ഒരാഴ്‌ചയിലെ വ്യായാമം ഒരുമിച്ച് ചെയ്യാറുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
text_fieldsഎല്ലാ ദിവസവും ശരീരം അനങ്ങാതെ ഇരുന്ന് ആഴ്ചയുടെ അവസാനം എല്ലാത്തിന്‍റെയും കേട് തീർത്ത് വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ഇങ്ങനെ എല്ലാ വ്യായാമവും കൂടി ഒരുമിച്ച് ചെയ്‌ത് കൊഴുപ്പ് കത്തിച്ചു കളയുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. സന്ധികള്‍ക്ക് പരുക്ക് മുതല്‍ ഹൃദയത്തിന് സമ്മര്‍ദം വരെ പലവിധ അപകടസാധ്യതകള്‍ ഇതിന് പിന്നിലുണ്ടെന്ന് വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദീർഘനേരം വ്യായാമം ചെയ്യുമ്പോൾ ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ നിർജ്ജലീകരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
റാബ്ഡോമയോലിസിസ് വളരെ അപൂർവമാണെങ്കിലും, ഒരൊറ്റ ദിവസം അമിതമായി വ്യായാമം ചെയ്യുമ്പോൾ പേശികൾ പെട്ടെന്ന് നശിക്കുകയും, മയോഗ്ലോബിൻ രക്തത്തിൽ കലർന്ന് വൃക്കകളെ തകരാറിലാക്കുകയും ചെയ്യുന്ന ഗുരുതരമായ അവസ്ഥയാണിത്. വ്യായാമത്തിന്‍റെ പ്രധാന ലക്ഷ്യം പേശികളെ വളർത്തുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയുമാണ്. ഒരു ദിവസം കഠിനമായി വ്യായാമം ചെയ്ത് ബാക്കിയുള്ള ദിവസങ്ങളിൽ അനങ്ങാതിരിക്കുന്നത് ഈ ലക്ഷ്യങ്ങൾ നേടുന്നതിൽ പരാജയപ്പെടും. സ്ഥിരമായ വ്യായാമത്തിലൂടെ മാത്രമേ ഫലം ലഭിക്കൂ.
1. പരിക്കുകള്‍
പേശികൾക്ക് ആവശ്യമായ വിശ്രമം ലഭിക്കാത്തതിനാൽ പേശിവലിവുകൾ, ലിഗ്മെന്‍റ് പരിക്കുകൾ, സന്ധികളിലെ തേയ്മാനം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ആവശ്യത്തിന് വാം അപ്പ് ഇല്ലാതെ വന്നാൽ പേശികളുടെ ശേഷിക്ക് അപ്പുറമുള്ള ഭാരം താങ്ങേണ്ടി വരുമ്പോൾ പേശീ നാരുകൾക്ക് മുറിവുകളോ കേടുപാടുകളോ സംഭവിക്കുന്നു. തുടയുടെ പിൻഭാഗത്തെ പേശികൾ, പുറത്തെ പേശികൾ, തോളിലെ പേശികൾ എന്നിവയിലാണ് ഇത് കൂടുതലായി സംഭവിക്കുന്നത്. പെട്ടെന്നുള്ള ആവർത്തിച്ചുള്ള ചലനങ്ങൾ സന്ധികളെ ബന്ധിപ്പിക്കുന്ന ലിഗമെന്‍റുകൾക്കും പേശികളെ എല്ലുകളുമായി ബന്ധിപ്പിക്കുന്ന ടെൻഡോണുകൾക്കും പരിക്ക് വരുത്തുന്നു. കണങ്കാൽ ഉളുക്ക്, കാൽമുട്ടിലെ ലിഗമെന്‍റ് പരിക്കുകൾ (ACL/MCL), തോളെല്ലിലെ പരിക്കുകൾ എന്നിവ ഇതിൽപ്പെടുന്നു.
