മൂത്രനാളിയിലെ അണുബാധ: അഞ്ചിലൊരാൾ രോഗബാധിതനാവുന്നത് അടുക്കളയിൽ നിന്നെന്ന് പഠനം, കരുതണമെന്ന് നിർദേശം
text_fieldsമൂത്രനാളി അണുബാധയുമായി (യു.ടി.ഐ) ബന്ധപ്പെട്ട് പൊതുവെ വ്യക്തിശുചിത്വവും ശുചിമുറിയടക്കമുള്ള ഇടങ്ങളിലെ ശുചിത്വവുമൊക്കെയാണ് സാധാരണ പ്രതിസ്ഥാനത്ത് വരാറ്. എന്നാൽ, ഈ അനുമാനങ്ങൾ പാടേ മാറ്റി മറിക്കുന്നതാണ് തെക്കൻ കാലിഫോർണിയയിൽ അടുത്തിടെ അവതരിപ്പിച്ച പഠനം. റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ 18 ശതമാനത്തോളം മൂത്രനാളി അണുബാധകൾക്ക് പിന്നിൽ അടുക്കള ശുചിത്വത്തിന് നിർണായക പങ്കുണ്ടെന്ന് പഠനം പറയുന്നു. അസുഖവുമായി ചികിത്സ തേടുന്നവരിൽ അഞ്ചിലൊരാൾ അടുക്കളയിൽ നിന്നാണ് രോഗബാധിതനാവുന്നതെന്നാണ് കണ്ടെത്തൽ.
അടുക്കളയിൽ മലിനമായ മാംസവും ഭക്ഷണ സാധനങ്ങളുടെ ശുചിത്വമില്ലാത്ത കൈകാര്യം ചെയ്യലും ഇ കോളി ബാക്ടീരിയയുടെ അണുബാധക്ക് കാരണമാവുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. മനുഷ്യരിൽ വയറിളക്കമടക്കം അസുഖങ്ങൾക്ക് കാരണമാവുന്ന ഇ കോളി, മോശമായി ഭക്ഷണ കൈകാര്യം ചെയ്യുന്നതിലൂടെ മൂത്രനാളത്തിലും അണുബാധക്ക് കാരണമാവുന്നതായാണ് കണ്ടെത്തൽ.
ഇന്ത്യയിൽ മൂത്രനാളിയിലെ അണുബാധകൾ വ്യാപകമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ്. ഈ സാഹചര്യത്തിൽ വ്യക്തി ശുചിത്വത്തിനൊപ്പം അടുക്കളയിലും ആരോഗ്യപരമായ ശീലങ്ങൾ തുടരുന്നത് ഗുണകരമാവുമെന്ന് വ്യക്തമാക്കുന്നതാണ് പഠനം. പച്ചയായതും മതിയായ രീതിയിൽ പാകം ചെയ്യാത്തതുമായ മാംസം നിശബ്മായി മൂത്രനാളി അണുബാധയെ ക്ഷണിച്ചുവരുത്തിയേക്കുമെന്ന് മുന്നറിയിപ്പുമുണ്ട്.
കൃത്യമായ അളവിൽ വെള്ളം കുടിക്കേണ്ടതിന്റെയും ശുചിമുറിയുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെയും പ്രാധാന്യത്തിനൊപ്പം അടുക്കള ശുചിത്വവും ഗൗരമായി കാണേണ്ടതുണ്ട്. യു.ടി.ഐകൾ കണ്ടെത്തിയാൽ സമയബന്ധിതമായ ചികിത്സ ഉറപ്പുവരുത്തണമെന്നും വിദഗ്ദർ നിർദേശിക്കുന്നു.
യു.ടി.ഐ രോഗികളിൽ നിന്നുള്ള 5,700-ലധികം ഇ.കോളി സാമ്പിളുകൾ പഠനം വിശകലനം ചെയ്തു. ഇവയുടെ ജനിതക വിവരങ്ങൾ പ്രദേശത്ത് 2017നും 2021നും ഇടയിൽ വിപണനം നടത്തിയ ടർക്കി, ചിക്കൻ, ബീഫ്, പോർക്ക് എന്നിവയുടെ മാംസത്തിൽ കണ്ടെത്തിയവയുമായി താരതമ്യം ചെയ്തു. യു.ടി.ഐ ബാധിച്ചവരിൽ അഞ്ചിലൊളിൽ ബാക്ടീരിയയുടെ ജനിതക വിവരങ്ങൾ മാംസത്തിലെ ബാക്ടീരിയയുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി. മാംസത്തിൽ, കോഴിയിറച്ചിയിലാണ് (പ്രത്യേകിച്ച് ടർക്കി, ചിക്കൻ) കൂടുതൽ ബാക്ടീരിയ സാന്നിധ്യം കാണിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
അടുക്കളയിൽ നിന്ന് ഇ കോളി അകത്തെത്തുന്ന വഴി ഇങ്ങനെ
- മൂത്രനാളിയിൽ അണുബാധക്ക് ശേഷിയുള്ള ഇ കോളി ബാക്ടീരിയ അടങ്ങിയ മാംസം കട്ടിംഗ് ബോർഡിലോ അല്ലെങ്കിൽ പഴങ്ങൾക്കോ പച്ചക്കറികൾക്കോ അടുത്തായി കൗണ്ടർടോപ്പിലോ ഇരിക്കുന്നു. മാംസത്തിൽ നിന്നും ദ്രാവകം സമീപത്തെ പഴങ്ങളിലോ പച്ചക്കറികളിലോ ഉപകരണങ്ങളിലോ പറ്റിയാൽ അവിടേക്കും ബാക്ടീരിയ വ്യാപിക്കുന്നു
- ബാക്ടീരിയ അടങ്ങിയ മാസത്തിൽ സ്പർശിച്ച ആൾ തുടർന്ന് സുഗന്ധവ്യഞ്ജന പാത്രങ്ങളിൽ തൊടുന്നു, അല്ലെങ്കിൽ ഫ്രിഡ്ജ് തുറക്കുന്നു.
