യു.എ.ഇ പ്രവാസികളുടെ ക്ഷേമത്തിന് നോർക്കയുടെ ഇടപെടൽ ശക്തമാക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ
text_fieldsതിരുവനന്തപുരം: യു.എ.ഇയിലെ മലയാളി പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനും നോർക്കയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ അസോസിയേഷൻ പ്രസിഡന്‍റ് സലീം ഇട്ടമ്മൽ യൂസഫ്, ജനറൽ സെക്രട്ടറി അജിത്ത് ഇബ്രാഹിം, ഓർഗനൈസിങ് സെക്രട്ടറി മുജീബ് റഹ്‌മാൻ മപ്പാട്ടുകര എന്നിവർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. നിവേദനത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.
പ്രവാസികൾക്കിടയിൽ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന നോർക്ക ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം ഫീസ് വർധനവ് സംബന്ധിച്ച വിഷയവും കൂടിക്കാഴ്ചയിൽ പ്രത്യേകം ഉന്നയിച്ചു. ഇൻഷുറൻസ് പ്രീമിയം വർധനവ് പുനഃപരിശോധിക്കുക, ഇൻഷുറൻസ് പരിരക്ഷയും ആനുകൂല്യങ്ങളും കൂടുതൽ സുതാര്യമാക്കുക, ക്ലെയിം നടപടികൾ ലളിതമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇൻഷുറൻസ് ഫീസ് വർധനവ് സംബന്ധിച്ച വിഷയം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഭാരവാഹികൾ വ്യക്തമാക്കി.
2018 മുതൽ യു.എ.ഇയിൽ പ്രവർത്തിച്ചുവരുന്ന യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ പ്രവാസികളുടെ സാമൂഹികവും നിയമപരവുമായ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും തൊഴിൽ, വിസ, ശമ്പള കുടിശ്ശിക, സാമ്പത്തിക പ്രതിസന്ധി, മറ്റ് നിയമപ്രശ്നങ്ങൾ എന്നിവയിൽ ആവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുകയും ചെയ്യുന്ന സംഘടനയാണിത്. പ്രവാസികളുടെ ക്ഷേമം, സുരക്ഷ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, അടിയന്തര സഹായം എന്നിവയ്ക്കും അസോസിയേഷൻ മുൻഗണന നൽകിവരുന്നു.
യു.എ.ഇയിലെ മലയാളി പ്രവാസികളുമായി നിരന്തരം ഇടപഴകുന്ന സംഘടന എന്ന നിലയിൽ പ്രവാസികൾ നേരിടുന്ന യഥാർഥ പ്രശ്നങ്ങളും അവക്കുള്ള പ്രായോഗിക പരിഹാര നിർദേശങ്ങളുമാണ് നിവേദനത്തിലൂടെ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്.
യു.എ.ഇയിൽ നോർക്കയുടെ ഔദ്യോഗിക സഹായകേന്ദ്രം ആരംഭിക്കണം
യു.എ.ഇയിൽ കഴിയുന്ന മലയാളി പ്രവാസികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനും സഹായം തേടാനും കഴിയുന്ന നോർക്കയുടെ ഔദ്യോഗിക ഹെൽപ്‌ഡെസ്ക് സംവിധാനം ആരംഭിക്കണമെന്നാണ് പ്രധാന ആവശ്യം. ഇന്ത്യൻ എംബസി, ഇന്ത്യൻ കോൺസുലേറ്റ്, ബന്ധപ്പെട്ട യു.എ.ഇ അധികൃതർ എന്നിവരുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണ് അസോസിയേഷൻ നിർദേശിക്കുന്നത്. തൊഴിൽ നഷ്ടം, ശമ്പള കുടിശ്ശിക, വിസ പ്രശ്നങ്ങൾ, നിയമനടപടികൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സാഹചര്യങ്ങളിൽ അകപ്പെടുന്ന പ്രവാസികൾക്ക് സമയബന്ധിതമായ സഹായവും കൃത്യമായ നിയമമാർഗനിർദേശവും ലഭ്യമാക്കണം.
