തിലാപ്പിയ തടാകത്തിലെ മീനാട്ടങ്ങൾ
text_fieldsപ്രപഞ്ചത്തിന്റെ പ്രധാന പ്രകൃതി സമ്പത്തുകളിലൊന്നാണ് തടാകങ്ങൾ. അവ പലരീതിയിലാണ് ഭൂമിയെ സംരക്ഷിക്കുന്നത്. ജലജീവികളുടേതടക്കം സൂക്ഷ്മ ജീവികളുടെ വംശനാശത്തെ തടുക്കുന്നത് ഇത്തരം ജലാശയങ്ങളാണ്.
മരുഭൂമിയിലെ കൊടുംചൂടിൽ പോലും വറ്റിവരളാതെ പ്രകൃതിക്ക് കാവലായി നിൽക്കുന്ന ചെറുതും വലുതുമായ നിരവധി തടാകങ്ങൾ യു.എ.ഇയിലുണ്ട്. ഇതിൽ കൗതുകമുള്ള ഒരു തടാകമാണ് അൽഐൻ-അബൂദബി ട്രക്ക് റോഡിലെ തിലാപ്പിയ തടാകം. തിലാപ്പിയ മീനുകളുടെ സാന്നിധ്യമാണ് തടാകത്തിന് ഈ പേര് നേടിക്കൊടുത്തത്. ഉദ്യാന നഗരമായ അല്‍ ഐനിൽനിന്നും മുപ്പതു കിലോമീറ്റര്‍ അകലെയാണ് പ്രകൃതിയുടെ വരദാനമായ ഈ തടാകം. പ്രകൃതിയുടെ മറ്റൊരു വിസ്മയമായ ജബല്‍ ഹഫീത് മലനിരയില്‍നിന്നും പതിനഞ്ചു കിലോമീറ്റര്‍ ആണ് തടാകത്തിലേക്കുള്ള ദൂരം. മണൽ കുന്നുകളുടെ നിഴലാട്ടം പുലർകാല വെട്ടത്തിൽ കാണാൻ മനോഹരമാണ്.
തടാകത്തിന്റെ പുലര്‍കാല ദൃശ്യവും, അസ്തമന ദൃശ്യവും ആസ്വദിക്കുവാനും, കാമറയില്‍ പകര്‍ത്തുവാനും നിരവധി പേർ ഇവിടെ എത്തുന്നു. സഞ്ചാരികളുടെ വര്‍ധന കണക്കിലെടുത്തു യാത്രാ സൗകര്യങ്ങളും, ഇരിപ്പിടങ്ങളുമെല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
വളർത്തുമത്സ്യമാണ് തിലാപ്പിയ. ഇതെങ്ങനെ ഈ തടാകത്തിൽ വന്നുവെന്നതിനെ കുറിച്ച് പ്രദേശത്തുകാർക്ക് പോലും അറിയില്ല. തടാകം രൂപപ്പെട്ടതുപ്പോലെ ഏതോ യാദൃശ്ചികതയിലായിരിക്കാം തിലാപ്പിയയും എത്തിയത് എന്നാണ് കരുതുന്നത്.
കേരളത്തിൽ ചിലയിടങ്ങളിൽ പിലോപ്പി, സിലോപ്യ എന്ന പേരിലും അറിയപ്പെടുന്ന മത്സ്യമാണിത്. ഇതിന്റെ ശാസ്ത്രീയനാമം തിലാപ്പിയ മൊസാമ്പിക്ക എന്നാണ്. കിഴക്കൻ ആഫ്രിക്കയാണ് ഇവയുടെ ജന്മദേശമെന്നു കരുതപ്പെടുന്നു. ലവണ ജലാശയങ്ങളിലും ശുദ്ധജല തടാകങ്ങളിലും നെൽവയലുകളിലും തിലാപ്പിയകളെ വളർത്തുന്നുണ്ട്. തടാകവും അതിൽ മത്സ്യങ്ങളുടെ നീരാട്ടും സജീവമായതോടെ നിരവധി ദേശാടന പക്ഷികളാണ് ഇവിടെ വിരുന്നെത്തുന്നത്. മഞ്ഞുകാലത്ത് തടാക കരയിലെ മരങ്ങൾ സൈബീരിയൻ കൊക്കുകളെ കൊണ്ട് നിറയുന്നത് പതിവാണ്. ചില്ലകൾ പാടുന്ന കാലമാണിത്.
മണല്‍ കുന്നുകൾക്കിടയിലൂടെ തടാകത്തിലേക്ക് വരുന്ന കാറ്റിനെ തൊടാൻ കൊതിക്കാത്തവർ കുറയും. മരുഭൂമിക്ക് നടുവില്‍ വിസ്മയമാകുന്ന ഈ തടാകം യു.എ.ഇ യുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ രേഖപ്പെട്ടിട്ടുണ്ട്.
വൈവിധ്യമാർന്ന ജൈവസമ്പത്തിന്റെ കലവറയാണ് തടാകങ്ങൾ. വിവിധയിനം ജല സസ്യങ്ങളുടേയും മത്സ്യങ്ങളുടേയും ആവാസകേന്ദ്രമായ തടാക പരിസ്ഥിതിയിൽ താറാവ്, വാത്ത, അരയന്നം, ഫ്ളമിങ്ഗോ, കൊറ്റി തുടങ്ങിയ പക്ഷികളുടെ ബാഹുല്യം കാണാം. തടാകപ്രദേശത്തെ കാലാവസ്ഥയെ നിർണയിക്കുന്നതിലും തടാകങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. കരയെ അപേക്ഷിച്ച് തടാകജലം സാവധാനം ചൂടാവുകയും തണുക്കുകയും ചെയ്യുന്നതിനാൽ തടാകങ്ങളുടെ സമീപ പ്രദേശങ്ങളിൽ വേനലിൽ ഉഷ്ണം കുറഞ്ഞും ശൈത്യകാലത്ത് തണപ്പു കുറഞ്ഞും അനുഭവപ്പെടുന്നു.