ഇങ്ങനെയും മനുഷ്യരുണ്ടിവിടെ; വാഹനം മുട്ടിയതിന് അജ്ഞാതൻ നഷ്ടപരിഹാരം വെച്ച് മടങ്ങി
text_fieldsഅജ്ഞാതൻ ഡ്രൈവര്‍ സീറ്റിന്റെ ഡോര്‍ ഗ്ലാസിനിടയില്‍ വെച്ച പണം
ഷാര്‍ജ: സഹപ്രവര്‍ത്തകരായ ലത്തീഫും ഇല്യാസും ഷാര്‍ജ മുവൈലയിലെ ഒരു ഓഫിസില്‍ ജോലി സംബന്ധമായ യോഗത്തിന് പോയതായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങി വന്നപ്പോഴാണ് ഒരാളുടെ കാറിന്റെ പിറകുവശത്ത് മറ്റൊരു വാഹനം മുട്ടിയത് ശ്രദ്ധയിൽപ്പെടുന്നത്. മുട്ടിയ വാഹനം അവിടെയൊന്നും കാണുന്നുണ്ടായിരുന്നില്ല. കണ്ണൂര്‍ സ്വദേശിയായ ഇയാൾ എന്ത് ചെയ്യണമെന്നറിയാതെ ആകെ അങ്കലാപ്പിലായി. കാറിന്റെ പിറകില്‍നിന്ന് അൽപം പെയിന്റ് പോയിട്ടുണ്ട് എന്നതൊഴിച്ചാല്‍ മറ്റു പരിക്കുകളൊന്നുമില്ലായിരുന്നു. അല്പം പെയിന്റ് അല്ലേ പോയിട്ടുള്ളൂ സാരമില്ല എന്ന് കരുതി കാറില്‍ കയറാന്‍ തുടങ്ങവെയാണ് കൗതുകകരമായ ആ കാഴ്ച കാണുന്നത്. ഡ്രൈവര്‍ സീറ്റിന്റെ ഡോര്‍ ഗ്ലാസിനിടയില്‍ അതാ കുറേ നോട്ടുകള്‍ തിരുകിവെച്ചിരിക്കുന്നു. നൂറു ദിര്‍ഹമിന്റെ നോട്ടുകള്‍ കണ്ടപ്പോഴാണ് ഇദ്ദേഹം അത് എടുത്ത് നോക്കുന്നത്. നൂറിന്റെ അഞ്ച് നോട്ടുകള്‍ ഉണ്ടായിരുന്നു അത്. വാഹനം ചെറുതായൊന്ന് മുട്ടിയപ്പോള്‍ വാഹനയുടമയെ കാണാതിരുന്നതിനാല്‍ ഇടിച്ച വാഹനത്തിന്റെ ഉടമ നഷ്ടപരിഹാരം എന്ന നിലക്ക് വെച്ച് പോയതാണ്.
ഇത്തരം സംഭവങ്ങളില്‍ മിണ്ടാതെ പോകുന്ന ആളുകളുള്ള കാലത്ത് ഇങ്ങനെയൊരു പ്രവൃത്തി ആരെയും ആശ്ചര്യപ്പെടുത്തുന്ന സംഗതിയാണ്. പരിക്കിന്റെ ആഘാതം വെച്ച് നോക്കുമ്പോള്‍ ഇത്രയും തുകയുടെ ആവശ്യമില്ല. അതേസമയം വാഹനത്തിന്മേല് ഇത്രയും പണം ഇരിക്കുന്നത് കുബുദ്ധികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു. ഇതിന്റെ പിന്നില്‍ വയ്യാവേലിയായി ഇനി വല്ല പ്രശ്നങ്ങളും ഉണ്ടാകുമോ എന്ന ആശങ്കയും ഈ മലയാളികളെ അലട്ടുന്നുണ്ട്.