പ്രവാസികളുടെ അടിയന്തര പ്രശ്നങ്ങളിൽ ഇടപെടൽ വേണം
വിദേശത്ത് ജോലി നഷ്ടപ്പെടുകയോ ശമ്പളം ലഭിക്കാതിരിക്കുകയോ വിസ സംബന്ധമായ പ്രശ്നങ്ങളിൽ അകപ്പെടുകയോ ചെയ്യുന്ന നിരവധി പ്രവാസികളുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പലർക്കും കൃത്യമായ മാർഗനിർദേശമോ നിയമസഹായമോ ലഭിക്കാതെ പ്രയാസപ്പെടേണ്ടിവരുന്നു. പ്രവാസികളുടെ പരാതികൾ പരിശോധിച്ച് ആവശ്യമായ നിയമമാർഗനിർദേശവും ബന്ധപ്പെട്ട അധികാരികളുമായുള്ള ഏകോപനവും ഉറപ്പാക്കുന്ന സംവിധാനം നോർക്കയുടെ നേതൃത്വത്തിൽ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
വിദേശത്ത് മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കണം
വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പലപ്പോഴും കുടുംബങ്ങൾക്ക് വലിയ സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക സഹായം, ആവശ്യമായ രേഖകൾ തയാറാക്കുന്നതിനുള്ള ഭരണപരമായ പിന്തുണ, കുടുംബങ്ങൾക്ക് അടിയന്തര സഹായം എന്നിവ ഉറപ്പാക്കുന്നതിനായി നോർക്കയുടെ ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തണം. പ്രവാസികളുടെ മരണാനന്തര നടപടികൾക്ക് പ്രത്യേക സഹായസംവിധാനം ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
നോർക്ക ഇൻഷുറൻസ് പദ്ധതിയിലെ ആശങ്കകൾ പരിഹരിക്കണം
നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ് സാധാരണക്കാരായ പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യതയാകുന്ന സാഹചര്യം പരിഗണിച്ച് ഫീസ് വർധനവ് പുനഃപരിശോധിക്കണം. ഇൻഷുറൻസ് പരിരക്ഷ, അർഹതാ മാനദണ്ഡങ്ങൾ, ക്ലെയിം നടപടികൾ, ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കണം. ഇൻഷുറൻസ് സംബന്ധിച്ച പരാതികൾക്ക് സമയബന്ധിതമായ പരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
പ്രവാസി ക്ഷേമനിധി ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കണം
പ്രവാസി ക്ഷേമനിധിയിലെ അംഗത്വ നടപടികൾ കൂടുതൽ ലളിതമാക്കുക, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക, അപേക്ഷകളിലെ അനാവശ്യ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രവാസികൾക്ക് തങ്ങളുടെ അംഗത്വവും ആനുകൂല്യങ്ങളും ഓൺലൈനായി എളുപ്പത്തിൽ പരിശോധിക്കാനും അപേക്ഷകളുടെ പുരോഗതി അറിയാനും കഴിയുന്ന സംവിധാനം കാര്യക്ഷമമാക്കണം.
സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസികൾക്ക് നിയമസഹായവും പുനരധിവാസവുംകടബാധ്യത, ബാങ്ക് വായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, ചെക്ക് സംബന്ധമായ കേസുകൾ തുടങ്ങിയ സാമ്പത്തിക-നിയമ പ്രശ്നങ്ങളിൽ അകപ്പെടുന്ന പ്രവാസികൾക്ക് ആവശ്യമായ നിയമ-സാമ്പത്തിക കൗൺസിലിങ് നൽകണം. സാമ്പത്തിക പ്രതിസന്ധി കാരണം നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന പ്രവാസികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനും സ്വയംതൊഴിൽ, സംരംഭകത്വ മേഖലകളിൽ മുന്നോട്ടുപോകുന്നതിനും സർക്കാർ പദ്ധതികളിലൂടെ പിന്തുണ നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
പ്രവാസികളുടെ കുടുംബക്ഷേമത്തിനും പ്രത്യേക പരിഗണന
വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ കുടുംബങ്ങൾ നാട്ടിൽ നേരിടുന്ന വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക പ്രശ്നങ്ങൾക്കും സർക്കാർ പ്രത്യേക പരിഗണന നൽകണം. പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബാംഗങ്ങളുടെ ആരോഗ്യപരിരക്ഷ, അടിയന്തര കുടുംബപ്രശ്നങ്ങൾ എന്നിവയിൽ ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ശക്തിപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
യു.എ.ഇ-കേരള വിമാനയാത്രാ നിരക്ക് കുറക്കാൻ ഇടപെടണം
യു.എ.ഇ-കേരള റൂട്ടിലെ വിമാനയാത്രാ നിരക്കിലെ അമിത വർധനവ് പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യതയാകുന്നുണ്ട്. അവധിക്കാലങ്ങളിലും ഉത്സവസീസണുകളിലും നിരക്കുകൾ വർധിക്കുന്നത് സാധാരണക്കാരായ പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്ര പോലും പ്രയാസകരമാക്കുന്നു. ഈ വിഷയം കേന്ദ്ര സർക്കാരിന്റെയും വിമാനക്കമ്പനികളുടെയും ശ്രദ്ധയിൽപ്പെടുത്തി ഉചിതമായ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു.
പ്രവാസി സംഘടനകളെ നോർക്കയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം
യു.എ.ഇയിലെ പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്ന അംഗീകൃത പ്രവാസി സംഘടനകളുമായി നോർക്ക സ്ഥിരമായ കൂടിയാലോചനകൾ നടത്തണം. പ്രവാസി സംഘടനകളുടെ നിർദേശങ്ങൾ സർക്കാരിന്റെ ക്ഷേമപദ്ധതികളിലും നയരൂപീകരണത്തിലും പരിഗണിക്കുന്നതിനായി നോർക്കയിൽ പ്രത്യേക നോഡൽ ഓഫീസറെ നിയോഗിക്കണമെന്നും അസോസിയേഷൻ നിർദേശിച്ചു.
കാര്യക്ഷമമായ പരാതി പരിഹാര സംവിധാനം നടപ്പാക്കണം
പ്രവാസികൾക്ക് തങ്ങളുടെ പരാതികൾ ഓൺലൈനായി സമർപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താനും പരാതികളുടെ നിലവിലെ സ്ഥിതി അറിയാനും കഴിയുന്ന ഏകീകൃത പരാതി പരിഹാര സംവിധാനം നടപ്പാക്കണം. ഓരോ പരാതിക്കും നിശ്ചിത സമയപരിധിക്കുള്ളിൽ മറുപടിയും പരിഹാരവും ഉറപ്പാക്കുന്ന സംവിധാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
പ്രവാസികളുടെ പ്രശ്നങ്ങൾ കേവലം വ്യക്തിഗത പരാതികളായി കാണാതെ അവരുടെ ജീവിതസുരക്ഷയും കുടുംബങ്ങളുടെ ഭാവിയും സംസ്ഥാനത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനവുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയമായി സർക്കാർ പരിഗണിക്കണമെന്ന നിലപാടാണ് യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ മുന്നോട്ടുവെച്ചത്.
നോർക്കയുടെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിനും യു.എ.ഇയിലെ പ്രവാസികൾക്കിടയിൽ ബോധവൽക്കരണവും സഹായപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ സന്നദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം കണ്ടെത്തുന്നതിനായി സർക്കാരുമായും ബന്ധപ്പെട്ട വകുപ്പുകളുമായും തുടർന്നും സഹകരിച്ച് പ്രവർത്തിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.


