ഭക്ഷണക്രമം ലളിതമാണെങ്കിലും കൃത്യമായി നിയന്ത്രിക്കപ്പെട്ടത്; മെസ്സിയുടെ ഫിറ്റ്നെസ് സീക്രട്
text_fieldsമെസ്സി
ഫുട്ബോൾ ലോകത്തെ ലയണൽ മെസ്സിയുടെ സമാനതകളില്ലാത്ത ആധിപത്യം അദ്ദേഹത്തിന്‍റെ അസാധാരണമായ പ്രതിബദ്ധതയുടെ തെളിവാണ്. മെസ്സിയുടെ ഫിറ്റ്നെസ് സീക്രട് അറിയാൻ മെസ്സി ആരാധകർക്കും ആവേശമാണ്. 2014 മുതൽ മെസ്സി മുഴുവൻ ധാന്യങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണക്രമം സ്വീകരിക്കുകയും പൂർണ്ണമായും പഞ്ചസാര ഒഴിവാക്കുകയും ചെയ്തു. കാലക്രമേണ മെസ്സി താൻ കഴിക്കുന്ന ഭക്ഷണം, പരിശീലനം, വിശ്രമം എന്നിവയെല്ലാം ക്രമീകരിച്ചു. ഈ മാറ്റങ്ങളാണ് അദ്ദേഹത്തിന്‍റെ ശരീരത്തെ സംരക്ഷിക്കാനും പരിക്കുകൾ കുറക്കാനും വേഗത വർദ്ധിപ്പിക്കാനും സഹായിച്ചത്.
കരിയറിന്‍റെ തുടക്കത്തിൽ മെസ്സി ഒരുപാട് ഭക്ഷണം കഴിച്ചിരുന്നു. പഞ്ചസാരയടങ്ങിയ ലഘുഭക്ഷണങ്ങൾ, കോള, പിസ്സ, റെഡ് മീറ്റ് എന്നിവ സാധാരണമായിരുന്നു. കാലക്രമേണ അദ്ദേഹത്തിന്‍റെ ശരീരം ഇതിനോട് മോശമായി പ്രതികരിച്ചു. മത്സരങ്ങൾക്കിടെ ഓക്കാനം അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തിരുന്നു. അവിടുന്നാണ് മെസ്സി തന്‍റെ ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങിയത്. 2014 ഓടെ മെസ്സി ഇറ്റാലിയൻ ന്യൂട്രീഷ്യനിസ്റ്റ് ജിയൂലിയാനോ പോസറുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. വീക്കം കുറക്കുക, പേശികളുടെ വീണ്ടെടുക്കൽ വേഗത്തിലാക്കുക എന്നിവയായിരുന്നു ലക്ഷ്യം. 18 വയസ്സിൽ കഴിച്ചിരുന്നത് 27 വയസ്സിൽ ശരീരത്തിന് ഒരുപോലെ പ്രവർത്തിക്കില്ലെന്ന് മെസ്സി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ മാറ്റമാണ് അദ്ദേഹത്തിന്‍റെ ദീർഘകാല ഫിറ്റ്നസിന്‍റെ രഹസ്യം.
മെസ്സിയുടെ ഭക്ഷണക്രമം ലളിതമാണെങ്കിലും കൃത്യമായി നിയന്ത്രിക്കപ്പെട്ടതാണ്. ഒഴിവാക്കിയ ഭക്ഷണങ്ങളാണ് ഇവിടെ പ്രധാനം. പഞ്ചസാര, ശുദ്ധീകരിച്ച മാവ്, സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ, കോളകൾ, ജങ്ക് ഫുഡ് എന്നിവ പൂർണമായി ഒഴിവാക്കിയുള്ള ഭക്ഷണക്രമമാണ് മെസ്സി പിന്തുടരുന്നത്. പേശികൾക്ക് ഏറ്റവും ദോഷകരമായ ഒന്നാണ് പഞ്ചസാരയെന്ന് പോസർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇത് ഒഴിവാക്കിയത് മെസ്സിക്ക് പരിക്കുകളും വയറിലെ പ്രശ്നങ്ങളും കുറക്കാൻ സഹായിച്ചു. മാംസാഹാരം പൂർണ്ണമായി ഒഴിവാക്കിയിട്ടില്ലെങ്കിലും അതിന്‍റെ അളവ് നിയന്ത്രിക്കുന്നു. മത്സ്യം, കോഴിയിറച്ചി, പ്രോട്ടീൻ ഷേക്കുകൾ എന്നിവയിൽ നിന്നാണ് പ്രോട്ടീൻ ലഭിക്കുന്നത്. മെസ്സി പൂർണ്ണമായും സസ്യാഹാരിയാണെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിന്‍റെ ഭക്ഷണത്തിൽ സസ്യാഹാരങ്ങൾക്ക് മുൻഗണനയുണ്ടെന്നത് വ്യക്തമാണ്.
