ഷൂസ് തിരഞ്ഞെടുക്കുമ്പോൾ ആകൃതി നോക്കണം; ഫിറ്റ് ആണ് പ്രധാനം
text_fieldsഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ശരിയായ ഷൂസ് തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. കാലിലെ പ്രശ്നങ്ങൾ, സന്ധിവേദന, പുറം വേദന എന്നിവയെല്ലാം തെറ്റായ ഷൂസ് ധരിക്കുന്നതിലൂടെ ഉണ്ടാകാം. ശരിയായ ഫിറ്റ് ആണ് ഏറ്റവും പ്രധാനം. ഷൂസ് ഒരു കാരണവശാലും ഇറുകിയതോ, അയഞ്ഞതോ ആകരുത്. ഷൂസിനുള്ളിൽ വിരലുകൾക്ക് ചലിപ്പിക്കാൻ ആവശ്യമായ സ്ഥലം ഉണ്ടായിരിക്കണം. ഏറ്റവും നീളമുള്ള വിരലിനും ഷൂസിന്‍റെ അറ്റത്തിനും ഇടയിൽ ഏകദേശം 1-1.5 cm അല്ലെങ്കിൽ ഒരു വിരലിന്‍റെ വീതി അകലം വേണം. നടക്കുമ്പോൾ നിങ്ങളുടെ ഉപ്പൂറ്റി ഷൂസിനുള്ളിൽ തെന്നിമാറരുത്.
പാദത്തിന്‍റെ സ്വാഭാവികമായ വളവ് നിലനിർത്താൻ സഹായിക്കുന്ന ആർച്ച് സപ്പോർട്ട് ഷൂസിനുണ്ടായിരിക്കണം. ഇത് ഭാരം തുല്യമായി വിതരണം ചെയ്യാനും കാൽമുട്ട്, ഇടുപ്പ്, പുറം എന്നിവിടങ്ങളിലെ ആയാസം കുറക്കാനും സഹായിക്കുന്നു. അൽപ്പം വളയുകയും എന്നാൽ ദൃഢമായി ഇരിക്കുകയും ചെയ്യുന്ന ഷൂസാണ് നല്ല സപ്പോർട്ട് നൽകുന്നത്. ഒരു ഷൂ വളയേണ്ടത് പ്രധാനമായും കാൽവിരലുകൾക്ക് താഴെയുള്ള ഭാഗത്താണ്. ഈ ഭാഗം എളുപ്പത്തിൽ വളയുന്നുവെങ്കിൽ അത് മുന്നോട്ടുള്ള ചലനത്തിന് സഹായിക്കും. എന്നാൽ ഷൂവിന്‍റെ മധ്യഭാഗം ഉറപ്പുള്ളതായിരിക്കണം. അതായത് ആ ഭാഗം എളുപ്പത്തിൽ തിരിയുകയോ വളയുകയോ ചെയ്യാൻ പാടില്ല. ഇത് പാദത്തിന് സ്ഥിരതയും ആർച്ച് സപ്പോർട്ടും നൽകാൻ സഹായിക്കും.
നടക്കുമ്പോഴോ ഓടുമ്പോഴോ ഉണ്ടാകുന്ന ആഘാതം വലിച്ചെടുക്കാൻ സഹായിക്കുന്ന കുഷ്യനിങ് ഷൂസിൽ ഉണ്ടായിരിക്കണം. കട്ടിയുള്ളതും മൃദുവായി പാഡ് ചെയ്തതുമായ അടിഭാഗം (സോഫ്റ്റ് സോളുകൾ) തിരഞ്ഞെടുക്കുക. ഇത് കാൽവേദനയും സന്ധികൾക്ക് ഉണ്ടാകുന്ന ആയാസവും കുറക്കും. ഓടുമ്പോൾ, കാലുകൾ തറയിൽ തട്ടുന്നത് ശക്തമായ ആഘാതം ഉണ്ടാക്കുന്നു. ഇത് കുറക്കുന്നതിനും സന്ധികളിലും പേശികളിലുമുണ്ടാകുന്ന സമ്മർദം ലഘൂകരിക്കുന്നതിനും നന്നായി കുഷ്യൻ ചെയ്ത ഷൂസുകൾ അത്യന്താപേക്ഷിതമാണ്. ഇത് പരിക്ക് സാധ്യത കുറക്കുന്നു. നടത്തത്തിന്, ഓട്ടത്തിന് ആവശ്യമുള്ളത്ര കട്ടിയുള്ള കുഷ്യനിങ് ആവശ്യമില്ല. എങ്കിലും, ദീർഘദൂര നടത്തക്കാർക്ക് കാൽമുട്ടുകളിലും ഇടുപ്പുകളിലുമുണ്ടാകുന്ന ആയാസം കുറക്കാൻ മിതമായ കുഷ്യനിങ് സഹായിക്കും.
