ചരിത്ര വീഥിയിലെ ‘തീയുടെ മാതാവ്’
text_fieldsമരുഭൂമിയുടെ എത്രയെത്ര ചരിത്രങ്ങളെയാണ് കാറ്റ് മണ്ണ് കൊണ്ട് മൂടിയിട്ടിരിക്കുന്നത്. അതിന്റെ മുകളിലൂടെ എത്രയെത്ര തലമുറയാണ് കടന്നുപോയത്. മരുഭൂമിയിൽ ഇന്നുകാണുന്ന മസറകൾ ഒരു കാലത്ത് മണ്ണെടുത്തുപ്പോയ ഗ്രാമങ്ങളുടെ ഫോസിലുകളായിരിക്കാം. ആദിമ മനുഷ്യ ജീവിതത്തിന്റെ കാലടിപ്പാടുകൾ പതിയാത്ത ഒരു പ്രദേശവും ആധുനിക ലോകത്ത് ഇല്ലെന്നുതന്നെ പറയാം. മണൽക്കാറ്റിൽ മറയപ്പെട്ട പൗരാണിക യു.എ.ഇയുടെ ജീവിത ചരിത്രങ്ങൾ അതാണ് ഓർമപ്പെടുത്തുന്നത്. കേവലം പ്രവാസത്തിലൂടെ ഉരുത്തിരിഞ്ഞതല്ല ഇന്ത്യയും അറബ് മേഖലയും തമ്മിലുള്ള ബന്ധം. അത് സിന്ധുനദീതട സംസ്കാരത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് ഉമ്മുൽനാർ ചരിത്രശേഷിപ്പുകൾ പറയുന്നു. സിന്ധുനദീതടസംസ്കാരത്തിലേക്കും സുമേറിയൻ നാഗരികതയിലേക്കും നീളുന്ന ചരിത്ര വീഥിയാണ് ആധുനിക യു.എ.ഇ. പ്രത്യേകിച്ച് തലസ്ഥാനമായ അബൂദബി.
അബൂദബിയിൽ നിന്ന് തുടങ്ങി ഒമാൻ അതിർത്തിവരെ നീളുന്ന ചരിത്ര പാതകളിൽ നിന്ന് നിരവധി പൗരാണിക ജീവിതത്തിന്റെ അടയാളങ്ങളാണ് കണ്ടെത്തിയത്. മെസൊപ്പൊട്ടേമിയയിലെ സുമേറിന്റെ പുരാതന നാഗരികതകൾക്കും സിന്ധുനദീതട ഹാരപ്പൻ സംസ്കാരത്തിനും ഇടയിൽ ഉമ്മുൽ നാർ ജനത പ്രധാനപ്പെട്ട പ്രാദേശിക വ്യാപാര ഇടനിലക്കാരായിരുന്നു. സുമേറിയക്കാർക്ക് ‘മഗൻ’ എന്നറിയപ്പെടുന്ന ഉമ്മുൽനാർ പ്രദേശം ചെമ്പിന്റെയും ഡയോറൈറ്റിന്റെയും ഉറവിടവും സിന്ധുനദീതടത്തിൽ നിന്നുള്ള കാർണേലിയൻ ആഭരണങ്ങൾ ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടെ വ്യാപാര കേന്ദ്രവുമായിരുന്നുവെന്ന് ഉത്ഖനനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ബി.സി 2600-2000 കാലഘട്ടത്തിൽ നിലനിന്നിരുന്ന ഒരു വെങ്കലയുഗ സംസ്കാരമാണ് ഉമ്മുൽനാർ. യു.എ.ഇ തലസ്ഥാനമായ അബൂദബി നഗരത്തോട് ചേർന്നുള്ള അതേ പേരിലുള്ള ദ്വീപിൽ നിന്നാണ് ഉമ്മുൽനാർ എന്ന ഈ പദോൽപ്പത്തി ഉരുത്തിരിഞ്ഞത്. ഇന്ന് സാസ് അൽ നഖ്ൽ എന്നറിയപ്പെടുന്ന ദ്വീപിലെ പ്രധാനപ്പെട്ട ചരിത്ര മേഖല സംരക്ഷിതമാണ്. ഒരു റിഫൈനറിയും പ്രധാനപ്പെട്ട സൈനിക മേഖലയും പ്രവർത്തിക്കുന്നതിനാൽ നിലവിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു.
