സുൽത്താൻ പുറപ്പെട്ടു; ഇന്ന് ഭൂമിയിൽ
text_fieldsസുൽത്താൻ അൽ നിയാദിയും സഹയാത്രികരും ഭൂമിയിലേക്ക് മടങ്ങുന്നതിന് മുമ്പ് ബഹിരാകാശ നിലയത്തിൽ
ദുബൈ: അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി മടക്ക യാത്ര ആരംഭിച്ചു. ഭൂമിയിൽ നിന്ന് 400 കി.മീറ്റർ അകലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകത്തിലാണ് ഞായറാഴ്ച യു.എ.ഇ സമയം 3.05ന് സഹയാത്രികരായ മൂന്ന് ക്രൂ-6 അംഗങ്ങൾക്കൊപ്പം പുറപ്പെട്ടത്. പേടകം തിങ്കളാഴ്ച രാവിലെ 8.07ന് യു.എസിലെ ഫ്ലോറിഡ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബഹിരാകാശ നിലയത്തിൽനിന്ന് 17മണിക്കൂർ യാത്രയാണ് ഭൂമിയിലേക്ക് കണക്കാക്കുന്നത്. നേരത്തേ ശനിയാഴ്ച പുറപ്പെടാൻ നിശ്ചയിച്ചിരുന്നെങ്കിലും ഫ്ലോറിഡയിൽ ആഞ്ഞടിച്ച ഇഡാലിയ ചുഴലിക്കാറ്റ് അടക്കമുള്ള കാലാവസ്ഥ വെല്ലുവിളികെള തുടർന്ന് സമയം മാറ്റുകയായിരുന്നു. നാസയുടെ ബഹിരാകാശ യാത്രികരായ സ്റ്റീഫൻ ബൊവൻ, വൂഡി ഹോബർഗ്, റഷ്യക്കാരനായ ആൻഡ്രി ഫെദ്യേവ് എന്നിവരാണ് സുൽത്താൻ അൽ നിയാദിക്കൊപ്പം മടങ്ങുന്നത്. ബഹിരാകാശത്തേക്ക് വീണ്ടുമെത്താനാവുമെന്ന പ്രതീക്ഷ മടക്കയാത്രക്ക് തൊട്ടുമുമ്പ് അദ്ദേഹം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചു. മാർച്ച് മൂന്നിനാണ് ഈ സംഘം നാസയുടെയും സ്പേസ് എക്സിന്‍റെയും ക്രൂ-6 ദൗത്യത്തിന്‍റെ ഭാഗമായി ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നത്. 200ലേറെ ശാസ്ത്രീയ പരീക്ഷണങ്ങൾ അടക്കമുള്ളവ പൂർത്തിയാക്കിയാണ് സംഘത്തിന്‍റെ മടക്കം. ഇവയിൽ 19 പരീക്ഷണങ്ങൾ യു.എ.ഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ സ്വയം പൂർത്തിയാക്കിയതാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിച്ച ആദ്യ അറബ് വംശജന്‍, ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ് പൗരൻ എന്നീ റെക്കോഡുകൾ ഇതിനകം അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ബഹിരാകാശ നിലയത്തില്‍നിന്ന് ഇന്ത്യയുടേതടക്കം നിരവധി അപൂർവ ചിത്രങ്ങൾ അല്‍ നിയാദി പങ്കുവെച്ചിരുന്നു. യു.എ.ഇയിലെ വിവിധ മേഖലയിലെ വിദഗ്ധരുമായും വിദ്യാര്‍ഥികളുമായും പലതവണയായി ‘എ കാൾ ഫ്രം സ്പേസ്’ എന്ന പരിപാടിയിലൂടെ ആശയ വിനിമയം നടത്തുകയും ചെയ്തു. ഭൂമിയിൽ തിരിച്ചെത്തിയാൽ സഞ്ചാരികൾ ആദ്യ മൂന്നാഴ്ച ആരോഗ്യ പരിശോധനകളും വിശ്രമത്തിലുമായിരിക്കും. ഇതിനു ശേഷമായിരിക്കും യു.എ.ഇയിലേക്ക് തിരിച്ചെത്തുന്നത്. അൽ നിയാദിക്ക് ഊഷ്മളമായ സ്വീകരണം നൽകാൻ യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിന്‍റെ നേതൃത്വത്തിൽ ചടങ്ങുകൾ ആസൂത്രണം ചെയ്യുന്നുണ്ട്.