Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightപാദം തറയിൽ...

പാദം തറയിൽ അമർന്നിരിക്കുകയാണോ? അവഗണിക്കരുത് ‘ഫ്ലാറ്റ് ഫീറ്റ്’

text_fields
bookmark_border
പാദം തറയിൽ അമർന്നിരിക്കുകയാണോ? അവഗണിക്കരുത് ‘ഫ്ലാറ്റ് ഫീറ്റ്’
cancel

നടക്കുമ്പോഴോ നിൽക്കുമ്പോഴോ പാദത്തിനടിയിലെ സ്വാഭാവികമായ വളവ് (ആർച്ച്) ഇല്ലാതെ പാദം പൂർണ്ണമായും തറയിൽ അമർന്നിരിക്കുന്ന അവസ്ഥയെയാണ് ‘ഫ്ലാറ്റ് ഫീറ്റ്’. പലരിലും ഇത് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറില്ലെങ്കിലും ചിലരിൽ ഇത് കഠിനമായ വേദനക്കും നടത്തത്തിലെ വ്യത്യാസങ്ങൾക്കും ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുന്നതിനും കാരണമായേക്കാം.

സാധാരണ നിലയിൽ പാദത്തിന്റെ ഉൾഭാഗത്തുള്ള വളവ് ശരീരഭാരം തുല്യമായി വിതരണം ചെയ്യാനും നടക്കുമ്പോൾ ആഘാതങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കും. എന്നാൽ ഫ്ലാറ്റ് ഫീറ്റ് ഉള്ളവരിൽ ഈ വളവ് കുറവോ അല്ലെങ്കിൽ തീരെ ഇല്ലാത്തതോ ആയതിനാൽ പാദം പൂർണ്ണമായും നിലത്ത് സ്പർശിക്കും. ഇത് പ്രധാനമായും രണ്ട് തരത്തിലുണ്ട്.

ഫ്ലെക്സിബിൾ ഫ്ലാറ്റ് ഫീറ്റ്: പാദം ഉയർത്തി വെക്കുമ്പോൾ വളവ് കാണുകയും നിലത്ത് അമർത്തുമ്പോൾ അത് അപ്രത്യക്ഷമാവുകയും ചെയ്യുന്ന അവസ്ഥ.

റിജിഡ് ഫ്ലാറ്റ് ഫീറ്റ്: പാദം എങ്ങനെ വെച്ചാലും വളവ് കാണാത്ത അവസ്ഥയാണിത്. ഇത് പലപ്പോഴും എല്ലുകളുടെ ഘടനയിലുള്ള പ്രശ്നങ്ങൾ മൂലമുണ്ടാകുന്നതും കൂടുതൽ വേദനക്ക് കാരണമാകുന്നതുമാണ്.

കാരണങ്ങൾ

ജനിതക കാരണങ്ങൾ: മാതാപിതാക്കൾക്ക് ഈ അവസ്ഥയുണ്ടെങ്കിൽ മക്കൾക്കും വരാൻ സാധ്യതയുണ്ട്.

പരിക്കുകൾ: പാദത്തിലെ ടെൻഡനുകൾക്കോ എല്ലുകൾക്കോ ഏൽക്കുന്ന പരിക്കുകൾ.

അമിതവണ്ണം: ശരീരഭാരം കൂടുന്നത് പാദങ്ങളിലെ സമ്മർദം വർധിപ്പിക്കുകയും വളവ് ഇല്ലാതാക്കുകയും ചെയ്യും.

വാർദ്ധക്യം: പ്രായമാകുമ്പോൾ പാദത്തിലെ ലിഗമെന്റുകൾക്ക് ബലക്കുറവ് സംഭവിക്കുന്നത് മൂലം വളവ് കുറയാം.

മറ്റ് രോഗങ്ങൾ: പ്രമേഹം, ആർത്രൈറ്റിസ് തുടങ്ങിയവ പാദത്തിന്റെ ആരോഗ്യത്തെ ബാധിക്കാം.

എല്ലാവരിലും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. എങ്കിലും പാദത്തിലോ ഉപ്പൂറ്റിയിലോ ഉണ്ടാകുന്ന വേദന, കണങ്കാലിന് ചുറ്റുമുള്ള നീർക്കെട്ട്, നടുവേദന പാദങ്ങളിലനുഭവപ്പെടുന്ന തളർച്ച എന്നിവ ശ്രദ്ധിക്കണം.

ചികിത്സ

ഫ്ലാറ്റ് ഫീറ്റ് പൂർണ്ണമായും മാറ്റാൻ കഴിയില്ലെങ്കിലും ലക്ഷണങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. പാദത്തിന് കൃത്രിമമായ വളവ് നൽകുന്നതിനായി ഷൂസിനുള്ളിൽ വെക്കാവുന്ന പ്രത്യേക പാഡുകൾ ഉപയോഗിക്കാം. കൃത്യമായ ആർച്ച് സപ്പോർട്ടും കുഷ്യനും ഉള്ള ഷൂസുകൾ ധരിക്കുക. ഹൈ ഹീലുകളും പരന്ന ചെരിപ്പുകളും ഒഴിവാക്കുക. പാദത്തിലെ പേശികളെ ബലപ്പെടുത്തുന്നതിനും ഫ്ലെക്സിബിലിറ്റി വർധിപ്പിക്കുന്നതിനുമുള്ള വ്യായാമങ്ങൾ ചെയ്യുക. അമിതവണ്ണം കുറക്കുന്നത് പാദങ്ങളിലെ സമ്മർദം കുറക്കാൻ സഹായിക്കും.

വ്യായാമങ്ങളോ മറ്റ് ചികിത്സകളോ ഫലിക്കാത്ത അതീവ ഗുരുതരമായ സാഹചര്യങ്ങളിൽ മാത്രമേ ശസ്ത്രക്രിയ നിർദേശിക്കാറുള്ളൂ. മാത്രവുമല്ല കൃത്യസമയത്ത് ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ തേടുന്നത് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സന്ധിവേദനകളും നടത്തത്തിലെ വൈകല്യങ്ങളും ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.

Show Full Article
TAGS:Health fitness Leg Health back pain 
News Summary - How flat feets affects your health
Next Story