മുടി ഇടതൂർന്ന് വളരാൻ കറിവേപ്പില ഉപയോഗിക്കൂ..
text_fieldsനമ്മുടെ ഭക്ഷണപദാർഥങ്ങളിലെ സ്ഥിര സാന്നിധ്യമാണ് കറിവേപ്പില. എന്നാൽ കഴിക്കുമ്പോൾ പലരും ഇതെടുത്ത് കളയുകയോ മാറ്റിവെക്കുകയോ ചെയ്യുന്നു. ധാരാളം ആന്റിഓക്സൈഡുകളാലും പ്രോട്ടീനുകളാലും സമ്പന്നമായ കറിവേപ്പിലയെ നമ്മൾ അക്ഷരാർഥത്തിൽ ‘കറിവേപ്പില’യാക്കി കളയുന്നു. നമ്മുടെ മുടിക്കുള്ള സകല പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയായി കറിവേപ്പിലയെ ഉപയോഗിക്കാമെന്ന് നിങ്ങൾക്കറിയാമോ..
-വിറ്റാമിനുകളായ എ, ബി, സി, ഇ, കാൽസ്യം, അയൺ, ഫോസ്ഫറസ് എന്നീ ധാതുക്കളാലും സമ്പന്നമാണ് കറിവേപ്പില. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യുന്നു.
-ഇലയിലെ ബീറ്റകരോട്ടിൻ മുടികൊഴിച്ചിലിനെ പ്രതിരോധിക്കുന്നു. മുടി തഴച്ച് വളരാനും തിളക്കം വർധിപ്പിക്കാനും സഹായിക്കുന്നു. തലയോട്ടിയിലേക്കുളള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
- ആന്റിഓക്സൈഡുകൾ ഫ്രി റാഡിക്കലുകളെ നിർവീര്യമാക്കുകയും നിങ്ങളുടെ മുടി കൂടുതൽ ആരോഗ്യത്തോടെയും ബലമുള്ളതായും വളരാൻ അനുവദിക്കും. മുടിയുടെ പ്രശ്നങ്ങൾക്കായി നാം കടയിൽ നിന്നും വാങ്ങുന്ന കെമിക്കൽ നിറഞ്ഞ ഉൽപന്നങ്ങൾ ഒഴിവാക്കി വീട്ടിൽ തയാറാക്കുന്ന ഹെയർ ഓയിലുകൾ ഉപയോഗിക്കാവുന്നതാണ്.
മുടിവളർച്ചക്ക് ഇങ്ങനെ ഉപയോഗിക്കാം
1. കറിയിൽ ചേർത്തും പച്ചക്കും ചവച്ചരച്ച് കഴിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തെയും വളർച്ചയെയും അത് പ്രോൽസാഹിപ്പിക്കും. മോരിൽ ചേർത്തും സംഭാരമായും നിങ്ങൾക്ക് കഴിക്കാം. അമിതമായി കഴിക്കുന്നത് അവയിലെ ഓക്സലൈറ്റ് വൃക്കരോഗത്തിന് കാരണമാകുന്നു.
2. വെളിച്ചെണ്ണയിൽ കറിവേപ്പില ചേർത്ത് തയാറാക്കുന്ന കാച്ചിയ എണ്ണ തലയിൽ തേക്കുന്നത് നല്ലതാണ്. സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയെ പോഷകസമൃദ്ധമാക്കാൻ സഹായിക്കും. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സൈഡുകൾ മുടി കൊഴിച്ചിൽ തടഞ്ഞ് മുടി കിളിർത്തുവരളാൻ സഹായിക്കും.
-തയാറാക്കുന്ന വിധം
വെളിച്ചെണ്ണയിലേക്ക് ഒരു പിടി കറിവേപ്പില ചേർത്ത് ചൂടാക്കുക. ഇലകൾ കരിഞ്ഞ് എണ്ണ കറുത്ത നിറമാകുന്നത് വരെ ചൂടാക്കുക. എണ്ണ തണുത്തതിന് ശേഷം ഒരു കുപ്പിയിൽ അടച്ച് സൂക്ഷിക്കാം. ആഴ്ചകളിലോ ഇടവിട്ടുള്ള ദിവസങ്ങളിലോ ഉപയോഗിക്കാം.
3. തൈരും കറിവേപ്പിലയും ചേർത്ത് തയാറാക്കുന്ന ഹെയർമാസ്ക്കും മുടിക്ക് നല്ലതാണ്. മുടിയുടെ ആരോഗ്യത്തിനും മുടിയുടെ മൃദുത്വത്തിനും തിളക്കത്തിനും മാറ്റ്കൂട്ടും.
-തയാറാക്കുന്ന വിധം
ഒരു പിടി കറിവേപ്പില കട്ടിയുള്ള പേസ്റ്റ് രൂപത്തിൽ അരിച്ചെടുക്കുക. 3-4 ടേബിൾ സ്പൂൺ തൈരിലെക്ക് ഒരു ടേബിൾ സ്പൂൺ കറിവേപ്പില പേസ്റ്റ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഹെയർമാസ്ക് റെഡി. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി മസാജ് ചെയ്ത് പുരട്ടി ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിലൊരിക്കൽ മുടിയിൽ ഉപയോഗിക്കുന്നത് നല്ലതാണ്.


