ദീർഘായുഷ്മാൻ ഡയറ്റ് സത്യമോ?
text_fieldsഇന്നുമുതൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയാൽ രോഗമില്ലാതെ ദീർഘായുസ്സോടെയിരിക്കാൻ കഴിയുമോ? 16 രാജ്യങ്ങളിൽനിന്നുള്ള 37 വിദഗ്ധർ ചേർന്ന് തയാറാക്കിയ ‘പ്ലാനെറ്ററി ഹെൽത്ത് ഡയറ്റിന് (പി.എച്ച്.ഡി) അതിശയകരമായ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്നും ഒപ്പം പരിസ്ഥിതി സൗഹൃദവുമാണെന്നാണ്, ഇത് അവതരിപ്പിച്ച EAT -ലാൻസെറ്റ് കമീഷൻ അവകാശപ്പെടുന്നത്.
അടിസ്ഥാന സിദ്ധാന്തം തന്നെ
മെഡിറ്ററേനിയൻ ഡയറ്റിനോട് സാദൃശ്യമുള്ള പി.എച്ച്.ഡി ഡയറ്റിൽ പച്ചക്കറി, പഴങ്ങൾ, മുഴുധാന്യങ്ങൾ, മീൻ, പാൽ, കോഴിയിറച്ചി, അപൂരിത കൊഴുപ്പുള്ള സസ്യ എണ്ണകൾ തുടങ്ങിയവയുണ്ട്. ഏറ്റവും കുറച്ചു മാത്രം റെഡ് മീറ്റും പഞ്ചസാരയും പി.എച്ച്.ഡി ഡയറ്റിന്റെ പ്രത്യേകതയാണ്. ‘‘ദീർഘായുസ്സ് വാഗ്ദാനം ചെയ്യുന്ന ഡയറ്റുകളെല്ലാം ‘കുറച്ചു മാത്രം കാർബോ ഹൈഡ്രേറ്റും കൂടുതൽ ഫൈബറും പ്രോട്ടീനും സൂക്ഷ്മ പോഷകങ്ങളും’ എന്ന തത്ത്വത്തിൽ ഊന്നിയുള്ളതാണ്.
വെണ്ണ, പാമോയിൽ, വെളിച്ചെണ്ണ, ചീസ്, റെഡ് മീറ്റ് എന്നിവയിലെ പൂരിതകൊഴുപ്പിൽനിന്ന്, മീനിലും പച്ചക്കറിയിലുമുള്ള നല്ല കൊഴുപ്പിലേക്ക് മാറുകയാണ് പി.എച്ച്.ഡി ഡയറ്റിലൂടെ. ഹൃദ്രോഗ സാധ്യതയും കൊളസ്ട്രോളും പ്രമേഹവും ശരീരവീക്കവും മുതൽ അർബുദം വരെയും ചെറുക്കാൻ പര്യാപ്തമാണ് ഇത്തരമൊരു ഭക്ഷണശൈലി’’ -ഡൽഹി മാക്സ് ഹെൽത്ത്കെയറിലെ ഡയറ്റിറ്റിക്സ് ഡയറക്ടർ ഋതിക സമാദ്ദർ പറയുന്നു.
ഇന്ത്യൻ ഡയറ്റിലേക്ക് മാറ്റാൻ
പാശ്ചാത്യൻ അടിസ്ഥാനത്തിൽ ആവിഷ്കരിച്ച പി.എച്ച്.ഡി ഡയറ്റ് ഇന്ത്യൻ സാഹചര്യത്തിലേക്ക് പരിവർത്തിപ്പിക്കാൻ കഴിയുമെന്നും ഋതിക ചൂണ്ടിക്കാട്ടുന്നു. ഓരോ മേഖലയിലെയും സംസ്കാരത്തിലെയും ഭക്ഷണശീലങ്ങളിലേക്ക് പരമാവധി ഒരുമിപ്പിക്കാൻ ഇതിൽ സാധ്യതയുണ്ടെന്നും അവർ പറയുന്നു.
‘‘വീഗനിസത്തേക്കാൾ പ്രായോഗികമാണിത്. ഏതൊരു ഡയറ്റും പ്രായോഗികമാകണമെങ്കിൽ അതിനു വരുന്ന ചെലവ് കീശക്ക് ഒതുങ്ങണമെന്നതാണ്.
പരമ്പരാഗതമായി നമുക്കുള്ള ഭക്ഷണങ്ങളിൽ പലതിലും പി.എച്ച്.ഡി ഡയറ്റിൽ പറയുന്ന ഘടകങ്ങളുണ്ട്. അവ ഉപയോഗിച്ചു തുടങ്ങുകയാണ് വേണ്ടത്’’ -ഋതിക വിശദീകരിക്കുന്നു.
പരിമിതിയുണ്ട്
അയേൺ, കാൽസ്യം, സിങ്ക്, വൈറ്റമിൻ ബി 12, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ സസ്യഭക്ഷണങ്ങളേക്കാൾ മൃഗങ്ങളുടെ മാംസത്തിലാണ് കൂടുതലുള്ളത് എന്നത് പി.എച്ച്.ഡി ഡയറ്റിന്റെ പരിമിതിയാണ്. ഭക്ഷണ സംസ്കാരത്തിൽ മൃഗ മാംസം കൂടുതലുള്ള മേഖലയിലും പി.എച്ച്.ഡി ചോദ്യമുയർത്തുന്നു. ഇവിടെ മേഖലക്ക് അനുസരിച്ച് ഡയറ്റിനെ കസ്റ്റമൈസ് ചെയ്യുകയാണ് വേണ്ടതെന്നും വിദഗ്ധർ പറയുന്നു.