‘രാത്രി അരിഭക്ഷണം ഒഴിവാക്കലോ പട്ടിണി കിടക്കലോ ഇല്ല’; തന്‍റെ ഡയറ്റ് പ്ലാൻ വെളിപ്പെടുത്തി ആമിർ ഖാൻ
text_fields2016 ൽ ‘ദംഗലി’നായി ശരീര ഭാരം വർധിപ്പിക്കുകയും പിന്നീട് കുറയ്ക്കുകയും ചെയ്ത ആമിർ ഖാൻ
ആമിർ ഖാന്‍റെ കഥാപാത്രങ്ങളുടെ പൂർണത എപ്പോഴും ചർച്ചയാകുന്നതാണ്. കഥാപാത്രങ്ങൾക്കായി അദ്ദേഹം നടത്തുന്ന രൂപമാറ്റങ്ങൾ ഏറെ ചർച്ചയായിട്ടുണ്ട്. ദംഗലിൽ തടി കൂട്ടിയും പി.കെയിൽ മെലിഞ്ഞുമെല്ലാം ആമിർ പ്രേക്ഷകനെ വിസ്മയിപ്പിച്ചിട്ടുണ്ട്. ദംഗലിൽ ഫയൽവാനായുള്ള രൂപമാറ്റത്തിന് അഞ്ച് മാസമാണ് ചെലവഴിച്ചതെന്ന് ആമിർ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2016ൽ ‘ദംഗലി’നായി ആമിർ ശരീര ഭാരം വർധിപ്പിക്കുകയും പിന്നീട് കുറയ്ക്കുകയും ചെയ്തത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ശരീര ഭാരം ശരിയായി നിലനിർത്തുന്നതിന് വ്യായാമം മാത്രമേ സഹായിക്കൂ എന്നാണ് ആളുകൾ കരുതുന്നത്, എന്നാൽ വ്യായാമം എന്നത് ഒരു കാര്യം മാത്രമാണെന്നും ഭക്ഷണവും വിശ്രമവുമാണ് പ്രധാനമെന്നും ആമിർ പറയുന്നു. അമ്പത് ശതമാനം ഭക്ഷണക്രമമാണ്. 25 ശതമാനം വ്യായാമവും 25 ശതമാനം വിശ്രമവും. സ്വയം വിശ്രമം നൽകുക. തുടർച്ചയായി എട്ട് മണിക്കൂർ ഉറങ്ങുക. എന്നാൽ മാത്രമേ ശരീരത്തിന് വ്യത്യാസം അനുഭവപ്പെടൂ -ആമിർ വിശദീകരിക്കുന്നു.
രാത്രി അരി ഭക്ഷണം ഒഴിവാക്കുക, ഭക്ഷണം വളരെ കുറച്ച് കഴിക്കുക, പട്ടിണി കിടക്കുക, കുറേ പ്രോട്ടീൻ കഴിക്കുക എന്നിങ്ങനെ പല ഡയറ്റുകളും ആളുകൾ ചെയ്യാറുണ്ട്. എന്നാൽ, ഇതൊന്നുമല്ല താൻ ചെയ്യുന്നതെന്ന് ആമിർ തുറന്നുപറയുന്നു.
“ഞാൻ ശരീരഭാരം കുറയ്ക്കുന്നതിനുള്ള പഴയ രീതിയാണ് പിന്തുടരുന്നത്, അതായത് കലോറി കുറവുള്ള രീതി. നിങ്ങൾ 2,000 യൂനിറ്റ് ഊർജം ചെലവഴിച്ച് 1,500 കലോറി മാത്രം ഭക്ഷണം കഴിച്ചാൽ 500 കലോറി എല്ലാ ദിവസവും കുറയും. നിങ്ങൾ അത് 1,000 യൂനിറ്റ് ഊർജമായി വർധിപ്പിക്കുകയും എല്ലാ ദിവസവും ഏഴു കിലോമീറ്റർ നടക്കുകയും ചെയ്താൽ ഒരു ആഴ്ചയിൽ 7,000 കലോറി കുറവിലേക്ക് നയിക്കുന്നു. ഇതാണ് ശാസ്ത്രം. നിങ്ങൾ 1,500 കലോറി കഴിക്കുകയാണെങ്കിൽ, അത് സന്തുലിതമാക്കണം. അതിന് കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, ഫൈബർ, സോഡിയം എന്നിവയെല്ലാം ആവശ്യമാണ്” -ആമിർ വിവരിക്കുന്നു.
കലോറി കുറഞ്ഞ രീതിയെന്നാൽ, നിങ്ങളുടെ ശരീരത്തിന് നിലവിലുള്ള ഭാരം നിലനിർത്താൻ ആവശ്യമായതിനേക്കാൾ കുറച്ച് കലോറിയടങ്ങിയ ആഹാരം മാത്രം കഴിക്കുക എന്നാണ് ഇതിനർഥം. കുറച്ച് കലോറി കഴിക്കുമ്പോൾ ശരീരം ഊർജത്തിനായി സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ ആശ്രയിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.