Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാഷ്ട്ര നിർമാണ...

രാഷ്ട്ര നിർമാണ സ്മരണയുറങ്ങുന്ന യൂനിയൻ ഹൗസ് വാസ്തുവിദ്യാ പൈതൃക പട്ടികയിൽ

text_fields
bookmark_border
രാഷ്ട്ര നിർമാണ സ്മരണയുറങ്ങുന്ന യൂനിയൻ ഹൗസ് വാസ്തുവിദ്യാ പൈതൃക പട്ടികയിൽ
cancel
camera_alt

യൂനിയൻ ഹൗസ്

ദുബൈ: യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യു.എ.ഇ) ചരിത്രപരമായ പിറവിക്ക് സാക്ഷ്യം വഹിച്ച ദുബൈയിലെ യൂനിയൻ ഹൗസ് രാജ്യത്തെ ആധുനിക വാസ്തുവിദ്യാ പൈതൃകങ്ങളുടെ ദേശീയ പട്ടികയിൽ (നാഷനൽ രജിസ്റ്റർ ഓഫ് മോഡേൺ ആർക്കിടെക്ചറൽ ഹെറിറ്റേജ്) ഇടം നേടി. ഈ പട്ടികയിൽ സ്ഥാനം പിടിക്കുന്ന രാജ്യത്തെ ആദ്യ ചരിത്ര സ്മാരകമെന്ന പദവിയും ഇതോടെ യൂനിയൻ ഹൗസിന് സ്വന്തമായി.

വരുംതലമുറകൾക്കായി രാജ്യത്തിന്റെ ഓർമകളെയും പൈതൃകത്തെയും സംരക്ഷിക്കാനുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ സുപ്രധാന നടപടിയാണിതെന്ന് ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി ശൈഖ് സാലിം ബിൻ ഖാലിദ് അൽ ഖാസിമിയും ശൈഖ് ലത്തീഫയും ചേർന്ന് പ്രത്യേക ഫലകം അനാച്ഛാദനം ചെയ്തു.

സത്വക്കടുത്ത് ജുമൈറ റോഡിലെ കടലോരത്താണ് രാഷ്ട്രനിർമാണത്തിന്റെ ചരിത്ര സ്മരണകൾ ഉറങ്ങുന്ന ഈ മന്ദിരം. ബ്രിട്ടൻ ഗൾഫ് മേഖലയിൽനിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന്, 1971 ഡിസംബർ രണ്ടിന് അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നീ ആറ് സ്വതന്ത്ര എമിറേറ്റുകൾ ചേർന്ന് യു.എ.ഇ എന്ന രാജ്യമായി രൂപം കൊണ്ടത് ഇവിടെവെച്ചായിരുന്നു (പിന്നീട് റാസൽഖൈമയും ഇതിന്റെ ഭാഗമായി). രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്​യാൻ യു.എ.ഇയുടെ പ്രഥമ പ്രസിഡന്റായി ചുമതലയേറ്റതും, അബ്ദുല്ല മുഹമ്മദ് അൽ മൈന രൂപകൽപന ചെയ്ത ദേശീയ പതാക ആദ്യമായി ഉയർത്തിയതും, ചരിത്രപരമായ ഭരണഘടനയിൽ ഒപ്പുവെച്ചതും ഈ മന്ദിരത്തിൽ വെച്ചാണ്. 123 മീറ്റർ ഉയരത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ പതാക പാറിപ്പറക്കുന്നതും ഇവിടെത്തന്നെയാണ്.

1965-ൽ 'ഖസറുൽ ദിയാഫ' എന്ന പേരിൽ ഒരു അതിഥി മന്ദിരമായാണ് വൃത്താകൃതിയിലുള്ള ഈ കെട്ടിടം നിർമിക്കപ്പെട്ടത്. ഇന്ദിരാഗാന്ധി, നവാസ് ശരീഫ്, ചാൾസ് രാജകുമാരൻ, മാർഗരറ്റ് താച്ചർ, യാസർ അറഫാത്ത് തുടങ്ങിയ പ്രമുഖ ലോകനേതാക്കൾ ഇവിടെ സുപ്രധാന കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. 1995 വരെ യു.എ.ഇ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫീസായും ഇവിടം പ്രവർത്തിച്ചു. പിന്നീട് ഈ സ്ഥലത്തിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത്, യൂനിയൻ ഹൗസിനോട് ചേർന്ന് പുതുതായി നിർമിച്ച 'ഇത്തിഹാദ് മ്യൂസിയം' കെട്ടിടം 2016-ൽ 45-ാം ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

നിലവിൽ 'ഇത്തിഹാദ് മ്യൂസിയത്തിന്റെ' ഭാഗമായാണ് യൂനിയൻ ഹൗസ് പ്രവർത്തിക്കുന്നത്. കൈയെഴുത്തുപ്രതിയുടെ ആകൃതിയിലുള്ള പവലിയനാണ് മ്യൂസിയത്തിന്റെ പ്രധാന ആകർഷണം. രാഷ്ട്രനിർമാണത്തിന് മുമ്പുള്ള ഗൾഫ് ജീവിതരീതികൾ, രാഷ്ട്രപിതാക്കന്മാരുടെ പ്രയത്നങ്ങൾ, ഭരണഘടനാ രൂപീകരണം എന്നിങ്ങനെ എട്ട് ഘട്ടങ്ങളിലായാണ് ഇവിടെ വിവരങ്ങളും ഏഴ് എമിറേറ്റുകളുടെ ചരിത്രവും സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ യൂനിയൻ ഹൗസിനെക്കൂടാതെ റാശിദ് ടവർ, ദെയ്‌റ ക്ലോക്ക് ടവർ, അബൂദബിയിലെ നാഷനൽ കൺസൾട്ടേറ്റീവ് കൗൺസിൽ കെട്ടിടം തുടങ്ങി പത്തോളം പ്രധാന കെട്ടിടങ്ങളെയും ഈ ആധുനിക വാസ്തുവിദ്യാ പൈതൃകങ്ങളുടെ ദേശീയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Show Full Article
TAGS:gulfnewsmalayalam gulfnews UAE 
News Summary - Union House, a monument to nation-building, added to the architectural heritage list
Next Story