ആയുർവേദ മേഖല; അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്ക് പദ്ധതി ആവിഷ്കരിക്കും -മന്ത്രി
text_fieldsദേശീയ ആയുർവേദ ദിനം ജില്ലതല ഉദ്ഘാടനം രാമവർമ ആയുർവേദ ആശുപത്രിയിൽ മന്ത്രി ആർ. ബിന്ദു നിർവഹിക്കുന്നു
തൃശൂർ: ആയുർവേദം ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് സ്വീകാര്യത കൂടുന്നെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. 'എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുർവേദം' സന്ദേശത്തോടെയുള്ള ഏഴാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആയുർവേദ മേഖല നേരിടുന്ന അസംസ്കൃത വസ്തുക്കളായ ഔഷധസസ്യങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ തദ്ദേശ സ്വയംഭരണ തലത്തിൽ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ആയുഷ് മിഷന്റെ സഹായത്തോടെ സർക്കാർതലത്തിൽ എല്ലാവിധ സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.
ജില്ല ആയുർവേദ ആശുപത്രിയിൽ പൊതുജനങ്ങൾക്ക് ആയുർവേദ അടിസ്ഥാനതത്ത്വങ്ങൾ ആസ്പദമാക്കി നടത്തുന്ന ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനമേള മന്ത്രി സന്ദർശിച്ചു. ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷനൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ രാമവർമ ജില്ല ആയുർവേദ ആശുപത്രിയിൽ നടന്ന പരിപാടിയിൽ പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.വി. വല്ലഭൻ, ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി.ആർ. സലജകുമാരി, ഹോമിയോ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ലീനാറാണി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി ഡോ. ഹേമമാലിനി, വുമൺ സിവിൽ എക്സൈസ് ഓഫിസർ കെ.കെ. സതി, നാഷനൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. എം.എസ്. നൗഷാദ് എന്നിവർ സംസാരിച്ചു.