എത്രയും വേഗം വലിച്ചെറിയണം; സൂക്ഷിച്ചില്ലെങ്കിൽ കിടപ്പുമുറിയിലെ ഈ മൂന്ന് വസ്തുക്കൾ പണിതരും
text_fieldsകിടപ്പുമുറി സുഖത്തിനും വിശ്രമത്തിനും തടസ്സമില്ലാത്ത ഉറക്കത്തിനുമുള്ള ഒരു ഇടമായിരിക്കണം. എന്നാൽ കിടപ്പുമുറിയിൽ മറഞ്ഞിരിക്കുന്ന ചില അപകടസാധ്യതകളുമുണ്ട്. ഹാർവാർഡിലും സ്റ്റാൻഫോർഡിലും പരിശീലനം ലഭിച്ച ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി, കിടപ്പുമുറികളിൽ കാണപ്പെടുന്ന മൂന്ന് സാധാരണ വസ്തുക്കൾ നിങ്ങളുടെ ആരോഗ്യത്തിന് നിശബ്ദമായി ദോഷം ചെയ്യും എന്ന് പറയുന്നു. ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് മുതൽ അലർജികളും ദീർഘകാല ആരോഗ്യ പ്രശ്നങ്ങളും ഇവ ഉണ്ടാക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിൽ ജീവന് ഭീഷണിയായേക്കാവുന്ന മൂന്ന് വസ്തുക്കളെപ്പറ്റി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കയാണ് ഡോ. സൗരഭ് സേത്തി.
1. പഴകിയ തലയിണ
ദിവസവും കിടക്കുന്ന തലയണയുടെ വൃത്തി എത്രത്തോളം നമ്മള്‍ ശ്രദ്ധിക്കാറുണ്ട്? കിടക്കയും തലയണ ഉറകളും ആഴ്ചയില്‍ ഒരിക്കലെങ്കിലും മാറ്റി പുതിയവ ഇടണം. എന്നാല്‍ തലയണ കഴുകുന്നതിന്റെ പ്രയാസം ഓര്‍ക്കുമ്പോള്‍ എല്ലാവരും ഇക്കാര്യത്തില്‍ അൽപം പിന്നോട്ടാണ്. ഒന്ന് രണ്ട് വർഷത്തെ പഴക്കമുള്ള തലയിണയാണ് നിങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നതെങ്കിൽ അത് എത്രയും പെട്ടെന്ന് മാറ്റണം. കിടക്കയിലെ തലയിണകളില്‍ പൊടി, നിര്‍ജീവ ചര്‍മകോശങ്ങള്‍, ശരീരത്തിലെ എണ്ണമയം എന്നിവ അടിഞ്ഞുകൂടാം. ദീര്‍ഘകാലത്തെ ഉപയോഗംകൊണ്ട് തലയിണയുടെ രൂപവും നഷ്ടപ്പെടാം.
കാലക്രമേണ തലയിണകള്‍ പരന്നുപോകാനും കട്ടപിടിക്കാനും അല്ലെങ്കില്‍ പൂപ്പല്‍ ഗന്ധം വരാനും തുടങ്ങും. ഇത് ചർമപ്രശ്നങ്ങൾ, ശ്വാസകോശ സംബന്ധരോഗങ്ങള്‍ എന്നിവക്ക് കാരണമാകാം. തലയിണ നടുവേ മടക്കി നോക്കുക. അത് പഴയ അവസ്ഥയിലേക്ക് വരുന്നില്ലെങ്കിൽ മാറ്റേണ്ട സമയം അതിക്രമിച്ചു. ഇടക്ക് കഴുകുകയോ വെയിലത്ത് ഉണക്കുകയോ ചെയ്യുന്നത് നല്ലതാണ്. ദ്രവരൂപത്തിലുള്ള ഡിറ്റര്‍ജന്റ് ആണ് തലയണ കഴുകാന്‍ ഏറ്റവും നല്ലത്. അലക്ക് പൊടികള്‍ ഉപയോഗിച്ചാല്‍ അവ ചിലപ്പോള്‍ തലയണയില്‍ പറ്റിപിടിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ രണ്ട് വർഷത്തിലധികം ഒരു തലയിണ ഉപയോഗിക്കുന്നത് നല്ലതല്ല.
