ദ ഗേൾ ബിഹൈൻഡ് ദ ഇന്നോവേഷൻ
text_fieldsഹലീമ സമീർ
ആഗോള ശ്രദ്ധ നേടിയ പോർട്ടബിൾ വെന്റിലേറ്റർകണ്ടുപിടുത്തത്തിന് പിന്നിൽ മലയാളിത്തിളക്കം
അത്യാഹിത ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ ശേഷിയുള്ള, കുറഞ്ഞ ചെലവിൽ പ്രവർത്തിക്കുന്ന ഒരു ‘പോർട്ടബിൾ വെന്റിലേറ്റർ’, കോവിഡ് കാലത്ത് ലോകം നേരിട്ട വെന്റിലേറ്റർ ക്ഷാമത്തിന് പരിഹാരമെന്ന നിലയിൽ, ദുബൈയിലെ അഞ്ച് യുവ എൻജിനീയറിങ് വിദ്യാർഥികൾ ചേർന്ന് വികസിപ്പിച്ചെടുത്തതാണ് ഈ ഉപകരണം. ദുബൈയിലെ പ്രമുഖ സർവകലാശാലകളിൽ നിന്നുള്ള ഈ വിദ്യാർഥി സംഘം തങ്ങളുടെ കണ്ടുപിടുത്തത്തിലൂടെ ആഗോള ശ്രദ്ധ നേടുകയും 2025ലെ യു.എ.ഇ ജെയിംസ് ഡൈസൺ ഫൗണ്ടേഷൻ പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ ഈ കണ്ടുപിടുത്തത്തിന് പിന്നിൽ ഒരു മലയാളി പെൺകുട്ടിയുടെ കരസ്പർശമുണ്ട്. മലപ്പുറം തിരുന്നാവായ സ്വദേശിനിയും ദുബൈ ഹെരിയറ്റ് വാട്ട് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിനിയുമായ ഹലീമ സമീർ.
യു.എ.ഇ ജെയിംസ് ഡൈസൺ
ഫൗണ്ടേഷൻ പുരസ്കാരം നേടിയ
വിദ്യാർഥി സംഘം
കുറഞ്ഞ ചെലവിലുള്ള പോർട്ടബിൾ എമർജൻസി വെന്റിലേറ്ററായി ഉപയോഗിക്കാവുന്ന ‘ഡിസാസ്റ്റർ റിലീഫ് ബാക്കപ്പ് വോളിയം-ബേസ്ഡ് വെന്റിലേറ്റർ’(ഡി.ആർ.ബി.വി.വി) എന്ന് പേരിട്ടിരിക്കുന്ന ഉപകരണമാണ് വിദ്യാർഥി സംഘം വികസിപ്പിച്ചെടുത്തത്. ദുബൈയിലെ യൂനിവേഴ്സിറ്റി ഓഫ് വോളോംഗോങ്, ഹെരിയറ്റ് വാട്ട് യൂനിവേഴ്സിറ്റി, മിഡിൽ സെക്സ് യൂനിവേഴ്സിറ്റി എന്നിവിടങ്ങ ളിൽ നിന്നുള്ള അഹമ്മദ് മുജ്തബ, ഉമർ ഫർഹാൻ, മലീഷ ചമോഡി കൊട്ടേജ് രാജപക്ഷ, അനുഷ് ഡി കോസ്റ്റ എന്നിവരോടൊപ്പം മലയാളി മിടുക്കി ഹലീമ സമീറും പോർട്ടബിൽ വെന്റിലേറ്റർ നിർമിതിക്കു പിന്നിൽ കൈകോർത്തു. ദുബൈയിൽ ഇൻറീരിയർ ഡിസൈനിങ് കോൺട്രാക്ടിങ് കമ്പനി നടത്തുന്ന തിരുന്നാവായ ചിറ്റകത്ത് പൊറ്റമ്മൽ സമീറിന്റെയും
തിരുർ നടുവിലങ്ങാടി വലിയകത്ത് ഷിനിൻ അബ്ദുൽ ഖാദറിന്റെയും മൂത്ത മകളായ ഹലീമ സമീർ ഹെരിയറ്റ് വാട്ട് യൂനിവേഴ്സിറ്റിയിൽ ആർകിടെക്ച്ചർ മൂന്നാം വർഷ വിദ്യാർഥിനിയാണ്.
ലോകമെമ്പാടുമുള്ള ആശുപത്രികളിലും, ഗ്രാമീണ ക്ലിനിക്കുകളിലും, ദുരന്തമുഖങ്ങളിലും രോഗികളുടെ എണ്ണം കൂടുമ്പോൾ സാധാരണയുള്ള വെന്റിലേറ്ററുകൾ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യമുണ്ടായാൽ പോർട്ടബിൾ സിസ്റ്റം എത്തിച്ച് പരിഹാരമുണ്ടാക്കാവുന്ന ഉപാധിയാണിതെന്ന് വിദ്യാർഥികൾ അവകാശപ്പെടുന്നു.
