മുഖക്കുരു: നേടാം പരിഹാരം ആയുർവേദത്തിലൂടെ
text_fieldsഇന്ന് യുവജനങ്ങളിലും മധ്യവയസ്കരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരു.അത്യധികം വേദന ഉളവാക്കുന്നതു പോലെതന്നെ മുഖസൗന്ദര്യത്തെ ബാധിക്കുന്നതിനും അതുവഴി ആത്മ വിശ്വാസം കുറയുന്നതിനും കാരണമാകുന്നു. മുഖക്കുരു വരുന്നതിനുള്ള കാരണങ്ങളും അതിനുവേണ്ട പരിഹാരങ്ങളും ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ട്.
എന്താണ് മുഖക്കുരു?
ആയുർവേദത്തിൽ ‘മുഖദൂഷിക’ എന്നറിയപ്പെടുന്ന, കവിളുകളിലും മുഖത്തും കഴുത്തിലും പ്രത്യക്ഷപ്പെടുന്ന ചുമപ്പോ കറുപ്പോ ആയ പഴുപ്പ് നിറഞ്ഞ കുരുക്കളെയാണ് മുഖക്കുരു എന്ന് പറയുന്നത്.കൂടുതലും യൗവനാവസ്ഥയിലാണ് ഇത് കണ്ടുവരുന്നതെങ്കിലും ശരീരത്തിലെ ചില ഹോർമോൺ വ്യതിയാനങ്ങൾമൂലം മധ്യവയസ്സിലും ചിലർക്ക് ഇത് കാണപ്പെടാറുണ്ട്.എണ്ണമയമാർന്ന ചർമം ഉള്ളവരിലാണ് മുഖക്കുരു പെട്ടെന്ന് വരുവാൻ സാധ്യത കൂടുതലുള്ളത്. ത്വക്കിനടിയിലുള്ള ‘സെബേഷ്യസ്’ ഗ്രന്ഥികളിൽ അധികമായി ‘സെബം’ ഉൽപാദിപ്പിക്കപ്പെടുമ്പോഴോ, ഗ്രന്ഥികളിൽനിന്ന് പുറത്തേക്ക് പോകുന്ന പാതകൾ അടഞ്ഞ് സെബം തിങ്ങിനിറയുമ്പോഴോ മുഖക്കുരു പ്രത്യക്ഷപ്പെടുന്നു.
പ്രധാന കാരണങ്ങൾ
പകലുറക്കം, അമിതമായ എണ്ണപലഹാരങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണ പദാർഥങ്ങൾ എന്നിവ സ്ഥിരമായി കഴിക്കുന്നത് ദേഹത്തെ കഫദോഷത്തെ കൂട്ടുകയും മുഖക്കുരു വരുവാനും കാരണമാക്കുന്നു. പി.സി.ഒ.എസ്, തൈറോയ്ഡ് എന്നിങ്ങനെ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന രോഗങ്ങൾമൂലവും മുഖക്കുരു കാണപ്പെടാറുണ്ട്. രോമകൂപങ്ങൾക്കിടയിലെ അഴുക്ക്, ബാക്റ്റീരിയ മൂലമുണ്ടാകുന്ന അണുബാധ, വൃത്തിഹീനമായ ചർമം, സെബേഷ്യസ് ഗ്രന്ഥികളിലെ തകരാറുകൾ എന്നിവയാണ് മറ്റു കാരണങ്ങൾ.
ചില പ്രതിരോധങ്ങളും പരിഹാരങ്ങളും
ആയുർവേദത്തിൽ പ്രക്ഷാളനം, ലേപനം, ഉത്കർഷണം എന്ന ലഘുചികിത്സാ വിധികൾ കൂടാതെ പഞ്ചകർമ ചികിത്സാ രീതികളായ വമനം, നസ്യം, രക്തമോക്ഷണം എന്നിവയും ചികിത്സയായി പറയുന്നുണ്ട്. ത്രിഫല കഷായം കൊണ്ട് മുഖം കഴുകുകയോ ത്രിഫല ചൂർണം തേനിൽ ചാലിച്ച് മുഖത്തിൽ ലേപനം ചെയ്യുകയോ ചെയ്യുന്നത് മുഖക്കുരു മാറുവാൻ സഹായിക്കുന്നു
രക്തചന്ദനം തേനിലോ പനിനീരിലോ ചാലിച്ച് ലേപനം ചെയ്യുന്നത് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ മാറുന്നതിന് നല്ലതാണ് പച്ച മഞ്ഞളും ആര്യവേപ്പിലയും തുളസി നീരിൽ ചാലിച്ച് മുഖക്കുരുവിൽ പുരട്ടുന്നത്, അത് പെട്ടെന്ന് കുറയാൻ സഹായിക്കുന്നു. മുഖം വൃത്തിയായി സൂക്ഷിക്കുക, പകലുറക്കവും എണ്ണപലഹാരവും ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, യോഗപോലുള്ള വ്യായാമങ്ങൾ ചെയ്യുക വഴി മുഖക്കുരുവിനെ ഒരുപരിധിവരെ അകറ്റിനിർത്താൻ സഹായിക്കും.
പുറത്ത് പോയി വന്ന ഉടനെ ചെറുപയർ പൊടി, തേൻ, ചെറുനാരങ്ങാനീര്, പനിനീര് എന്നിവ കൊണ്ട് മുഖം നന്നായി തിരുമ്മി വൃത്തിയാക്കിയശേഷം കഴുകിക്കളയുന്നത് മുഖത്തെ പൊടിയും ചളിയും അകറ്റി വൃത്തിയായി സൂക്ഷിക്കുവാൻ സഹായിക്കും.മറ്റു രോഗങ്ങൾ കാരണവും മുഖക്കുരു ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ടുതന്നെ ഒരു ആയുർവേദ വിദഗ്ധന്റെ നിർദേശവും ചികിത്സയും തേടുന്നത് അഭികാമ്യമാണ്.