഴ്സ് ക്ലബ് എക്സിക്യൂട്ടിവ് അംഗമായ നിസാർ ബാംഗ്ലൂർ ഷിമോഗ അൾട്രാ മാരത്തൺ (110 കിലോമീറ്റർ), ഊട്ടി അൾട്രാ മാരത്തൺ (60), മുംബൈ മാരത്തൺ (42), കൊച്ചി മാരത്തൺ (42) എന്നിവ ഫിനിഷ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം 41 വയസ്സ് പൂർത്തിയായപ്പോൾ 41 കിലോമീറ്റർ ഓടി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
മൊയ്തു- ഫാത്തിമ ദമ്പതികളുടെ മൂത്തമകനാണ് നിസാർ. ഭാര്യ സാജിത്. മക്കൾ: സിദാൻ മുഹമ്മദ്, ഹാദി മുഹമ്മദ്, ഷാസിൽ മുഹമ്മദ്. 16ന് നാട്ടിലേക്ക് തിരിക്കും.