കോവിഡ് -19 മഹാമാരിയുടെ സമയത്ത് ലോകമെമ്പാടും വെന്റിലേറ്ററുകൾക്ക് ക്ഷാമം നേരിട്ടത് നേരിട്ട് അനുഭവിക്കേണ്ടി വന്നിരുന്നു. ആ വേദനയിൽ നിന്നാണ് ടീമിന് ഇത്തരമൊരു ഉപകരണം വികസിപ്പിക്കാനുള്ള ആശയം ഉണ്ടായത്. പ്രായോഗികവും ചിലവ് കുറഞ്ഞതുമായ ഒരു ഉപകരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, അവർ ഓപ്പൺ സോഴ്സ് വെന്റിലേറ്റർ പ്രോജക്റ്റുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും വെന്റിലേറ്ററിന്റെ ആദ്യ മാതൃക നിർമിക്കുകയും ചെയ്തു. തുടർന്ന് സിലിക്കൺ ടെസ്റ്റ് ശ്വാസകോശങ്ങളിൽ വിശദമായ പ്രോട്ടോടൈപ്പിങും, പരീക്ഷണങ്ങളും, ഹാർഡ്വെയറുകളുടെയും ഇലക്ട്രോണിക്സിന്റെയും കൃത്യമായ പരിഷ്കരണങ്ങളും നടത്തിയാണ് പോർട്ടബിൾ വെന്റിലേറ്റർ രൂപപ്പെടുത്തിയെടുത്തത്. പരീക്ഷണങ്ങളുടെ പല ഘട്ടങ്ങളിലും പിഴവുകളും പരാജയങ്ങളും വന്നുവെങ്കിലും അതൊക്കെ കണ്ടുപിടുത്തത്തെ കൂടുതൽ മികവുറ്റതാകാൻ സഹായിച്ചുവെന്ന് വിദ്യാർഥികൾ പറയുന്നു.
സാധാരണ ശ്വാസം നൽകാൻ ഉപയോഗിക്കുന്ന ആംബുബാഗിനെ കൃത്യമായി പ്രവർത്തിപ്പിക്കാൻ ഈ ഉപകരണത്തിന് സാധിക്കും. അത് വഴി ശ്വാസം നിലച്ച രോഗികൾക്ക് ആവശ്യത്തിന് വായു എത്തിക്കാൻ കഴിയും. ഇതിനായി, ഉപകരണത്തിന്റെ നിർമ്മാണത്തിൽ വിവിധ മോട്ടോർ-ഡ്രൈവ് റാക്ക്-ആൻഡ്-പിനിയൻ ഡിസൈനുകളും, 3ഡി-പ്രിന്റഡ് ഘടകങ്ങളും, ഇലക്ട്രോണിക്സ് ലേഔട്ടുകളും ഉപയോഗിച്ചു. ടച്ച്സ്ക്രീൻ ഇന്റർഫേസ്, റോട്ടറി നോബ് എന്നിവ ഉപയോഗിച്ച് ശ്വാസമെടുക്കുന്നതിന്റെ അളവും വേഗവും കൃത്യമായി ക്രമീകരിക്കാം. തത്സമയ ക്രമീകരണങ്ങളും അലാറങ്ങളിലൂടെ ഉടനടി ഫീഡ്ബാക്കും നൽകും. പോർട്ടബിൾ ആയതുകൊണ്ട് എളുപ്പത്തിൽ കൊണ്ടുനടക്കാം. മോട്ടോർ സ്ഥിരത, ബാറ്ററി സംയോജനം തുടങ്ങിയ സാങ്കേതിക വെല്ലുവിളികൾ ഓരോ ഘട്ടത്തിലും പരിഹരിച്ചാണ് ഈ ഉപകരണം ഇപ്പോൾ യഥാർഥ ഉപയോഗത്തിന് തയ്യാറായിരിക്കുന്നത്.