- ഇതിനിടെ ഉപരിതലങ്ങൾ, സ്പോഞ്ചുകൾ, പാത്രം കഴുകുന്ന തുണികൾ എന്നിവ ബാക്ടീരിയകളുടെ സംഭരണികളായി മാറുന്നു.
- ഇതിലേതെങ്കിലും ഉപയോഗിച്ച ആൾ കൈകൾ വൃത്തിയാക്കാതെ അടിവസ്ത്രങ്ങളിൽ തൊടുകയോ ജനനേന്ദ്രിയത്തിൽ സ്പർശിക്കുകയോ ചെയ്യുന്നു.
- ബാക്ടീരിയകൾ മൂത്രനാളിയിലേക്കും മൂത്രസഞ്ചിയിലേക്കും സഞ്ചരിക്കുന്നു.
ഇന്ത്യയിലെ പ്രസക്തി
ഇന്ത്യയിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ, ഏറ്റവും സാധാരണമായ ബാക്ടീരിയ അണുബാധകളിൽ ഒന്നാണ് യു.ടി.ഐകൾ. മാംസത്തിൽ നിന്ന് പടരുന്ന യു.ടി.ഐകളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഡാറ്റ വിരളമാണെങ്കിലും, അടുക്കള രീതികൾ അവലോകനം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് ആഗോള പഠനത്തിലെ കണ്ടെത്തൽ. അസംസ്കൃത മാംസം കൈകാര്യം ചെയ്യുന്നതും പാത്രങ്ങൾ വൃത്തിയാക്കുന്ന സ്പോഞ്ചുകളടക്കം അടുക്കള ശുചിത്വത്തിലെ ശീലങ്ങളും ബാക്ടീരിയ എളുപ്പത്തിൽ പടരാൻ വഴിയൊരുക്കിയേക്കാമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.
യു.ടി.ഐ സാധ്യത കുറക്കാൻ ശ്രദ്ധിക്കാം
- പച്ചമാംസത്തിനായി ഒരു പ്രത്യേക കട്ടിങ് ബോർഡ് ഉപയോഗിക്കുക; വൃത്തിയാക്കാതെയും അണുവിമുക്തമാക്കാതെയും കട്ടിങ് ബോർഡുകൾ പച്ചക്കറികളിൽ വീണ്ടും ഉപയോഗിക്കരുത്.
- പച്ചമാംസം കഴുകുമ്പോൾ വെള്ളം ഇതര ഭക്ഷണസാധനങ്ങളിൽ തെറിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
- സ്പോഞ്ചുകളും പാത്രം കഴുകുന്ന തുണികളും ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക - ഇവയിൽ ബാക്ടീരിയ സാന്നിധ്യം ഉണ്ടാകാം. മാംസം പാകം ചെയ്യുന്ന സ്ഥലങ്ങൾക്ക് പ്രത്യേക തുണികൾ ഉപയോഗിക്കുക, ഇവ പ്രത്യേകമായി സൂക്ഷിക്കുകയോ അണുവിമുക്തമാക്കുകയോ ചെയ്യുക.
- മാംസം കൈകാര്യം ചെയ്തതിനുശേഷം കൈകൾ വൃത്തിയായി കഴുകുക.
- മാംസമടക്കം ഭക്ഷണസാധനങ്ങൾ നന്നായി വേവിച്ച് ഉപയോഗിക്കുക.
- കൗണ്ടർടോപ്പുകൾ ഫോർക്കുകൾ, കത്തികൾ എന്നിങ്ങനെ ഉപകരണങ്ങൾ കൃത്യമായി വ്യത്തിയാക്കുക.
- ആവർത്തിച്ചുള്ള യു.ടി.ഐകളിൽ കൂടുതൽ ജാഗ്രത പാലിക്കണം, ആരോഗ്യ വിദഗ്ദനുമായി അടുക്കള സാഹചര്യങ്ങൾ പങ്കുവെക്കുന്നത് അസുഖത്തെ തടയാൻ പ്രായോഗികമായ മാർഗനിർദേശം നൽകുന്നതിന് എളുപ്പമാവും


