ഫിസിയോതെറാപ്പിസ്റ്റുകളെ ഡോക്ടര്‍ എന്ന് വിളിക്കുന്നത് വിലക്കിയ ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
text_fieldsന്യൂഡല്‍ഹി: ഫിസിയോതെറാപ്പിസ്റ്റുകളെ ഡോക്ടര്‍ എന്ന് വിളിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിൻവലിച്ചു. ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകമാണ് പിൻവലിച്ചത്. ഫിസിയോതെറാപ്പിസ്റ്റുകളെ ഡോക്ടര്‍ എന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ ഫിസിയോ തെറാപിസ്റ്റുകളുടെ സംഘടനകള്‍ നിവേദനം നല്‍കിയിരുന്നു.
ഫിസിയോതെറാപ്പിസ്റ്റുകളെ ‘ഡോക്ടർ’ എന്ന് വിളിക്കുന്നത് ഒഴിവാക്കുന്നതിനായി പുതിയ ഫിസിയോതെറാപ്പി പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ വരുത്തണമെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച്.എസ്) ഉത്തരവിറക്കിയത്.
ഫിസിയോ തെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് തടയണം എന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിരന്തര ആവശ്യം പരിഗണിച്ചായിരുന്നു നടപടി. രോഗികളെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനും ഇത് കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം.
എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണ് എന്ന് വ്യക്തമാക്കിയാണ് ഉത്തരവ് പിൻവലിച്ചത്. നാഷനല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷന്‍സ് (എന്‍.സി.എ.എ.എച്.പി) ചെയര്‍പേഴ്സണ്‍, എ.ഐ.ഐ.എം.എസ് നാഗ്പൂര്‍ സെക്രട്ടറി എ.പി.എം.ആര്‍, ഐ.എം.എ പ്രസിഡന്റ് എന്നിവര്‍ക്ക് അയച്ച കത്തിലാണ് ഉത്തരവ് പിന്‍വലിച്ചതായി ഡി.ജി.എച്ച്.എസ് വ്യക്തമാക്കുന്നത്.
മരുന്നുകള്‍ കൂടാതെ കായിക ചലനങ്ങളുടെയും, യന്ത്രങ്ങളുടെയും സഹായത്താല്‍ നടത്തുന്ന ചികിത്സ രീതിയാണ് ഫിസിയോതെറാപ്പി. ഇത്തരം ഒരു ചികിത്സാരീതി പിന്തുടരുന്നവര്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രി ആക്റ്റ് 1916 ലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണായിരുന്നു ഐ.എം.എ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വാദം.
രോഗികള്‍ക്കോ പൊതുജനങ്ങള്‍ക്കോ അവ്യക്തത സൃഷ്ടിക്കാതെ, ഫിസിയോതെറാപ്പി ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കുംഅനുയോജ്യവും മാന്യവുമായ പദവി നല്‍കാമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു.