ബെൻഡ് ഇറ്റ് ലൈക് പ്രീതി സിൻഡ
text_fieldsഏറെ നേരം ഇരുന്നു ജോലി ചെയ്യുന്നവർക്ക് ഏറ്റവും ഫലപ്രദമായ വ്യായാമം നിർദേശിച്ച് ബോളിവുഡ് താരം പ്രീതി സിൻഡ. സ്റ്റബിലിറ്റി ബാൾ ഉപയോഗിച്ചുള്ള ഈ വ്യായാമത്തിലൂടെ ശക്തിയും ബാലൻസും വഴക്കവും ലഭിക്കുമെന്ന് താരം അഭിപ്രായപ്പെടുന്നു.
ഏതാണീ വർക്കൗട്ട്?
സ്റ്റബിലിറ്റി ബാൾ ഉപയോഗിച്ചുള്ള ‘ഗ്ലൂട്ട് ബ്രിഡ്ജ്’ വ്യായാമമാണ് പ്രീതി നിർദേശിക്കുന്നത്.
‘‘നിങ്ങളുടെ പിൻവശത്തിന് എപ്പോഴും പിരിമുറുക്കം അനുഭവപ്പെടുന്നുവെങ്കിലോ ഇടുപ്പ് വളഞ്ഞതായി തോന്നുന്നുവെങ്കിലോ നിൽപ് ചോദ്യചിഹ്നം പോലെ വളഞ്ഞിരിക്കുന്നുവെങ്കിലോ മനസ്സിലാക്കുക, പിൻവശ പേശികൾ ദുർബലമായെന്ന്.’’ -പ്രീതി അഭിപ്രായപ്പെടുന്നു.
‘ഗ്ലൂട്ട് ബ്രിഡ്ജ്’ എങ്ങനെ?
ഒരു സ്റ്റെബിലിറ്റി ബോളിൽ കാലുകൾ ഉറപ്പിച്ച് കാൽമുട്ടുകൾ വളച്ച് മലർന്ന് കിടക്കുക. ശേഷം ഉപ്പൂറ്റികൾ ബാളിൽ അമർത്തി അരക്കെട്ട് ഉയർത്തുക. അപ്പോൾ കാൽമുട്ടുകൾ മുതൽ തോളുകൾ വരെ നേർരേഖയിൽ വരികയും പിൻ മസിലുകൾ ഞെരുങ്ങുകയും ചെയ്യും. പിന്നെ, അരക്കെട്ട് പതിയെ താഴ്ത്തണം. ബാൾ സ്ഥിരതയോടെ നിൽക്കണം. നിതംബ, തുട മസിലുകളിലേക്കും പിൻവശത്തെ മറ്റു പേശികളിലേക്കും അതിന്റെ അനുരണനം എത്തുകയും ആ പേശികൾ കരുത്താർജിക്കുകയും ചെയ്യും - പ്രീതി കൂട്ടിച്ചേർക്കുന്നു.