2. ഹൃദയത്തിന് സമ്മര്‍ദം
അലസരായിരിക്കുന്ന വ്യക്തികള്‍ പെട്ടെന്ന് അതിതീവ്രമായ വര്‍ക്ക് ഔട്ട് ചെയ്യാന്‍ തുടങ്ങിയാല്‍ നെഞ്ച്‌വേദന, ഹൃദയത്തിന്റെ താളം തെറ്റല്‍ പോലുള്ള പ്രശ്‌നമുണ്ടാകാം. പ്രത്യേകിച്ച് 40ന് മുകളില്‍ പ്രായമുള്ളവരില്‍. നിരന്തരമായി ചെയ്‌ത് ശരീരത്തെ പരുവപ്പെടുത്തി മാത്രമേ അതിതീവ്രമായ വ്യായാമങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ. പതിവായി വ്യായാമം ചെയ്യാത്ത ഒരാൾ ഹൃദയത്തിന് താങ്ങാൻ കഴിയുന്നതിലും അധികം സമ്മർദം ചെലുത്തുമ്പോൾ പ്രത്യേകിച്ച് ഹൃദ്രോഗത്തിന്‍റെ മറ്റ് അപകടസാധ്യതകളുണ്ടെങ്കിൽ, അത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
3. ക്ഷീണം
പേശികൾക്കും കായിക പ്രവർത്തനങ്ങൾക്കും വേണ്ട പ്രധാന ഇന്ധനം ഗ്ലൈക്കോജൻ ആണ്. ഇത് കരളിലും പേശികളിലുമാണ് സംഭരിക്കപ്പെടുന്നത്. നിങ്ങൾ ഒരു ദിവസം കൊണ്ട് ഒരാഴ്ചത്തെ വ്യായാമം ചെയ്യുമ്പോൾ, ഈ ഗ്ലൈക്കോജൻ ശേഖരം വളരെ വേഗത്തിൽ തീർന്നുപോകും. ഇത് പേശികൾക്ക് പ്രവർത്തിക്കാനുള്ള ശേഷി കുറക്കുകയും കഠിനമായ ക്ഷീണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ദീർഘനേരമുള്ള കഠിന പരിശീലനം മാനസികമായ തളർച്ചക്കും, ശരീരത്തിന് കൂടുതൽ അധ്വാനിക്കാൻ കഴിയാത്ത അവസ്ഥയിലേക്കും നയിക്കും. അമിതമായ ശാരീരിക സമ്മർദം കോർട്ടിസോൾ പോലുള്ള ഹോർമോണുകളുടെ അളവ് വർധിപ്പിക്കുന്നു. ഉയർന്ന അളവിലുള്ള കോർട്ടിസോൾ ദീർഘകാല ക്ഷീണത്തിന് കാരണമാവുകയും ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും.
4. സുരക്ഷിതത്വത്തിന്റെ മിഥ്യാബോധം
വാരാന്ത്യത്തിലെ ഈ വ്യായാമങ്ങള്‍ തങ്ങളെ എല്ലാ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും കാത്ത് രക്ഷിക്കുമെന്ന മിഥ്യാധാരണയും ഇതിന് പിന്നിലുണ്ട്. ആഴ്ചയിലുടനീളം വ്യായാമം ചെയ്യേണ്ട ജോലി ഒറ്റയടിക്ക് തീർത്തു എന്ന ചിന്ത ഒരുതരം വലിയ സംതൃപ്തി നൽകും. ഇനി ആഴ്ച മുഴുവൻ എനിക്ക് വിശ്രമിക്കാം എന്ന് മനസ് വിശ്വസിക്കുന്നു. കഠിനമായ വ്യായാമം ചെയ്യുമ്പോൾ, തലച്ചോർ എൻഡോർഫിനുകൾ പുറത്തുവിടുന്നു. ഇത് ഒരു സ്വാഭാവിക വേദനസംഹാരിയും മാനസികോല്ലാസം നൽകുന്നതുമായ ഹോർമോണാണ്. ഈ എൻഡോർഫിൻ റഷ് കാരണം, കഠിനമായ വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന യഥാർത്ഥ പേശിവേദനയും ക്ഷീണവും താൽക്കാലികമായി മറക്കപ്പെടാം. തൽഫലമായി ശരീരം ശക്തമാണ് എന്നൊരു തെറ്റിദ്ധാരണ ഉണ്ടാകുന്നു.


