യു.എൻ ചാർട്ടർ ശക്തിപ്പെടുത്തണം- ശൈഖ് മുഹമ്മദ്
text_fieldsദുബൈ: ലോകത്ത് സമാധാനവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് യു.എൻ ചാർട്ടർ ശക്തിപ്പെടുത്തണമെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ 80ാം വാർഷിക ദിനത്തിൽ ആശംസ നേർന്ന് കൊണ്ട് അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സമാധാനത്തിനായി രൂപവത്കരിച്ച യു.എൻ 80ാം വാർഷികമെന്ന നാഴികല്ല് പിന്നിടുമ്പോൾ ലോകത്തെ സംബന്ധിച്ച് അത് ചരിത്ര നിമിഷമാണ്. പക്ഷെ, സങ്കീർണമായ ആഗോള വെല്ലുവളികളുടെ സമയത്താണ് ഇത് കടന്നുവരുന്നത്. ഈ സാഹചര്യത്തിൽ ആഗോള തലത്തിൽ സമാധാനവും സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്താൻ യു.എൻ ചാർട്ടർ പുനരുജ്ജീവിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണം.
യു.എന്നിന്‍റെ അടിസ്ഥാന തത്വങ്ങളോടും ആഗോള സഹകരണത്തോടും യു.എ.ഇയുടെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു. യു.എ.ഇയുടെ നയതന്ത്ര സമീപനങ്ങളെ ഉയർത്തിക്കാട്ടിയ അദ്ദേഹം, ആഗോള സുസ്ഥിര വികസന നയങ്ങളെ രാജ്യം പിന്തുണക്കുമ്പോഴും ചർച്ചകളുടെയും സഹകരണത്തിന്‍റെയും സമാധാനപരമായ സഹവർത്തിത്വത്തിന്‍റെയും അടിസ്ഥാനത്തിലുള്ള വിദേശ നയം പിന്തുരാൻ ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി. മാനുഷിക സഹായം, ഭീകരതയെ ചെറുക്കൽ, വിദ്വേഷ പ്രസംഗം, തീവ്രവാദം എന്നിവക്കെതിരെ പോരാടൽ എന്നിവയിൽ രാജ്യത്തിന്‍റെ പ്രതിബദ്ധത തുടരുമെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. 1971ൽ ആണ് യു.എ.ഇ യു.എന്നിൽ അംഗമാകുന്നത്. അന്ന് മുതൽ സജീവമായ പങ്കാളിത്തമാണ് നിർവഹിക്കുന്നത്. 1986-1987 വർഷങ്ങളിലും 2022-2023 വർഷങ്ങളിലും യു.എൻ സുരക്ഷ കൗൺസിലിൽ യു.എ.ഇ അംഗമായിരുന്നു.