കാറിന്‍റെ ടയറിന് പ്രശ്നമുണ്ട്, യുവതിയെ കബളിപ്പിച്ച് 1.95 ലക്ഷം ദിർഹം തട്ടി; ബാങ്ക് ഇടപാടുകാരെ കൊളളയടിക്കുന്ന രണ്ടംഗ സംഘം പിടിയിൽ
text_fieldsഫുജൈറ: ബാങ്കിൽ നിന്ന് പണം പിൻവലിച്ച് മടങ്ങുന്നവരെ കൊള്ളയടിക്കുന്ന രണ്ടംഗ സംഘത്തെ ഫുജൈറ പൊലീസ് പിടികൂടി. ബാങ്കിൽ നിന്ന് പിൻവലിച്ച പണവുമായി കാറിൽ പോകുകയായിരുന്ന യുവതിയെ കബളിപ്പിച്ച് 1.95 ലക്ഷം ദിർഹം തട്ടിയെടുത്ത് രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10.50നാണ് സംഭവം. പണവുമായി പോകുന്നതിനിടെ കാറിന് സമീപത്ത് എത്തിയ പ്രതികളിൽ ഒരാൾ യുവതിയോട് പിൻഭാഗത്തെ ടയറിന് പ്രശ്നമുണ്ടെന്ന് അറിയിക്കുന്നു. യുവതി കാറിൽ നിന്ന് ഇറങ്ങി പിൻഭാഗത്തെ ടയർ പരിശോധിക്കുന്നതിനിടെ രണ്ടാമത്തെയാൾ മറുവശത്തെ ഡോൾ തുറന്ന് കാറിൽ നിന്ന് പണമടങ്ങിയ ബാഗുമെടുത്ത് രക്ഷപ്പെടുന്നു. കബളിപ്പിക്കപ്പെട്ടന്ന് തിരിച്ചറിഞ്ഞ യുവതി സംഭവം ഉടൻ ഫുജൈറ പൊലീസ് റിപോർട്ട് ചെയ്തു.
സംഭവത്തിന്‍റെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ഫുജൈറ പൊലീസ് പ്രത്യേകം ടീം രൂപവത്കരിച്ച് ധ്രുതഗതിയിൽ അന്വേഷണം തുടങ്ങുകയും മൂന്നു മണിക്കൂറിനുള്ളിൽ പ്രതികളെ തിരിച്ചറിയുകയും ചെയ്തു. ഇതിനിടെ ഷാർജ എമിറേറ്റിൽ സമാനമായ രീതിയിൽ മറ്റൊരു കൊള്ള ആസൂത്രണം ചെയ്യുകയായിരുന്നു പ്രതികൾ. ഇത് തിരിച്ചറിഞ്ഞ ഫുജൈറ പൊലീസ് ഷാർജ പൊലീസുമായി സഹകരിച്ച് രണ്ട് പേരേയും ഉടൻ പിടികൂടുകയായിരുന്നു.
യുവതിയിൽ നിന്ന് മോഷ്ടിച്ച പണവും പൊലീസ് കണ്ടെത്തി. നിയമനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റികൾക്ക് റഫർ ചെയ്തിരിക്കുകയാണ്. പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, ബാങ്കിൽ നിന്ന് പണവുമായി പോകുന്നവർ ഇത്തരം തട്ടിപ്പിൽ വീഴുന്നതിൽ ജാഗ്രത പുലർത്തണമെന്ന് ഫുജൈറ പൊലീസ് അഭ്യർഥിച്ചു.
അപരിചിതരുമായി ഇടപെടുന്നത് ഒഴിവാക്കണം. സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി പൊലീസിൽ വിവരം അറിയിക്കുകയും വേണമെന്നും പൊലീസ് നിർദേശിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം വഴി 925 മയക്കുഗുളികകൾ കടത്താൻ ശ്രമിച്ച രണ്ട് ഏഷ്യൻ വംശജരേയും ഫുജൈറ പൊലീസ് പിടികൂടിയത്.


