Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_right'ആൻജിയോപ്ലാസ്റ്റി...

'ആൻജിയോപ്ലാസ്റ്റി വിവാദം: കോടാലിക്കൈ എന്നല്ല എന്ത് വിളിച്ചാലും ഞാൻ ഉറച്ചുനിൽക്കുന്നു'; ഡോ. രാജേഷിന്‍റെ വൈകാരിക കുറിപ്പ്

text_fields
bookmark_border
ആൻജിയോപ്ലാസ്റ്റി വിവാദം: കോടാലിക്കൈ എന്നല്ല എന്ത് വിളിച്ചാലും ഞാൻ ഉറച്ചുനിൽക്കുന്നു; ഡോ. രാജേഷിന്‍റെ വൈകാരിക കുറിപ്പ്
cancel

കോഴിക്കോട്: ആൻജിയോപ്ലാസ്റ്റി വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ചതിന് കടുത്ത വിമർശനവും സൈബർ ആക്ഷേപങ്ങളും നേരിടുന്നതിനിടെ നിലപാടിൽ ഉറച്ച് കോഴിക്കോട് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ഗോപാലൻ നായർ. അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരെ കാമ്പയിൻ നടത്തണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞതിനെ പിന്തുണച്ചും അഭിനന്ദിച്ചും അദ്ദേഹം ഞായറാഴ്ച ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു.ഇതിനു പിന്നാലെയാണ് ഒരു വിഭാഗം കാർഡിയോളജി ഡോക്ടർമാർ, സർക്കാർ സർവീസിലുള്ള ഡോ. രാജേഷിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ആക്ഷേപങ്ങളുന്നയിച്ചത്.ഡോ. രാജേഷ് ഗോപാലൻ നായർ മുഖ്യമന്ത്രിയെ സുഖിപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള കമന്‍റ് നടത്തിയതെന്നായിരുന്നു പ്രധാന വിമർശനം.

സത്യം വിളിച്ചുപറഞ്ഞ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെ എല്ലാം കൈവിട്ടുപോയെന്ന് ഡോക്ടർ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ കുറ്റപ്പെടുത്തലുകളും തെറിവിളികളും ഉണ്ടായെന്നും സാഹിത്യകാരനായ ഒരു ഡോക്ടർ തന്നെ കോടാലിക്കൈയോട് ഉപമിച്ചുവെന്നും എന്തൊരു കഷ്ടമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഒരുനാൾ ആരെങ്കിലും ഒരാൾ സത്യം വിളിച്ചുപറയുമെന്നും ധൈര്യവും ഭവിഷ്യത്തുകൾ താങ്ങാനുള്ള കരുത്തും ഉള്ള ഒരാൾ ഇതു തുറന്നു പറഞ്ഞത് നന്നായി എന്നും ഞായറാഴ് ഡോക്ടർ ഫേസ്ബക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. 500 മുതൽ 600 വരെ രോഗികൾ ഒ.പിയിൽ വരുന്ന മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ കഴിഞ്ഞ ദിവസം 15-ൽ താഴെ ആൻജിയോപ്ലാസ്റ്റി മാത്രമാണ് നടന്നതെന്ന് ഡോ. രാജേഷ് വ്യക്തമാക്കിയിരുന്നു.

“അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണം” എന്ന് പറയുന്നതിൽ എന്താണ് തെറ്റ് എന്നും അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ ആ അഭിപ്രായത്തിന് പൂർണ പിന്തുണ നൽകുന്നു.മുഖ്യമന്ത്രിയെ സുഖിപ്പിക്കേണ്ട ആവശ്യം തനിക്കില്ലെന്നും റിട്ടയർ ചെയ്യാൻ നാല് വർഷമേയുള്ളൂവെന്നും അതിനുമുമ്പ് തന്നെ വി.ആർ.എസ് (VRS) എടുക്കാൻ വേണ്ടി സർവീസ് ഡീറ്റെയിൽസ് റെഡി ആക്കി വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'സ്വാതിതിരുനാൾ സിനിമയിലെ അവസാനത്തെ സീനിൽ അദ്ദേഹം പറയുംപോലെ “ഇനി ഈ ഉടവാൾ താങ്ങാനുള്ള കരുത്ത് അടിയനില്ല”. ഇതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ. ആ ഞാൻ പിന്നെ എന്തിന് ആരെ ഇനി വെറുതെ പുകഴ്ത്തണം?'