ഉമ്മുൽ നാർ സംസ്കാരത്തിന്റെ ഒരു പ്രധാന സൂചകമാണ് വൃത്താകൃതിയിലുള്ള ശവകുടീരങ്ങൾ. സാധാരണയായി പുറം ഭിത്തിയിൽ നന്നായി ഘടിപ്പിച്ച അഷ്ലർ കല്ലും അതിനുള്ളിൽ ഒന്നിലധികം മനുഷ്യാവശിഷ്ടങ്ങളും ഇവയുടെ സവിശേഷതയാണ്. ശവകുടീരങ്ങൾ പലപ്പോഴും ഗോപുരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയിൽ പലതും ജലസ്രോതസ്സുകൾക്ക് ചുറ്റുമാണ് നിർമിച്ചിരിക്കുന്നത്. അബൂദബിയിലെ ആദ്യത്തെ പുരാവസ്തു ഉത്ഖനനം 1959ൽ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് സ്ഥാപിക്കുന്നതിന് പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ്, ഉമ്മുൽ നാറിൽ ആരംഭിച്ചിരുന്നു. മേഖലയിലെ ഖനനങ്ങളിൽ നിന്ന് കണ്ടെത്തിയ ഏഴ് ശവകുടീരങ്ങൾ ഡാനിഷ് പുരാവസ്തു ഗവേഷകനായ പി.വി ഗ്ലോബിന്റെ കീഴിലുള്ള ഒരു ഡാനിഷ് പുരാവസ്തു ഗവേഷണ വിഭാഗം പഠന വിധേയമാക്കി. മെലൂഹയിലേക്കും ഹാരപ്പയിലേക്കും ലോഥനിലേക്കും നീളുന്ന നിരവധി സാംസ്കാരികമായ ബന്ധങ്ങൾ ഇതിൽ ഉണ്ടായിരുന്നു. പ്രത്യേകിച്ച് വ്യാപാരത്തിന് ഉപയോഗിച്ചിരുന്ന സീലുകൾ. ഹാരപ്പൻ ലിപിയും അറബുമായി ബന്ധപ്പെട്ട് കിടക്കുന്നു. വലത്തുനിന്ന് ഇടത്തോട്ട് എഴുതുന്ന ഈ ലിപി ഇന്നുവരെ വായിക്കാൻ സാധിച്ചിട്ടില്ല. പലവിധത്തിലുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. 1965ൽ ഉമ്മുൽ നാറിലെ ഡാനിഷ് ഖനനങ്ങൾ നിർത്തിവച്ചെങ്കിലും 1975ൽ ഇറാഖിൽ നിന്നുള്ള ഒരു പുരാവസ്തു സംഘം പുനരാരംഭിച്ചു. ഒരു സീസൺ നീണ്ടുനിന്ന ഇറാഖി ഖനനങ്ങളിൽ അഞ്ച് ശവകുടീരങ്ങൾ കുഴിച്ചെടുക്കുകയും പ്രദേശത്ത് വിശദമായ പരിശോധന നടത്തുകയും ചെയ്തു. സിന്ധുനദീതടം, മെസൊപ്പൊട്ടേമിയ, സുമേറിയ തുടങ്ങിയ പൗരാണിക നാഗരികതയുമായി, ഉമ്മുൽ നാർ നാഗരികത പലവിധത്തിലും ബന്ധപ്പെട്ടിരുന്നു എന്നതിന്റെ തെളിവുകൾ ഗവേഷണ സംഘം കണ്ടെത്തി.
ദുബൈയിലെ അൽ സുഫൂഹ്, ഷാർജയിലെ മലീഹ തുടങ്ങിയ പ്രദേശത്ത് നടത്തിയ ഖനനങ്ങളിൽ നിന്നും ഉമ്മുൽ നാർ കാലഘട്ടത്തിലെ ശവകുടീരങ്ങളും കരകൗശല വസ്തുക്കളും കണ്ടെത്തിയിരുന്നു. ഉബൈദ് കാലഘട്ടം (ബി.സി 5500–3700 ബി.സി) മെസൊപ്പൊട്ടേമിയയുടെ ചരിത്രാതീത കാലഘട്ടമാണ്. ഈ കാലഘട്ടത്തിലെ നിർമിതികൾ അബൂദബിയിലെ ഡൽമ ദ്വീപിൽ നിന്ന് കണ്ടെത്തിയിരുന്നു. ഉബൈദ് മൺപാത്രങ്ങൾ മധ്യ ഗൾഫ് തീരത്ത് കൂടുതൽ ഉൾനാടുകളിൽ കണ്ടെത്തിയിട്ടുണ്ട്. മൺപാത്രങ്ങൾ മറ്റ് ചില ചരക്കുകൾക്കുള്ള പാത്രമാകുന്നതിനുപകരം വിലയേറിയ വ്യാപാര ഇനമായിരിക്കാമെന്ന് സൂചിപ്പിക്കുന്നു. ഡൽമയിൽ നിന്ന് കണ്ടെത്തിയ ഉബൈദ് പാത്രങ്ങളെ അനുകരിച്ച് പ്രാദേശികമായി നിർമിക്കുന്ന മൺപാത്രങ്ങൾ ഈ നിർദ്ദേശത്തെ ശക്തിപ്പെടുത്തുന്നു. മൺപാത്രങ്ങൾക്കായി ഏതൊക്കെ ഉൽപ്പന്നങ്ങളാണ് കച്ചവടം നടത്തിയതെന്ന് വ്യക്തമല്ല. ഈന്തപ്പഴം, മുത്തും ഷെല്ലും കൊണ്ട് നിർമിച്ച ആഭരണങ്ങൾ, ജൈവ-ക്ഷീര ഉൽപ്പന്നങ്ങൾ, കന്നുകാലികൾ എന്നിവ ഉൾപ്പെടുന്നു. ബി.