കടുപ്പമേറിയതും കുണ്ടും കുഴിയുമുള്ള പ്രതലങ്ങളിൽ നടക്കുമ്പോൾ കാൽപാദത്തെ സംരക്ഷിക്കുന്നതിനായി ഉറപ്പുള്ളതും എന്നാൽ ആവശ്യത്തിന് കുഷ്യനിങ്ങുള്ളതുമായ സോളുകൾ ആവശ്യമാണ്. ഓരോ പ്രവർത്തനത്തിനും കാലുകൾക്ക് വ്യത്യസ്തമായ സപ്പോർട്ടും സംരക്ഷണവുമാണ് വേണ്ടത്. ശരിയായ കുഷ്യനിങ് തിരഞ്ഞെടുക്കുന്നത് കായികക്ഷമത വർധിപ്പിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. ദിവസേന ഉപയോഗിക്കുന്ന ഷൂസുകൾക്ക് കുറഞ്ഞതോ മിതമായതോ ആയ ഹീൽ ഉയരം തിരഞ്ഞെടുക്കുക. ഉയർന്ന ഹീലുകൾ ശരീരത്തിന്‍റെ ബാലൻസ് തെറ്റിക്കുകയും കാൽമുട്ടുകളിലും താഴത്തെ പുറത്തും ആയാസം വർധിപ്പിക്കുകയും ചെയ്യും. ലേസുകളോ വെൽക്രോ ഫാസ്റ്റനറുകളോ ഉള്ള ഷൂസുകളാണ് സ്ലിപ്പ്-ഓൺ ഷൂസുകളേക്കാൾ നല്ലത്. ഇത് ഷൂസിനെ പാദവുമായി ഉറപ്പിച്ചു നിർത്താനും കൂടുതൽ മികച്ച സപ്പോർട്ട് നൽകാനും സഹായിക്കുന്നു. സ്ലിപ്പ്-ഓൺ ഷൂസുകൾ നിലനിർത്താൻ പാദത്തിലെ പേശികൾ കൂടുതൽ മുറുക്കേണ്ടി വരുന്നത് വേദനക്ക് കാരണമാകും.
ചിലതൊക്കെ ശ്രദ്ധിക്കണം
രണ്ട് കാലുകളും അളക്കുക: ഓരോ തവണ ഷൂസ് വാങ്ങുമ്പോഴും രണ്ട് പാദങ്ങളുടെയും നീളവും വീതിയും അളക്കുക. ഒരു കാൽ മറ്റേ കാലിനേക്കാൾ വലുതാകാൻ സാധ്യതയുണ്ട്. വലുപ്പമുള്ള കാലിന് അനുയോജ്യമായ അളവിലുള്ള ഷൂസ് തിരഞ്ഞെടുക്കുക.
സോക്സ് ധരിച്ച് പരീക്ഷിക്കുക: നിങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന അതേ തരം സോക്സ് ധരിച്ച് ഷൂസ് ഇട്ട് നോക്കുക.
നടന്നു നോക്കുക: ഷൂസ് ഇട്ട് അൽപ്പം നടക്കുകയോ ഓടുകയോ ചെയ്യുക. ആദ്യമായി ധരിക്കുമ്പോൾ തന്നെ സുഖകരമായി തോന്നണം. ഓട്ടം, നടത്തം, മറ്റ് വ്യായാമങ്ങൾ, ജോലി എന്നിവക്ക് പ്രത്യേക ഷൂസുകൾ തിരഞ്ഞെടുക്കുക. ഓട്ടത്തിന് ഉപയോഗിക്കുന്ന ഷൂസല്ല നടത്തത്തിന് ഉപയോഗിക്കേണ്ടത്.
പഴകിയാൽ മാറ്റുക: ഷൂസുകൾക്ക് അതിന്‍റേതായ ആയുസ്സുണ്ട്. ഉപയോഗം കൂടുന്നതിനനുസരിച്ച് അവയുടെ സപ്പോർട്ടും കുഷ്യനിങ്ങും കുറയും. പഴകിയാൽ ഷൂസുകൾ മാറ്റി വാങ്ങുക.


