വീട്ടുചെലവിനുള്ളതല്ല, കടമാണത്; ഭാര്യയുടെ പണം ഭര്‍ത്താവ് തിരികെ നൽകണമെന്ന് അബൂദബി കോടതി
text_fieldsഅബൂദബി: ഭാര്യയോട് കടംവാങ്ങിയ 1,15,000 ദിര്‍ഹം തിരികെ നല്‍കാന്‍ ഭര്‍ത്താവിനോട് ഉത്തരവിട്ട് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി. ഭര്‍ത്താവിന് നല്‍കിയ പണം നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ കോടതിയിലെത്തുകയായിരുന്നു.
അതേസമയം, പണം വാങ്ങിയെന്നു സമ്മതിച്ച ഭര്‍ത്താവ് ഭാര്യയുടെ കടം വീട്ടുന്നതിനായും കുടുംബത്തിന്‍റെ മറ്റു ചെലവുകള്‍ക്കുമായാണ് ചെലവിട്ടതെന്ന് വാദിച്ചെങ്കിലും ഇതിനാവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹത്തിനായില്ല. ഇതോടെയാണ് കോടതി ഭാര്യക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഭാര്യയുടെ പരാതിയില്‍ കീഴ്‌ക്കോടതി പണം തിരികെ നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഭര്‍ത്താവ് ഹരജി നൽകി. എന്നാൽ, കീഴ്‌ക്കോടതി വിധി കോടതി ശരിവയ്ക്കുകയാണുണ്ടായത്. ഭാര്യയുടെ കോടതിച്ചെലവും വഹിക്കാന്‍ കോടതി ഭര്‍ത്താവിന് നിര്‍ദേശം നല്‍കി.