Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightAyurvedachevron_rightകരുത്തേകാൻ കർക്കിടകം

കരുത്തേകാൻ കർക്കിടകം

text_fields
bookmark_border
monsoon ayurvedic treatment
cancel

ലോകത്ത് മിക്കവാറും എല്ലാ രാജ്യങ്ങൾക്കും അവരുടേതായ തനത് ചികിത്സാരീതികൾ ഉണ്ട്. പല പല പേരുകളിൽ പ്രശസ്തമായ അവയെ പൊതുവെ 'ഇൻഡിജിനസ് മെഡിസിൻ' എന്ന പേരിൽ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു. ആധുനിക വൈദ്യശാസ്ത്രതോടൊപ്പം അവയെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ 'വൺ ഹെൽത്ത് ' എന്ന ആശയം നടപ്പിലാക്കുന്നത്.

ഇന്ത്യയുടെ തനതുചികിത്സാ ശാസ്ത്രം എന്ന നിലയിൽ ആയുർവേദം ഇവിടുത്തെ പൊതുജനാരോഗ്യ സംരക്ഷണത്തിൽ കാലങ്ങളായി കൃത്യമായ പങ്കുവഹിച്ച്‌ പോരുന്നു. അതിൽ തന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കി നിർത്തുന്ന ചില പ്രത്യേക ചികിത്സാ രീതികൾ കേരളീയ ആയുർവേദ ചികിത്സയിലുണ്ട്.

നമ്മുടെ കേരളീയ വൈദ്യന്മാർ വേറിട്ട രീതിയിൽ വികസിപ്പിച്ചെടുത്ത ഇലക്കിഴി, പൊടിക്കിഴി, നവരക്കിഴി, നാരങ്ങാക്കിഴി തുടങ്ങിയ വിവിധതരം കിഴികൾ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. അതുപോലെ നവരതേപ്പ്, പിഴിച്ചിൽ, ശിരോധാര തുടങ്ങിയ തനത് കേരളീയ ചികിത്സരീതികളാണ് ഇന്ന് ആയുർവേദത്തെ രോഗചികിത്സ എന്നതിലുപരിയായി 'സുഖചികിത്സ' എന്ന പേരിൽ ലോക പ്രശസ്തിയിൽ എത്തിച്ചിരിക്കുന്നത്.

കേരളീയ ആയുർവേദ ചികിത്സാസംസ്കാരത്തിന്റെ മറ്റൊരു പ്രത്യേകതയാണ് കർക്കിടക മാസത്തിൽ ചെയ്യുന്ന പഞ്ചകർമ്മ ചികിത്സകൾ. വർഷഋതുവിലെ ഒരു മാസത്തിന്റെ പേരാണ് കർക്കിടകം. ആ മാസത്തിൽ ചെയ്യുന്നത് കൊണ്ടാണ് അതിന് കർക്കിടക ചികിത്സ എന്നും ആ സമയത്ത് കുടിക്കുന്ന ഔഷധകഞ്ഞിക്ക് കർക്കിടകക്കഞ്ഞി എന്ന് പറയുന്നത്.

നമ്മുടെ നാട്ടിൽ മൺസൂൺ (കാലവർഷം) സീസൺ തുടങ്ങുന്നത്തോടു കൂടിയാണ് കർക്കിടക ചികിത്സാസമയം ആരംഭിക്കുന്നത്. ഫെബ്രുവരി മാസത്തോട് കൂടി തുടങ്ങുന്ന ചൂട് വർധിച്ച് പലപ്പോഴും അവസാന ആഴ്ചകളിൽ ഗൾഫ് രാജ്യങ്ങളിലേതിന് സമാനമായ നിലയിൽ ആകാറുണ്ടല്ലോ. ഇങ്ങനെ അത്യുഷ്ണം കൊണ്ടു ചുട്ടുപഴുത്ത ഭൂമിയിലേക്ക് പെട്ടന്ന് മഴ പെയ്യുമ്പോൾ അന്തരീക്ഷത്തിൽ നടക്കുന്ന ചില രാസപ്രവർത്തനങ്ങൾ കൊണ്ടും മറ്റും ഭൂമിയിലാകെ അമ്ലസ്വഭാവം കൂടുന്നു.

മാത്രമല്ല 'അടമഴ' നമുക്ക് ചുറ്റും ഈർപ്പം വളരെയധികം കൂട്ടുന്നു. ഈ അനുകൂല കാലാവസ്ഥയിൽ പകർച്ചവ്യാധി രോഗാണുക്കൾ ധാരാളം ഉണ്ടാകുന്നു. മാത്രമല്ല ഇവയെ പരത്തുന്ന കൊതുക്, ഈച്ച പോലുള്ള ജീവികളും ഈ കാലത്ത് കൂടുന്നു. അതുകൊണ്ടാണ് മഴക്കാലം പകർച്ചവ്യാധികളുടെ കാലം കൂടിയായി മാറുന്നത്.

