രണ്ടാമത് കൽബ ഈത്തപ്പഴം, തേൻ ഉത്സവം ഇന്ന് സമാപിക്കും
text_fieldsഷാർജ: ഡിസംബർ 12 മുതൽ ഷാർജയിലെ ബീച്ച് പാർക്കിൽ നടന്നുവരുന്ന രണ്ടാമത് കൽബ ഈത്തപ്പഴം, തേൻ ഉത്സവം ഇന്ന് സമാപിക്കും. മുഹമ്മദ് ഇബ്രാഹിം അൽ ജാസ്മി ചെയർമാനായ കൽബ ഡേറ്റ്സ് ആൻഡ് ഫെസ്റ്റിവൽ കമ്മിറ്റിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 37 പ്രദർശകരാണ് പങ്കെടുക്കുന്നത്. വെളളിയാഴ്ച ആരംഭിച്ച പ്രദർശനം കൽബയിലെ ഷാർജ ഭരണാധികാരിയുടെ ഓഫിസ് ഡെപ്യൂട്ടി തലവൻ ശൈഖ് ഹൈതം ബിൻ സഖർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തിരുന്നു.
മേളയുടെ ഭാഗമായി വിവിധ മത്സരങ്ങൾ, കലാ, സാംസ്കരിക സെമിനാറുകൾ, പാചക കോർണറുകൾ എന്നിവയും അരങ്ങേറിയിരുന്നു. മേളയിൽ കുട്ടികൾക്കായി ഒരുക്കിയ പ്രത്യേക കളിസ്ഥലം സന്ദർശകർക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതാണ്.
ശൈത്യകാലത്ത് തുടക്കമായതോടെ കൽബയുടെ പൈതൃക സംസ്കാരം ആസ്വദിക്കാനും ഏറ്റവും മികച്ച ഈത്തപ്പഴങ്ങളും തേനും രുചിക്കാനുമുള്ള സുവർണാവസരമാണ് കൽബ ഈത്തപ്പഴം, തേൻ ഉത്സവമെന്ന് മുഹമ്മദ് ഇബ്രാഹിം അൽ ജാസ്മി പറഞ്ഞു. അത്യപൂർവമായി ലഭിക്കുന്ന തേനുകളെയും കർഷകരേയും പരിചയപ്പെടാനും സംവദിക്കാനുമുള്ള അവസരവും മേളയിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശനം സൗജന്യമാണ്.