'ഇതു ഇവിടെ അവസാനിപ്പിക്കുന്നു. എന്ന്, സ്വന്തം കോടാലിക്കൈ' എന്ന് പറഞ്ഞാണ് ഡോ. രാജേഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഡോ. രാജേഷിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:

ഒരു കോടാലി കയ്യുടെ പരിദേവനങ്ങൾ

ഓർക്കുക ആരംഭത്തിനെല്ലാം അവസാനമുണ്ട്. രണ്ടാംമൂഴത്തിലെ വരിയാണ്. ഞാനും ഒരു രണ്ടാമൂഴം നോക്കുന്നു, എന്താണ് മുഖ്യമന്ത്രിയെ പ്രശംസിച്ചതിലൂടെ ഞാൻ ഉദ്ദേശിച്ചത് എന്ന് ഒന്നൂടെ വ്യക്തമാക്കാൻ വൃദ്ധാ ശ്രമിക്കുന്നു.

കടലിന് കറുത്ത നിറമായിരുന്നു, സോറി ഞായറാഴ്ചയ്ക്ക് കറുത്ത മൂടൽക്കെട്ടായിരുന്നു. എന്റെ അരക്കിറുക്ക് മുഴുവട്ട് ആയിരുന്നോ? വരാനുള്ളത് വഴിയിൽ തങ്ങുമോ? വഴിയെ പോകുന്ന വയ്യാവേലി എടുത്ത് കഴുത്തിൽ ഇടുന്ന ഒരു സ്വഭാവം എനിക്ക് പണ്ടേ ഉണ്ട്. വായിൽ തോന്നുന്നത്, ശെരി എന്ന് തോന്നുന്നത് വിളിച്ചു കൂവും, പിന്നെ അനുഭവിക്കും.

ഞാൻ TV കണ്ടിട്ട് 15 വർഷത്തിൽ കൂടുതൽ ആയി. പത്രം മാത്രമേ നോക്കൂ, അതും തലക്കെട്ടുകൾ മാത്രം. അതുകൊണ്ട് തന്നെ ഒരു പത്ര സമ്മേളനങ്ങളോ നേതാക്കളുടെ പ്രസ്താവനകളോ ഞാൻ നേരിട്ട് കേൾക്കാറില്ല. CM സാർ പറഞ്ഞതും ഞാൻ കേട്ടിട്ടില്ല. ആ കുറ്റം ഞാൻ സമ്മതിക്കുന്നു. കൃത്യമായി അദ്ദേഹം പറഞ്ഞത് മുഴുവൻ ഞാൻ കേട്ടില്ല.

ഞായറാഴ്ച രാവിലെ എഴുനേറ്റു എന്നത്തെയും പോലെ പത്രം നോക്കി, സാധാരണ പോലെ തലക്കെട്ടുകൾ മാത്രം നോക്കി പേജുകൾ മറിച്ചു. അതാ അകത്തെ പേജിൽ ഒരു ന്യൂസ് “അനാവശ്യ ആൻജിയോപ്ലാസ്റ്റികൾ ഒഴിവാക്കണം” മുഖ്യമന്ത്രി. ഞാൻ അതിന്റെ ഫോട്ടോ എടുത്തു, ഫേസ്ബുക്കിൽ ഇട്ടു. എന്നിട്ട് ഇപ്പോഴൊക്കെയാണ് ആൻജിയോപ്ലാസ്റ്റി വേണ്ടത് എന്നും എപ്പോഴാണ് ചെയ്യരുതാത്തത് എന്നും എനിക്ക് അറിയാവുന്ന ഭാഷയിൽ എഴുതി. CM സാറിനെ അഭിനന്ദിച്ചു. പിന്നെ എല്ലാം കൈവിട്ട് പോയി. പല പല കമന്റുകൾ, കുറ്റപ്പെടുത്തലുകൾ, തെറിവിളികൾ. കോടാലി കയ്യോടു ഉപമിച്ചു സാഹിത്യകാരനായ ഒരു ഡോക്ടർ. എന്തൊരു കഷ്ടമാണ്?