പ്രകൃതിയുടെ പ്രതിഫലനമെന്ന പോലെ തന്നെ നമ്മുടെ ശരീരത്തിലും ഇത്തരത്തിൽ പ്രതികൂലമായ അവസ്ഥകൾ ഉണ്ടാകുന്ന ഒരു സമയമാണ് കർക്കിടകം. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ മൂന്നും വർധിക്കുന്നതിനാൽ ശരീരത്തിൽ പല രോഗങ്ങളും തലപൊക്കുന്ന സമയം കൂടിയാണ് ഇത്‌. പിത്തദോഷം വർധിച്ച് വയറിളക്കം, ഛർദി, വിശപ്പില്ലായ്മ, ദഹനക്കുറവ്, അസിഡിറ്റി തുടങ്ങിയ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ ഉണ്ടാകുന്നു.

അതുപോലെ തണുപ്പും ഈർപ്പവും കൂടുന്നതിനാൽ കർക്കിടകത്തിൽ വാതദോഷം നന്നായി വർധിക്കുന്നു. പൊതുവെ വാതരോഗികൾക്കും പ്രായം കൂടിയവർക്കും തരിപ്പ്, കടച്ചിൽ, വേദന തുടങ്ങിയ ഈ സമയത്ത് കൂടുന്നു.

പലർക്കും പുതുതായി വാതരോഗങ്ങൾ ഉണ്ടാകുന്നത് കർക്കിടക സമയത്താണ്. കൂടാതെ, കഫ സംബന്ധമായ ചുമ, കഫക്കെട്ട് തുടങ്ങിയ കഫരോഗങ്ങളും ഈ സമയത്ത് ധാരാളമായി ഉണ്ടാകാറുണ്ട്. ഇങ്ങനെ നോക്കുമ്പോൾ രോഗപ്രതിരോധത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ട കാലമാണ് കർക്കിടകം.

അതുകൊണ്ടാണ് ഈ മാസത്തിൽ നമ്മുടെ ദഹനശേഷിയും ശരീരബലവും സംരക്ഷിക്കാൻ കർക്കിടക കഞ്ഞി മുതലായവ ശീലിക്കാൻ ആചാര്യന്മാർ പറയുന്നത്. ചുരുങ്ങിയ പക്ഷം ഒരു കൊല്ലത്തിൽ ഏഴു ദിവസമെങ്കിലും എല്ലാവരും ഔഷധങ്ങൾ ചേർത്തുണ്ടാക്കുന്ന കർക്കിടകക്കഞ്ഞി ശീലിക്കേണ്ടതാണ്. ചെറിയ കുട്ടികൾ മുതൽ വയസായവർക്ക് വരെ അനുയോജ്യമായ രീതിയിലാണ് കർക്കിടക കഞ്ഞിക്കൂട്ട് തയാറാക്കിയിരിക്കുന്നത്. ദശമൂലങ്ങൾ കഴുകിച്ചതച്ച് ആദ്യം കഷായം വെക്കുന്നു. അതിൽ നവരയരി ചേർത്ത് കഞ്ഞിയുണ്ടാക്കുന്നു. ദീപന പാചനങ്ങളായ മരുന്നുകളും തേങ്ങാപ്പാലും ഒക്കെ ചേർത്ത് തയാറാക്കിയ കഞ്ഞി നമ്മുടെ ദഹനവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നു. ദഹനപ്രക്രിയകൾ ശരിയാകുന്നത്തോടു കൂടി നമ്മുടെ ശരീരത്തിലുള്ള ഉപാപചയ പ്രവർത്തികൾ (Metabolic Functions) ശരിയായ രീതിയിലാകുന്നു.

വേദന, കടച്ചിൽ, തരിപ്പ് പോലുള്ള വാതരോഗങ്ങൾ ഉണ്ടാകുന്നത് തടയാനും ഉള്ളവ ഭേദപ്പെടുത്താനും ഉഴിച്ചിൽ, പിഴിച്ചിൽ, കിഴി, ധാര തുടങ്ങിയ ക്രിയകൾ കർക്കിടകത്തിൽ ചെയ്യുന്നു. വിവിധ തരത്തിലുള്ള തൈലങ്ങളും ചൂടും മസാജുകളും ഒക്കെയാകുമ്പോൾ വാതദോഷം ശമിക്കുന്നു. മാത്രമല്ല ഇതുമൂലം ശരീരബലം കൂടുന്നതിനാൽ രോഗ പ്രതിരോധശേഷിയും കൂടുന്നു.

ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ശരീരത്തെയും മനസിനെയും ആരോഗ്യത്തോടെ നിലനിർത്താനുള്ള ഒരു വർഷത്തേക്ക് ആവശ്യമായ ഊർജം സംഭരിക്കലും ശുദ്ധീകരണവും ആണ് കർക്കിടക ചികിത്സയിൽ സംഭവിക്കുന്നത്. ആയതിനാൽ നമ്മൾ എല്ലാവരും കർക്കിടകക്കഞ്ഞി, കർക്കിടക ചികിത്സ തുടങ്ങിയവ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി വർഷാവർഷം ശീലിക്കേണ്ടതാണ്. ചുരുങ്ങിയ പക്ഷം കർക്കിടകക്കഞ്ഞി എങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നമുക്ക് കഴിയട്ടെ!.

Show Full Article
TAGS:Monsoon ayurvedic Treatment ayurvedic treatment Karkidaka Chikitsa Karkidakam 2024 
News Summary - karkidakam or ayurvedic treatment in monsoon season
Next Story