അബൂദബി എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തുന്ന കുടുംബങ്ങള്‍ക്ക് ‘വെല്‍ക്കം ബാക്ക്’ വരവേൽപ്
text_fieldsസായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ കുടുംബത്തെ സ്വീകരിക്കുന്നു
അബൂദബി: വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന സീസണില്‍ എമിറേറ്റില്‍ തിരിച്ചെത്തുന്ന കുടുംബങ്ങള്‍ക്ക് വേറിട്ട സ്വീകരണമൊരുക്കി അബൂദബി സാംസ്‌കാരിക വകുപ്പും (ഡി.സി.ടി അബൂദബി) ഇത്തിഹാദ് എയര്‍വേസും അബൂദബി എയര്‍പോര്‍ട്ടും. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക ‘ബോര്‍ഡിങ് പാസ്’ നല്‍കിയാണ് അധികൃതര്‍ വരവേല്‍ക്കുന്നത്.
എമിറേറ്റിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങള്‍, സന്ദര്‍ശന സമയങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ക്യു.ആര്‍. കോഡാണ് ഈ പ്രത്യേക ബോര്‍ഡിങ് പാസിലുള്ളത്. പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സാദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റിലെ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുത്ത മ്യൂസിയങ്ങളില്‍ പ്രവേശനം സൗജന്യമായിരിക്കും. ഇതിനുപുറമെ എത്തുന്ന കുട്ടികള്‍ക്ക് പ്രത്യേക സ്മരണികകളും സമ്മാനിക്കുന്നുണ്ട്. ‘വെല്‍ക്കം ബാക്ക് ടു അബൂദബി’ എന്ന പേരില്‍ സംയുക്തമായാണ് പ്രചാരണം നടത്തുന്നത്.
അവധിക്കാലം അവസാനിച്ചാലും കുടുംബങ്ങളുടെ സാംസ്‌കാരിക പഠനവും വിനോദവും അവസാനിക്കുന്നില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡി.സി.ടി അബൂദബി ഇന്‍റര്‍പ്രെട്ടേഷന്‍ മേധാവി മോസ അല്‍ മസ്‌റൂയി വ്യക്തമാക്കി. വരാനിരിക്കുന്ന മാസങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. തിരിച്ചെത്തുന്ന കുടുംബങ്ങളെ അബൂദബിയിലെ സാംസ്‌കാരിക ലോകവുമായി വീണ്ടും ബന്ധിപ്പിക്കുകയാണ് ഡി.സി.ടിയുടെ പ്രധാന ലക്ഷ്യമെന്ന് കള്‍ച്ചര്‍ സെക്ടര്‍ മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍സ് മേധാവി ഇഹാബ് ഹദ്ദാദ് പറഞ്ഞു.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ വന്‍ സാംസ്‌കാരിക പരിപാടികളാണ് അബൂദബിയില്‍ നടക്കാനിരിക്കുന്നത്. അബൂദബി ഫെസ്റ്റിവല്‍ 2026, പരമ്പരാഗത കരകൗശല മേള, പബ്ലിക് ആര്‍ട്ട് അബൂദബി ബിനാലെ, നൊമാദ് അബൂദബി, ഫ്രീസ് അബൂദബി, മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവല്‍, കള്‍ച്ചര്‍ സമ്മിറ്റ് അബൂദബി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗുഗ്ഗന്‍ഹൈം അബൂദബിയുടെ ഉദ്ഘാടനം എന്നിവ വരാനിരിക്കുന്ന പ്രധാന ആകര്‍ഷണങ്ങളാണ്.
വിമാന യാത്ര മുതല്‍ വിമാനത്താവളവും കടന്ന് അബൂദബിയിലെ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങള്‍ വരെ നീളുന്ന മികച്ച യാത്രാനുഭവം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇത്തിഹാദ് എയര്‍വേസ് ചീഫ് ഓപറേഷന്‍സ് ആന്‍ഡ് ഗസ്റ്റ് ഓഫിസര്‍ ക്യാപ്റ്റന്‍ മജീദ് അല്‍ മര്‍സൂഖി പറഞ്ഞു. അബൂദബിയെ ലോകവുമായി ബന്ധിപ്പിക്കുക എന്നതിനപ്പുറം എമിറേറ്റിന്‍റെ സാംസ്‌കാരിക മികവ് വ്യക്തമാക്കുന്ന അന്തരീക്ഷമൊരുക്കുകയാണ് തങ്ങളുടെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