“ അനാവശ്യമായി ആൻജിയോപ്ലാറ്റി ചെയ്യുന്നത് ഒഴിവാക്കണം” - ഇതിൽ എന്താണ് തെറ്റ്?

അനാവശ്യമായി ഒരു കാര്യം ചെയ്യരുത് എന്ന് ആര് പറഞ്ഞാലും അതിൽ എന്താണ് തെറ്റ്. അതിപ്പോ മുഖ്യമന്ത്രിയോ ഒരു സാധാരണ പൗരനോ ആകട്ടെ, അതിൽ എന്താണ് തെറ്റ്. എനിക്ക് മനസ്സിലാകുന്നില്ല. അദ്ദേഹത്തിന്റെ പ്രസ് മീറ്റ് ഞാൻ കണ്ടിട്ടില്ല, കാരണം ഞാൻ TV news കാണാറില്ല. പത്രത്തിലെ ഈ തലക്കെട്ട് മാത്രമേ ഞാൻ കണ്ടൊള്ളൂ.

1. അനാവശ്യമായി ആൻജിയോപ്ലാസ്റ്റികൾ ചെയ്യുന്നുണ്ടോ ആരെങ്കിലും? എന്റെ കാർഡിയോളജി സുഹൃത്തുക്കൾ നെഞ്ചത്ത് കൈവെച്ച് പറയാമോ ഉത്തരം. എന്റെ ഉത്തരം അപൂർവം ചിലർ ചെയ്യുന്നുണ്ട് എന്നു തന്നെയാണ്, നിങ്ങൾ എന്നെ കോടാലി എന്നല്ല എന്ത് വിളിച്ചാലും ഞാൻ അതിൽ ഉറച്ചു നിൽക്കുന്നു. മുഖ്യ മന്ത്രിയുടെ ആ അഭിപ്രായത്തിന് പൂർണ പിന്തുണ നൽകുന്നു.

2. കാദർ മുനീർ സാർ, മെഡിക്കൽ കോളേജിൽ യൂണിറ്റ് ചീഫ് ആയിരുന്നപ്പോൾ താങ്കൾക്കല്ലേ ഒരു DMO റിക്വസ്റ്റ് അയച്ചത് ഒരു ഡോക്ടർ ചെയ്ത ആൻജിയോപ്ലാസ്റ്റി വേണ്ടതായിരുന്നോ എന്ന് നോക്കി അഭിപ്രായം പറയാൻ? എന്റെ ഓർമ ശെരി അല്ലേ? തീയില്ലാതെ പുക ഉണ്ടാവുമോ?

3. ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് ദിവസവും ചീഫ് സെക്രട്ടറിയും ഡിജിപി യും ഇന്റലിജൻസ് ചീഫും മറ്റും അന്നന്നത്തെ വിവരങ്ങൾ കൊടുക്കും എന്ന് അറിയില്ലേ. ഒന്നും അറിയാതെ അദ്ദേഹം കാർഡിയോളജിസ്റ്റുകൾ പോലുള്ളവരെ വെറുപ്പിക്കുമോ? എന്തെങ്കിലും ഒക്കെ അദ്ദേഹത്തിന്റെ ചെവിയിൽ എത്താതെ ഇങ്ങനെ അദ്ദേഹം പറയും എന്ന് കരുതുന്നുണ്ടോ? ഇത്രയും കൂർമബുദ്ധിയായ ഒരാൾ വെറുതെ എന്തെങ്കിലും പറയുമോ?

