Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightഉയരം കൂടുംതോറും ഷുഗർ...

ഉയരം കൂടുംതോറും ഷുഗർ കുറയുമോ? കുറഞ്ഞ ഓക്സിജൻ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ...

text_fields
bookmark_border
ഉയരം കൂടുംതോറും ഷുഗർ കുറയുമോ? കുറഞ്ഞ ഓക്സിജൻ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ...
cancel
camera_alt

പ്രതീകാത്മക ചിത്രം

ആൻഡീസ് പർവതനിരകൾ മുതൽ ഹിമാലയ സാനുക്കൾ വരെ, ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കിടയിൽ പ്രമേഹ നിരക്ക് വളരെ കുറവാണെന്നത് ശാസ്ത്രലോകത്തെ എന്നും അദ്ഭുതപ്പെടുത്തിയ ഒന്നാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു മാറ്റമെന്ന ചോദ്യത്തിന് ഇപ്പോൾ വ്യക്തമായ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. അന്തരീക്ഷത്തിലെ ഓക്സിജന്റെ കുറവ് ശരീരത്തിലെ രക്തകോശങ്ങളെ ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്നതാണ് ഇതിന് പിന്നിലെ രഹസ്യം.

ഗ്ലാഡ്‌സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിലെയും കാലിഫോർണിയ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ എലികളിൽ നടത്തിയ പരീക്ഷണത്തിലാണ് ഈ നിർണായക വിവരങ്ങൾ ലഭിച്ചത്. ഉയർന്ന പ്രദേശങ്ങളിൽ അന്തരീക്ഷ ഓക്സിജൻ കുറവായിരിക്കും (Hypoxia). ഈ സാഹചര്യത്തിൽ ശരീരം അതിജീവിക്കാൻ നടത്തുന്ന മാറ്റങ്ങളാണ് പ്രമേഹത്തെ പ്രതിരോധിക്കുന്നത്. ഓക്സിജൻ കുറയുമ്പോൾ ചുവന്ന രക്തകോശങ്ങൾ രക്തത്തിൽ നിന്ന് കൂടുതൽ ഗ്ലൂക്കോസ് വലിച്ചെടുക്കുന്നു. ഇങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി കുറയുന്നു.

ഉയർന്ന പ്രദേശങ്ങളിൽ ഓക്സിജൻ കുറവായതിനാൽ, കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ ശരീരം ഗ്ലൂക്കോസിനെ ഒരു പ്രത്യേക ഇന്ധനമാക്കി മാറ്റുന്നു. അതായത്, ശരീരം പഞ്ചസാരയെ ഊർജ്ജത്തിനായി കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നു. മലനിരകളിലെ തണുപ്പും കുറഞ്ഞ ഓക്സിജനും ശരീരത്തിന്റെ മെറ്റബോളിസം വേഗത്തിലാക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധം കുറക്കാനും സഹായിക്കുന്നു.

ഉയർന്ന പ്രദേശങ്ങളിലെ തണുത്ത കാലാവസ്ഥ ശരീരത്തിലെ 'ബ്രൗൺ ഫാറ്റ്' സജീവമാക്കുന്നു. വെളുത്ത കൊഴുപ്പിൽ നിന്ന് വ്യത്യസ്തമായി ബ്രൗൺ ഫാറ്റ് ശരീരത്തിൽ ചൂട് ഉത്പാദിപ്പിക്കാൻ വേണ്ടി രക്തത്തിലെ ഗ്ലൂക്കോസിനെ വേഗത്തിൽ എരിച്ചുകളയുന്നു. ഇതും പ്രമേഹം കുറയാൻ ഒരു കാരണമാണ്. പ്രകൃതിദത്തമായ ജിം പോലെയാണ് ഉയർന്ന മലനിരകൾ. അവിടെയുള്ള കുറഞ്ഞ ഓക്സിജനും തണുപ്പും മനുഷ്യശരീരത്തെ സ്വാഭാവികമായി തന്നെ പ്രമേഹത്തിന് എതിരെ പോരാടാൻ സജ്ജമാക്കുന്നു.

തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതനിരകളിൽ താമസിക്കുന്നവരിലും ടിബറ്റൻ പീഠഭൂമികളിലുള്ളവരിലും ടൈപ്പ്-2 പ്രമേഹം വളരെ കുറവാണെന്ന് പതിറ്റാണ്ടുകൾക്ക് മുൻപേ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇവരുടെ ശരീരം കുറഞ്ഞ ഓക്സിജനിൽ ജീവിക്കാൻ പാകത്തിൽ പരിണമിച്ചതാണ് ഇതിന് കാരണം. സമാനമായ രീതിയിൽ ഹിമാലയൻ ഗ്രാമങ്ങളിലെ ജനങ്ങൾക്കിടയിലും ജീവിതശൈലീ രോഗങ്ങൾ കുറവാണ്. ഓക്സിജൻ കുറഞ്ഞ അന്തരീക്ഷം ഇവരുടെ മെറ്റബോളിസത്തെ എപ്പോഴും സജീവമാക്കി നിർത്തുന്നു.

Show Full Article
TAGS:Health Alert diabetes blood cell Health News 
News Summary - Diabetes rates are lower in high-altitude environments
Next Story