മത്സരത്തിന് ഏകദേശം പത്ത് ദിവസം മുമ്പ് കാർബോഹൈഡ്രേറ്റ് കുറക്കും. ഈ ഘട്ടത്തിൽ, ദിവസവും മൂന്ന് പ്രോട്ടീൻ ഷേക്കുകളും സ്ഥിരമായ ജലാംശവുമാണ് മെസ്സിയുടെ ഭക്ഷണക്രമം. കളിക്ക് അഞ്ച് ദിവസം മുമ്പ്, മഞ്ഞൾ, ഇഞ്ചി, മല്ലിയില തുടങ്ങിയ മസാലകൾ ചേർത്ത വെജിറ്റബിൾ സൂപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തും. ഈ ചേരുവകൾ രക്തയോട്ടത്തെ പിന്തുണക്കുന്നവയാണ്. കളിയുടെ തലേദിവസം, ഭക്ഷണം ലളിതമായിരിക്കും. പുഴുങ്ങിയ ഉരുളക്കിഴങ്ങ്, പച്ചിലകൾ, പഴങ്ങൾ എന്നിവയോടുകൂടിയ മത്സ്യമോ കോഴിയിറച്ചിയോ ആണ് പ്രധാന വിഭവം. കളി തുടങ്ങുന്നതിന് ഏകദേശം 90 മിനിറ്റ് മുമ്പ് വാഴപ്പഴം അല്ലെങ്കിൽ ആപ്പിൾ പോലുള്ള പഴങ്ങൾ മെസ്സി കഴിക്കുന്നു. ഇത് ദഹനത്തിന് സമ്മർദം നൽകാതെ പെട്ടെന്നുള്ള ഊർജ്ജം നൽകുന്നു.
കാർബണേറ്റഡ് സോഡകൾ മെസ്സി പൂർണ്ണമായും ഒഴിവാക്കുന്നു. പകരം പരമ്പരാഗത തെക്കേ അമേരിക്കൻ പാനീയമായ യെർബ മാറ്റേ കുടിക്കുന്നത്. ഇത് അമിതമായ പഞ്ചസാരയില്ലാതെ കഫീൻ നൽകുകയും ഉന്മേഷം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. പരിശീലനത്തിന് മുമ്പോ മത്സരങ്ങൾക്ക് മുമ്പോ മെസ്സി ഇത് കുടിക്കുന്നത് കാണാം. അധിക സമയവും പെനാൽറ്റികളും ഉൾപ്പെടെ ഫുട്ബോൾ മത്സരങ്ങൾ രണ്ട് മണിക്കൂറിലധികം നീണ്ടുനിൽക്കും. അതിനാൽ കളിക്കുന്നതിന് മുമ്പും ശേഷവും ഇടയിലും വെള്ളം ധാരാളമായി കുടിക്കുന്നത് മെസ്സിയുടെ സ്ഥിരം ശീലമാണ്. ഇത് സ്റ്റാമിനയെയും പേശികളുടെ പ്രവർത്തനത്തെയും പിന്തുണക്കുന്നു.
മെസ്സിയുടെ പരിശീലനത്തിലെ ശ്രദ്ധേയമായ ഒരു ശീലം സ്ട്രെച്ചിങ് ആണ്. ബാഴ്സലോണയിൽ കളിക്കുന്ന സമയത്ത് കഠിനമായ പരിശീലനത്തിന് മുമ്പ് അദ്ദേഹം ദിവസവും ഒരു മണിക്കൂറോളം സ്ട്രെച്ചിങ്ങിനായി ചെലവഴിച്ചിരുന്നു. പേശികളുടെ വഴക്കം നിലനിർത്താനും പരിക്കിന്റെ സാധ്യത കുറക്കാനും ഈ ശീലം സഹായിക്കുന്നു. കുറഞ്ഞ ഭാരവും സ്വന്തം ശരീരഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങളുമാണ് കരുത്ത് പരിശീലനത്തിനായി ഉപയോഗിക്കുന്നത്. സ്ക്വാറ്റുകൾ, ലഞ്ചസ്, ഗ്ലൂട്ട് ബ്രിഡ്ജുകൾ, കോർ വർക്കുകൾ എന്നിവ ബലം കൂട്ടുന്നതിനേക്കാൾ ശരീരത്തിന്‍റെ സ്ഥിരത വർധിപ്പിക്കാൻ സഹായിക്കുന്നു.


