ആ ഉമ്മ പറഞ്ഞു 'ഇവിടെ നിന്‍റെ വീടില്ലേ, ഇവിടേക്ക് പോരേ'
text_fieldsആംനയോടൊപ്പം സബിത
നന്മകൾ ഉറവപൊട്ടിയൊഴുകിയ നാളാണ് കോവിഡ് കാലം. ഇതുവരെ കാണാത്ത മനുഷ്യർക്കായി എത്രയോ പേർ കരുതലിന്‍റെ വാതിലുകൾ തുറന്നിട്ടു. മഹാമാരിയുടെ കാലത്ത് അപ്രതീക്ഷിതമായി കിട്ടിയ കരുതലിന്‍റെ കഥ പറയുകയാണ് തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി സബിദ അബ്ദുൽ അസീസ്...
2020ലെ കോവിഡ്കാലം. ലോക്ഡൗൺ എത്തിയതോടെ ഞങ്ങളുടെ ഏക വരുമാനമാർഗമായിരുന്ന ദുബൈ ഡ്രാഗൺ മാർട്ടിലെ ജ്യൂസ് ഷോപ്പിനും പൂട്ടിടേണ്ടി വന്നു.
ഇതോടെ രണ്ട് വാടക ചെക്ക് മടങ്ങുകയും ഉടമകൾ കേസ് കൊടുക്കുകയും ചെയ്തു. കൂനിൻമേൽ കുരു എന്നപോലെ അൽ വർഖയിലെ താമസ സ്ഥലത്തിന്‍റെയും വാടക കരാർ അവസാനിക്കാറായി. ജൂണിൽ ഫ്ലാറ്റിന്‍റെ വാടക ചെക്ക് നൽകണം. അജ്മാനിലേക്കോ ഷാർജയിലേക്കോ കുറഞ്ഞ വാടകയുള്ള സ്ഥലത്തേക്ക് താമസം മാറാൻ ആലോചിച്ചെങ്കിലും അതിനുപോലും കൈയിൽ പണം ഇല്ലാത്ത അവസ്ഥ. ഇതിനിടയിലാണ് ആ ഉമ്മ എന്നെ വിളിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2020 ഏപ്രിൽ 30ന്.
2005 മുതൽ 2010 വരെ ഞങ്ങൾ ഉമ്മുൽ ഖുവൈനിൽ താമസിച്ചിരുന്ന വീടിന്‍റെ ഉടമ സൈഫിന്‍റെ ഉമ്മ ആംനയാണ് ഫോണിന്‍റെ മറുതലക്കൽ. 'ഗാനെം' കുടുംബത്തിൽപെട്ട അവർ വെറുതെ സ്നേഹാന്വേഷണത്തിന് വിളിച്ചതാണ്. അജ്മാനിലേക്ക് താമസം മാറാൻ ശ്രമിക്കുകയാണെന്നും അതിനുശേഷം ഉമ്മയെ കാണാൻ വരുന്നുണ്ടെന്നും പറഞ്ഞു. താമസം മാറാനുള്ള കാരണം അന്വേഷിച്ചപ്പോൾ ഞാൻ വിവരം പറഞ്ഞു. 'ഇവിടെ നിന്‍റെ വീടില്ലെ, അത് ഒഴിഞ്ഞുകിടക്കുകയാണ്, അവിടെ വന്ന് താമസിച്ചൂടെ' എന്നായിരുന്നു മറുപടി.
മകൻ ഖാലിദുമായി സംസാരിക്കട്ടെ എന്നു പറഞ്ഞ് സംസാരം അവസാനിപ്പിച്ചു. അര മണിക്കൂറിനുശേഷം ഖാലിദ് വിളിച്ചു. എന്താ സബിദ ആവശ്യം എന്ന് ചോദിച്ചായിരുന്നു തുടക്കം. അറിയാവുന്ന ഇംഗ്ലീഷും അറബിയും ചേർത്ത് ഞാൻ വിവരങ്ങൾ ധരിപ്പിച്ചു.
തൽക്കാലം എന്‍റെ കൈയിൽ വലിയ വാടക നൽകാൻ പണമില്ലെന്നും ഖാലിദിനോട് പറഞ്ഞു. നീ അബ്ദുൽ അസീസിയെയും കൂട്ടി വരൂ, നമുക്ക് സംസാരിക്കാം എന്നായിരുന്നു ഖാലിദിന്‍റെ മറുപടി. കുറച്ച് മാസങ്ങളായി വീട് ഒഴിഞ്ഞുകിടക്കുകയാണ്.
അതിനാൽ അറ്റകുറ്റപണി പൂർത്തിയാക്കി തരാമെന്നും ആറ് മാസത്തേക്ക് വാടക തരേണ്ടെന്നും വരുമാന മാർഗം ആകുമ്പോൾ വാടക തന്നാൽ മതിയെന്നും ഖാലിദ് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി. ദൈവം പലരൂപത്തിൽ വരും എന്നല്ലേ.
ദൈവം അല്ലാതെ പിന്നെ ആരാണ് ഇവരെ എന്‍റെ മുന്നിൽ കൊണ്ടുനിർത്തിയത്. ആ നിമിഷം ഞാൻ അവർക്കു വേണ്ടി മനസ്സ് കൊണ്ടു അല്ലാഹുവിനെ വിളിച്ച് പ്രാർഥിച്ചു. ഇത്രയും സുരക്ഷിതത്വവും സംരക്ഷണവും എന്‍റെ ജന്മനാട്ടിൽ നിന്നോ ബന്ധുക്കളിൽ നിന്നോ എനിക്കു ഒരിക്കലും കിട്ടില്ല.
ആദ്യമായല്ല ഈ കുടുംബം എന്നെ സഹായിച്ചിരിക്കുന്നത്. ഒരുപാടു സന്ദർഭങ്ങളിൽ താങ്ങായി, തണലായി അവർ എത്തിയിട്ടുണ്ട്. എന്‍റെ ഒരേ ഒരു മകന്‍റെ പേര് പോലും സൈഫ് എന്നിട്ടത് ഈ കുടുംബത്തിലെ മൂത്ത മകന്‍റെ പേര് സൈഫ് എന്നതിനാലാണ്.
ഈ ഒരു രാജ്യത്തിന്‍റെ ഭരണാധികാരികളും ഇവിടത്തെ പൗരന്മാരായ ആളുകളും മറ്റുള്ളവരോട് കാണിക്കുന്ന ഈ കാരുണ്യം ലോകത്ത് എവിടെയും കിട്ടില്ല. അന്യദേശക്കാരോട് ഒരു വേർതിരിവുമില്ലാതെയാണ് ഇവിടത്തെ പൗരന്മാർ പെരുമാറുന്നത്.
'ഗാനെം' കുടുംബം ഒരിക്കൽപോലും എന്നെ വാടകക്കാരി ആയി കണ്ടിട്ടില്ല. അവരുടെ സ്വന്തം കുടുംബമായാണ് അവർ മറ്റുള്ളവർക്ക് നമ്മെ പരിചയപ്പെടുത്തുന്നത്. അവരുടെ വീട്ടിലെ ഒാരോ സന്തോഷനിമിഷങ്ങളിലും നമ്മളും പങ്കാളികളാണ്. അതുകൊണ്ട് ഇന്നു വരെ നാടുവിട്ടു നിൽക്കുന്ന ഒരു വിഷമവും തോന്നിയിട്ടില്ല. മരണം വരെ ഈ നാട്ടിൽ നിൽക്കണമെന്നാണ് ആഗ്രഹവും.