4. ആഴ്ചയിൽ രണ്ട് ദിവസം എങ്കിലും ആൻജിയോപ്ലാറ്റി ചെയ്യുന്ന ഞാൻ അതിനെതിരെ എന്തെങ്കിലും പറഞ്ഞിരുന്നോ? Chronic stable angina ക്ക് മെഡിസിൻ കൊണ്ടുള്ള ചികിത്സയാണ് ആദ്യം വേണ്ടത് എന്ന് മാത്രമല്ലേ ഞാൻ പറഞ്ഞുള്ളു! അത് തെറ്റാണോ?

5. ഹാർട്ട് അറ്റാക്ക് ആണെങ്കിൽ നേരേ കാത്ത് ലാബിലേക്ക്, ഉടൻ ആൻജിയോപ്ലാസ്റ്റി, ഡോക്ടർമാരോട് വെറുതെ സംസാരിച്ചു സമയം കളയരുത് എന്നല്ലേ ഞാൻ പറഞ്ഞത്? NSTEMI ആണെങ്കിൽ 2 മണിക്കൂറിനുള്ളിൽ ആൻജിയോഗ്രാം ചെയ്യണം എന്ന് പറഞ്ഞില്ലേ! ഇതിൽ കൂടുതൽ ആൻജിയോപ്ലാസ്റ്റിയുടെ ആവശ്യകത എങ്ങനെയാണ് ഊന്നി പറയേണ്ടത്. പിന്നെ എന്നെ എന്തിനാണ് കോടാലി കൈ എന്ന് വിളിക്കുന്നത്?

ഞാൻ CM സാറിനെ സുഖിപ്പിക്കാൻ നോക്കിയതാണത്രേ. എന്തിന്?! എന്തൊക്കെയാ ആക്ഷേപങ്ങൾ ?!!

എനിക്ക് റിട്ടയർ ചെയ്യാൻ നാല് വർഷം ഉണ്ട് ഇനി. പക്ഷേ പ്രിൻസിപ്പൽ ഓഫീസിൽ VRS എടുക്കാൻ വേണ്ടി E1 സെക്ഷനിൽ ഞാൻ AG ഓഫീസിൽ നിന്നും എന്റെ സർവീസ് ഡീറ്റെയിൽസ് ഇപ്പോൾ തന്നെ റെഡി ആക്കി വെച്ചിരിക്കുവാ. നിങ്ങൾക്ക് പോയി നോക്കാം. ആ ഫോം പൂരിപ്പിച്ചു അതും റെഡി ആണ് എന്റെ കയ്യിൽ, 2027 ജനുവരിയിൽ മതിയാക്കാം എന്ന് കരുതി. അവിടെ അത് സബ്മിറ്റ് ചെയ്താൽ മാത്രം മതി ഇനി, ക്ലോസ്ഡ് ചാപ്റ്റർ. 4 വർഷം ഇപ്പോൾ തന്നെ ചുമന്നു HOD സ്ഥാനം. സ്വാതിതിരുനാൾ സിനിമയിൽ അവസാനത്തെ സ്സീനിൽ അദ്ദേഹം പറയും പോലെ “ഇനി ഈ ഉടവാൾ താങ്ങാനുള്ള കരുത്ത് അടിയനില്ല”. ഇതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ. ആ ഞാൻ പിന്നെ എന്തിന് ആരെ ഇനി വെറുതെ പുകഴ്ത്തണം?

ഇതു ഇവിടെ അവസാനിപ്പിക്കുന്നു.

എന്ന്

സ്വന്തം കോടാലി കൈ

ഒപ്പ്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:chief minister VD Satheesan Angioplasty Kozhikode Medical College Cardiology Department Controversy 
News Summary - Angioplasty controversy- Dr. Rajesh's emotional note
Next Story