ജെയിംസ് ഡൈസൺ അവാർഡിലൂടെ സംഘത്തിന് അന്തർ ദേശീയ അംഗീകാരം കൂടി തേടി വന്നതോടെ ഉപകരണത്തിന്റെ അടുത്ത ഘട്ടങ്ങളിലെ വികസനത്തിനും വാണിജ്യവൽക്കരണത്തിനും ഏറെ സഹായകമാകും. 5,000 പൗണ്ടാണ് സമ്മാനത്തുകയായി ടീമിന് ലഭിച്ചത്. ഈ തുക ഉപകരണം കൂടുതൽ മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്ന് ടീം അംഗങ്ങൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ജെയിംസ് ഡൈസൺ അവാർഡിന്റെ ആഗോള മത്സരത്തിലേക്കും ഉൽപ്പന്നം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവിടെ വിജയിക്ക് 30,000 പൗണ്ടാണ് സമ്മനത്തുക. സംഘത്തിലെ മലീഷ ചമോദി കോട്ടേജ് രാജപക്ഷ ശ്രീലങ്കക്കാരിയും, ഉമർ ഫർഹാൻ പാകിസ്ഥാൻ സ്വദേശിയും അഹ്മദ് മുജ്തബ ഹൈദരാബാദ്, അനുഷ ഡി കോസ്റ്റ മംഗലാപുരം സ്വദേശിയുമാണ്. ഹലീമ സമീർ കുട്ടിക്കാലം തൊട്ടേ വളർന്നതും പഠിച്ചതുമെല്ലാം യു.എ.ഇയിലാണ്. നേരത്തെ സുഹൃത്തുകളായ ഇവർ പിന്നീട് ഉപകരണം കണ്ടുപിടിക്കാനും രൂപ കല്പന ചെയ്യാനുമെല്ലാം ഒന്നിച്ചു പ്രവർത്തിച്ചു. വിദ്യാർഥികളായ ഹദിയ സമീർ, ഹമ്മാദ് സമീർ എന്നിവർ ഹലീമ സമീറിന്റെ സഹോദരങ്ങളാണ്.
പുരസ്കാര നിറവിൽ മറ്റ് കണ്ടുപിടുത്തങ്ങളും
പോർട്ടബിൽ വെൻറിലേറ്റർ നിർമാണത്തിൽ അംഗീകാരം നേടിയതിനു പുറമെ മറ്റു രണ്ടു കണ്ടുപിടുത്തങ്ങൾക്കു കൂടി ഈ വിദ്യാർഥി സംഘം ശ്രദ്ധ നേടിയിട്ടുണ്ട്. ആർത്തവ സമയത്ത് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന പൊതു ടോയ്ലെറ്റുകൾ കണ്ടെത്താൻ സ്ത്രീകളെ സഹായിക്കുന്ന ‘സഖി’ എന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഇതിലൊന്ന്. ഒരു കമ്മ്യൂണിറ്റി-പവേർഡ് ആപ്ലിക്കേഷനാണിത്. ഉപയോക്താക്കൾക്ക് വിവരങ്ങൾ നൽകാനും പുതിയ ലൊക്കേഷനുകൾ ചേർക്കാനും സാധിക്കും. കുട്ടികൾക്ക് വളരെ കുറഞ്ഞ ചെലവിൽ കോഡിങ്ങും സ്റ്റെം ആശയങ്ങളും പഠിക്കാൻ സഹായിക്കുന്ന ‘കലം’ എന്ന മോഡുലാർ എഡ്യൂക്കേഷണൽ കിറ്റ് ആണ് ഇവരുടെ മറ്റൊരു ശ്രദ്ധേയ സംഭാവന. രണ്ടു സംരംഭങ്ങളും ജെയിംസ് ഡൈസൻ ഫൗണ്ടേഷൻ റണ്ണർ അപ്പ് വിജയികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്താണ് ജെയിംസ് ഡൈസൻ ഫൗണ്ടേഷൻ അവാർഡ്
ലോകത്തെ പുതിയ തലമുറയിലെ എഞ്ചിനീയർമാരെയും ശാസ്ത്രജ്ഞരെയും പ്രോത്സാഹിപ്പിക്കുക, ഭാവിയിൽ ലോകം നേരിടുന്ന പ്രശ്നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്താൻ അവരെ പ്രചോദിപ്പിക്കുക, സാങ്കേതിക കണ്ടുപിടുത്തങ്ങളിൽ താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സർ ജെയിംസ് ഡൈസൺ സ്ഥാപിച്ചതാണ് ഈ ഫൗണ്ടേഷൻ. 2002 ൽ യു.കെയിൽ സ്ഥാപിതമായ ഫൗണ്ടേഷൻ ഇപ്പോൾ ലോകമെമ്പാടും വിവിധ രാജ്യങ്ങളിലുണ്ട്. ലോകമെമ്പാടുമുള്ള യുവ കണ്ടുപിടുത്തക്കാർക്ക് അവരുടെ ആശയങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു വലിയ വേദിയാണിത്. ഒരു പ്രശ്നത്തിന് ക്രിയാത്മകമായ പരിഹാരം കണ്ടെത്തുന്ന കണ്ടുപിടുത്തങ്ങളെ ആദരിക്കുന്ന അന്താരാഷ്ട്ര മത്സരമാണ് ജെയിംസ് ഡൈസൺ അവാർഡ്. എൻജിനീയറിങ്, ഡിസൈൻ മേഖലകളിലെ വിദ്യാർഥികൾക്കും അടുത്തിടെ ബിരുദം നേടിയവർക്കും ഇതിൽ പങ്കെടുക്കാം. പ്രതിഭകൾക്ക് പ്രശസ്തി പത്രവും സാമ്പത്തിക സഹായവും നൽകുന്നുണ്ട്.