2. സിന്തറ്റിക് എയർ ഫ്രഷ്നർ
അടഞ്ഞുകിടക്കുന്ന ഒരു മുറിയിൽ കയറുമ്പോൾ അത്ര നല്ലതല്ലാത്ത മണം അനുഭവപ്പെടുമ്പോഴാണ് സാധാരണയായി കൃത്രിമ എയർ ഫ്രഷ്നറുകൾ നമ്മളിൽ പലരും ഉപയോഗിക്കുക. പണ്ട്, അഗർബത്തികൾ, ചന്ദനത്തിരി, കർപ്പൂരം പോലുള്ള ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ന് ചെറിയ പാക്കറ്റുകളിലും സ്പ്രേ ബോട്ടിലുകളിലുമെല്ലാം ലഭിക്കുന്ന എയർ ഫ്രഷ്നറുകളോടാണ് പ്രിയം. എന്നാൽ മുറികളിൽ സിന്തറ്റിക് എയർ ഫ്രഷണർ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ ഉൽപ്പന്നങ്ങളിൽ അടങ്ങിയിട്ടുള്ള ചില രാസവസ്തുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫോർമാൽഡിഹൈഡ്, ബെൻസീൻ, ടോൾവീൻ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കൾ ഇതിൽ ഉൾപ്പെടുന്നു. ഇവ തലവേദന, തലകറക്കം, കണ്ണുകൾക്ക് അസ്വസ്ഥത, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകും.
ഹോർമോൺ വ്യവസ്ഥയെ തകരാറിലാക്കാൻ സാധ്യതയുള്ള രാസവസ്തുക്കളാണ് ഫതാലേറ്റുകൾ. ഇവയ്ക്ക് പ്രത്യുൽപ്പാദന, വികാസപരമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയും. സുഗന്ധത്തിനായി ഉപയോഗിക്കുന്ന സിന്തറ്റിക് ഫ്രാഗ്നൻസുകൾ അലർജിക്കും ആസ്ത്മയ്ക്കും കാരണമാകാൻ സാധ്യതയുണ്ട്. തുടർച്ചയായി ഈ രാസവസ്തുക്കൾ ശ്വസിക്കുന്നത് ശ്വാസകോശത്തെ ദോഷകരമായി ബാധിക്കും. ഇത് ആസ്ത്മ, ബ്രോങ്കൈറ്റിസ്, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത വർധിപ്പിക്കും. സിന്തറ്റിക് എയർ ഫ്രഷണറുകൾക്ക് പകരം മുറികൾക്ക് സുഗന്ധം നൽകാൻ പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിക്കാം. ലാവെൻഡർ, നാരങ്ങ, ടീ ട്രീ ഓയിൽ തുടങ്ങിയ എണ്ണകൾ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുകയോ ഡിഫ്യൂസർ ഉപയോഗിച്ച് മുറികളിൽ സുഗന്ധം പരത്തുകയോ ചെയ്യാം. മുറികൾക്ക് ശരിയായ വായുസഞ്ചാരം ഉറപ്പാക്കേണ്ടതും പ്രധാനമാണ്.
3. പഴകിയ മെത്തകൾ
ഒരു മെത്തയുടെ ആയുസ്സ് ഏകദേശം 7-10 വർഷമാണ്. അതിനുശേഷം, അതിന്‍റെ രൂപവും ഗുണനിലവാരവും കുറയും. പഴയ മെത്തകളിൽ ധാരാളം പൊടിയും അഴുക്കും സൂക്ഷ്മാണുക്കളും ഉണ്ടാകും. ഇത് അലർജിക്കും ശ്വാസംമുട്ടലിനും കാരണമാകും. അഴുക്കുമൂലം ചർമരോഗങ്ങളഉം ഉണ്ടാകാൻ സാധ്യതയുണ്ട്. പഴയ മെത്തകൾക്ക് ഉറപ്പും ബലവും കുറവായതിനാൽ നട്ടെല്ലിനും ശരീരത്തിനും വേണ്ടത്ര പിന്തുണ നൽകാൻ കഴിഞ്ഞെന്നു വരില്ല. ഇത് കഴുത്ത്, പുറം, നടുവേദന എന്നിവക്ക് കാരണമാകും. കൂടാതെ, നല്ല ഉറക്കത്തിന് തടസമാകുകയും ചെയ്യും. മെത്തയിൽ കുഴികളും മുഴകളും ഉണ്ടെങ്കിൽ, കിടക്കുമ്പോൾ ശരീരത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെങ്കിൽ, ദുർഗന്ധം വരുന്നുണ്ടെങ്കിൽ, കിടക്കുമ്പോൾ തുമ്മലോ ശ്വാസംമുട്ടലോ ഉണ്ടാകുന്നുണ്ടെങ്കിൽ മെത്തകൾ മാറ്റാൻ സമയമായെന്ന് മനസിലാക്കാം.