52കാരന്റെ അപൂർവ ഹൃദ്രോഗം ഭേദമാക്കി ആസ്റ്റർ
text_fieldsസാന്റിയാഗോ ഡയസ് റോഗ് ആസ്റ്റർ ഡോക്ടർക്കൊപ്പം
ദുബൈ: അപൂർവ ഹൃദ്രോഗം ശസ്ത്രക്രിയയിലൂടെ ഭേദമാക്കി ആസ്റ്റർ ആശുപത്രിയിലെ മെഡിക്കൽ സംഘം. ഇന്ത്യൻ പ്രവാസിയായ 52കാരൻ സാന്റിയാഗോ ഡയസ് റോഗിനാണ് ഖിസൈസിലെ ആസ്റ്റർ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയത്. കാർഡിയാക് ടാംപോനേഡ് എന്നറിയപ്പെടുന്ന ഹൃദ്രോഗാവസ്ഥയിലായിരുന്നു രോഗി. ഹൃദയത്തിന് ചുറ്റും ദ്രാവകം അടിയുന്ന അതിഗുരുതരമായ സാഹചര്യമാണിത്. കാർഡിയോത്തോറാസിക് സർജന്മാരായ ഡോ. സന്ദീപ് ശ്രീവാസ്തവ, ഡോ. ഷിപ്ര ശ്രീവാസ്തവ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം നടത്തിയ അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് രോഗിയുടെ ജീവൻ രക്ഷപ്പെടുത്തിയത്. ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റലിലെ ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ. കൃഷ്ണ സരിൻ എം.എസ്. നായരുടെ അതിവേഗത്തിലുള്ള രോഗനിർണയവും ചികിത്സക്ക് പിന്തുണയേകി.
അടിയന്തര ശസ്ത്രക്രിയയിലൂടെ രോഗിയുടെ നെഞ്ച് തുറന്ന് രോഗബാധിതമായ ദ്രാവകം നീക്കം ചെയ്യുകയായിരുന്നു. കൂടാതെ, രോഗബാധിതമായ ഭാഗങ്ങൾ അണുമുക്തമാക്കുകയും ഹൃദയത്തിന് ചുറ്റുമുള്ള സമ്മർദം ഒഴിവാക്കുകയും ചെയ്തു.
രോഗിയുടെ ഹൃദയം വീണ്ടും സാധാരണഗതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന നിലയിലേക്ക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാനും സാധിച്ചതായി ഡോ. സന്ദീപ് ശ്രീവാസ്തവ വ്യക്തമാക്കി.