ബിൻ ഈദിന്റെ പായക്കപ്പലും ആത്മബന്ധത്തിന്റെ കാരക്ക മധുരവും
text_fieldsഅഹ്മദ് അബ്ദുല്ല ബിൻ ഈദ് -അഡ്വ. അബ്ദുൽ കരീം അഹ്മദ് ബിൻ ഈദ്
ബിൻ ഈദ് മസ്ജിദ്, കോഴിക്കോട് നഗരത്തിന്റെ സമീപപ്രദേശമായ അരീക്കാട് എന്ന സ്ഥലത്തെ ഒരു പള്ളിയാണ്. അഹ്മദ് അബ്ദുല്ല ബിൻ ഈദ് എന്ന ഇമാറാത്തിയുടെ പേരാണ് പള്ളിക്ക്. പള്ളിയുടെ പേരിന്റെ വംശാവലിക്ക് പിറകെ സഞ്ചരിക്കുമ്പോൾ യു.എ.ഇയും ഇന്ത്യയും തമ്മിലെ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റേയും ചരിത്രം ഇതൾവിരിയും. പ്രവാസത്തിന്റെ കുത്തൊഴുക്ക് കേരളത്തിൽനിന്ന് ഗൾഫിലേക്ക് രൂപപ്പെടുന്നതിനും മുമ്പത്തെ കഥയാണത്.
ഖോർഫക്കാനിലെ പ്രമുഖ വ്യാപാര കുടുംബത്തിലെ കണ്ണിയും മികവുറ്റ ഒരു കപ്പിത്താൻ അഥവാ 'നഖൂദ'യുമായിരുന്നു അദ്ദേഹം. ഏതു നിമിഷവും പ്രക്ഷുബ്ധമാകുന്ന കടലിൽ കാറ്റിന്റെ ദിശയറിഞ്ഞ് പായക്കപ്പലുകൾ ചലിപ്പിക്കാനറിയാവുന്ന വിദഗ്ധൻ. വാർത്തവിതരണ സംവിധാനങ്ങളും സാങ്കേതികവിദ്യയും തീരെ പുരോഗമിച്ചിട്ടില്ലാത്ത കാലത്ത് പേർഷ്യൻ ഗൾഫും കടന്ന് അറബിക്കടലിനക്കരെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വ്യാപാര സംഘങ്ങളെ അദ്ദേഹം നയിച്ചു.
ഇന്നത്തെ ഇമാറാത്തിന്റെ ഭാഗമായ ഷാർജയിൽനിന്നും മറ്റും പുറപ്പെടുന്ന കപ്പലുകളിൽ അറേബ്യൻ വിഭവമായ ഈത്തപ്പഴവും കാരക്കയുമൊക്കെയായിരിക്കും. അവ കേരളത്തിലെ വിപണയിൽ വിൽപന നടത്തും. കോഴിക്കോടും മഞ്ചേരിയിയിലും ബേപ്പൂരിലും അവ വിൽക്കപ്പെടും. അവിടങ്ങളിൽ നിന്ന് അറബ് വ്യാപാരികൾ ശേഖരിക്കുന്ന അരിയും കുരുമുളകും ഇഞ്ചിയും ഏലവുമെല്ലാം കപ്പലിൽ നിറച്ചാണ് തിരിച്ചു മടക്കം. അക്കാലത്ത് ബിൻ ഈദിന് ഏറ്റവും ഇഷ്ടപ്പെട്ട പത്തേമാരികൾ ലഭിച്ചിരുന്നതും മലയാള മണ്ണിൽ നിന്നായിരുന്നു. ബേപ്പൂരിലെ ഉരുക്കളായിരുന്നു കടലിനോട് മല്ലിടാൻ അദ്ദേഹത്തിന് ഇഷ്ടം.
കാലമേറെ പിന്നിട്ടു. വ്യാപാരത്തിന് പത്തേമാരികൾ ആവശ്യമില്ലാത്ത കാലമായി. ചെറു ലോഞ്ചുകൾ കടൽ വ്യാപാരത്തിൽനിന്ന് മെല്ലെ അപ്രത്യക്ഷമാകുകയും യന്ത്രക്കപ്പലുകൾ രംഗം കൈയടക്കുകയും ചെയ്തു. എന്നാൽ ബിൻ ഈദിന്റെ മലയാള ബന്ധത്തിന് അതൊന്നും തടസ്സമായില്ല. അദ്ദേഹവും അദ്ദേഹത്തിന്റെ മക്കളും കേരളവുമായി ബന്ധം തുടർന്നു. ആ ബന്ധത്തിന്റെ അടയാളപ്പെടുത്തലാണ് ബിൻ ഈദ് മസ്ജിദ്.
അഹ്മദ് അബ്ദുല്ല ബിൻ ഈദിന്റെ മകൻ അഡ്വ. അബ്ദുൽ കരീം അഹ്മദ് ബിൻ ഈദാണ് പിതാവിന്റെ കേരള ബന്ധത്തെ കുറിച്ച് 'ഗൾഫ് മാധ്യമ'ത്തോട് പങ്കുവെച്ചത്. പിതാവ് ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും മലയാള മണ്ണിനോട് ഇന്നും ബന്ധം സൂക്ഷിക്കുന്നുണ്ട് ഈ മകൻ. കേരളത്തിലെ മിക്ക പ്രദേശങ്ങളും അറിയാവുന്ന യു.എ.ഇയിലെ മുൻ പൊലീസ് മേജർ കൂടിയായ അബ്ദുൽ കരീം, ചികിത്സക്കും മറ്റുമായി പലപ്പോഴും കേരളത്തിലേക്ക് യാത്ര ചെയ്യാറുണ്ട്. ഷാർജയിൽ 'ബിൻ ഈദ് അഡ്വക്കറ്റ്സ് ആൻഡ് കൺസൽട്ടന്റ്സ്'എന്ന സ്ഥാപനം നടത്തുകയാണിദ്ദേഹം. കേരളത്തോട് വലിയ ബന്ധം ഇദ്ദേഹം സൂക്ഷിക്കുന്നതിനാൽ മലയാളികളായ ധാരാളം ആളുകൾ നിയമസഹായം തേടി സമീപിക്കാറുണ്ട്. ഓഫിസിലും മലയാളി ജോലിക്കാരുണ്ട്.
മലയാളികളും ഇമാറാത്തികളും തമ്മിലെ ബന്ധം വളരെ ആഴത്തിലുള്ളതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി മലയാളികളുടെയും അറബികളുടെയും സാംസ്കാരികമായ സാമ്യതകളാണ് ബന്ധം ദൃഢമാകാൻ കാരണമെന്നും ഈ ആത്മസൗഹൃദം കാലങ്ങളോളം നിലനിൽക്കട്ടെയെന്നും അദ്ദേഹം ആശംസിക്കുന്നു.