സി 2000-2600 കാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ അസ്ഥികളാണ് രണ്ടു ദശകം മുൻപു റാസൽഖൈമയിലെ ഷിമാലിൽ നിന്നും ഖനനം വഴി കണ്ടെത്തിയത്. ഈ അസ്ഥികളെക്കുറിച്ചുള്ള പഠനം റാസൽഖൈമ പുരാവസ്തു വിഭാഗം നടത്തിയിരുന്നു. ഉമ്മുൽ നാർ സംസ്കാരത്തോളം പഴക്കമുള്ള അസ്ഥികൾ വെങ്കല യുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെതാണെന്നു കണ്ടെത്തിയിരുന്നു. ബിസി 2500 നും 2000 നും ഇടയിൽ ഉമ്മുൽ നാർ കാലഘട്ടത്തിലെ അഞ്ച് പുരാവസ്തു കേന്ദ്രങ്ങൾ സഹാമിലെ വിലായത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അൽ ഹജർ അൽ ഗർബി പർവതനിരകളുടെ വടക്കൻ സമതലങ്ങളിൽ സഹാമിന് പടിഞ്ഞാറ് 26 കിലോമീറ്റർ അകലെ ദഹ്വി, വാദി അൽ സുഖ്ൻ, അൽ തഖിബ എന്നിവിടങ്ങളിലാണ് ഈ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നത്.
സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ആർട്സ് ആൻഡ് സോഷ്യൽ സയൻസസിലെ പുരാവസ്തു വകുപ്പാണ് ഇവ കണ്ടെത്തിയത്. സിന്ധുനദീതടം, മെസൊപ്പൊട്ടേമിയ, ഇറാൻ നാഗരികതകളുമായി ഈ സ്ഥലങ്ങൾക്ക് അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി മൺപാത്രങ്ങളും ശിലാശാസനങ്ങളും സർവേയിൽ കണ്ടെത്തിയതായി പുരാവസ്തു വകുപ്പ് മേധാവി ഡോ. ഖാലിദ് ദഗ്ലാസ് പറഞ്ഞു. ഈ സ്ഥലങ്ങളിലെ താമസക്കാർ ചെമ്പ് ഉരുക്കലിലും വ്യാപാരത്തിലും ഏർപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണിത്. ഉദ്ഖനനങ്ങളിൽ നിന്ന് നിരവധി ശ്മശാനങ്ങൾ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
വെളുത്ത മണൽക്കല്ലിൽ നിർമിച്ച കൂട്ട ശ്മശാനങ്ങളിലാണ് മരിച്ചവരെ അടക്കം ചെയ്തിരുന്നത്. ഉമ്മുൽ നാർ കാലഘട്ടങ്ങളിലെ പുരാവസ്തു രേഖകൾ പ്രകാരം തെക്കുകിഴക്കൻ അറേബ്യയുടെ പ്രദേശം മെസൊപ്പൊട്ടേമിയക്കും സിന്ധൂസിനും ഇടയിലുള്ള ഒരു ബൈപോളാർ വ്യാപാര മേഖലക്ക് ഇടം നൽകിയതായി കാണിക്കുന്നു, അവിടെ മഗൻ ജനത ഇടനിലക്കാരും വിതരണക്കാരും ഉപഭോക്താക്കളും ആയിരുന്നതായി കാണാം. സിന്ധുനദീതടത്തിലെ ആര്യൻ അധിനിവേശത്തോടെയാണ് ചരിത്രത്തിൻറെ ഗതിമാറുന്നത്. സിന്ധുനദീതട ഹാരപ്പൻ സംസ്കാരത്തിന്റെ തകർച്ചയുടെ തുടക്കമായിരുന്നു അധിനിവേശം. നിരവധി ദുരന്തങ്ങളോടെ മെസപ്പൊട്ടേമിയയുമായുള്ള വ്യാപാരം ബി.സി.ഇ 2,000-നടുത്ത് തകർന്നു. 1800 ബി.സിയിലാണ് ഉമ്മുൽ നാർ തുറമുഖം ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നത്. ഈ ചരിത്രാവശിഷ്ടങ്ങൾ നിലവിൽ കാണുവാൻ അബൂദബിയിലെ സാദിയാത്ത് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ലുബ്ര മ്യൂസിയത്തിലും ഷാർജയുടെ ആർക്കിയോളജിക്കൽ മ്യൂസിയത്തിലും പോയാൽമതി. ഖനനത്തിൽ നിന്ന് ലഭിച്ച ചരിത്രങ്ങൾ അവിടെ ധാരാളമുണ്ട്.