അസിഡിറ്റി മരുന്നിൽ കാർസിനോജൻ; ജാഗ്രതാ നിർദേശവുമായി അധികൃതർ
text_fieldsന്യൂഡൽഹി: അസിഡിറ്റിയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള മരുന്നായ റാനിറ്റിഡിന്റെ സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവയിലും (എ.പി.ഐ) ഫോർമുലേഷനുകളിലും കാൻസറിന് കാരണമാകുന്ന രാസപദാർഥമായ എൻ.ഡി.എം.എയുടെ സാന്നിധ്യം നിരീക്ഷിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശവുമായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ). ഡ്രഗ് കൻട്രോളർമാർക്കാണ് നിർദേശം.
കരുതൽ നടപടികളുടെ ഭാഗമായി മരുന്നിന്റെ സംഭരണ കാലയളവ് കുറക്കാനും നിർദേശിച്ചിട്ടുണ്ട്. ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ (ഡി.ടി.എ.ബി) ശിപാർശയിലാണ് നടപടി.
ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച് ഓൺ കാൻസർ (ഐ.എ.ആർ.സി) അർബുദത്തിന് കാരണമാകുന്ന രാസപദാർഥങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ രാസവസ്തുവാണ് എൻ.ഡി.എം.എ (എൻ-നൈട്രോസോഡിമെഥിലാമൈൻ). മരുന്നിൽ വിവിധ ഘട്ടങ്ങളിൽ എൻ.ഡി.എം.എ സാന്നിധ്യമുണ്ടാവുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് സി.ഡി.എസ്.സി.ഒയുടെ തീരുമാനം.
ആശങ്കയുയർന്നതിന് പിന്നാലെ, കഴിഞ്ഞ വർഷം ഡിസംബറിൽ വിഷയം പരിശോധിക്കാൻ ഡി.ടി.എ.ബി വിദഗ്ധ സമിതി രൂപവത്കരിച്ചിരുന്നു.
ഏപ്രിൽ 28ന് നടന്ന യോഗത്തിൽ സമിതിയുടെ റിപ്പോർട്ട് അവലോകനം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ, വിഷയം സൂക്ഷ്മമായി പരിശോധിക്കാൻ കൂടുതൽ വിദഗ്ധരടങ്ങിയ മറ്റൊരു സമിതിക്കും ഡി.ടി.എ.ബി ശിപാർശ ചെയ്തിട്ടുണ്ട്.