Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_right59 ാം വയസ്സിലും...

59 ാം വയസ്സിലും ഫിറ്റ്നസ് ഫ്രീക്ക്; മിലിന്ദ് സോമൻ അതിന്റെ രഹസ്യം പറയുന്നു

text_fields
bookmark_border
59 ാം വയസ്സിലും ഫിറ്റ്നസ് ഫ്രീക്ക്;   മിലിന്ദ് സോമൻ അതിന്റെ രഹസ്യം പറയുന്നു
cancel

90കളിലെ ഒരു സൂപ്പർ മോഡലിൽനിന്ന് ആധുനിക ഫിറ്റ്നസ് ട്രെയിൽ ബ്ലേസറായി മാറിയ മിലിന്ദ് സോമൻ പ്രായത്തോടുള്ള സ്വന്തം വെല്ലുവിളി തുടരുകയാണ്. മുംബൈ മുതൽ ഗോവ വരെ കാൽനടയായും സൈക്കിളിലും 558 കിലോമീറ്റർ ഒറ്റക്ക് സഞ്ചരിച്ച 59കാരൻ ‘ഫിറ്റ്നസ്’ എന്നതിന്റെ യഥാർത്ഥ അർത്ഥം വീണ്ടും രാജ്യത്തിന് കാണിച്ചുകൊടുത്തിരിക്കുകയാണ്. ‘ഫിറ്റ് ഇന്ത്യ റണ്ണി’ന്റെ അഞ്ചാം പതിപ്പിന്റെ ഭാഗമായി മിലിന്ദ് മഹാരാഷ്ട്രയിലെ കൊങ്കൺ തീരത്ത് 5 ദിവസത്തെ ഓട്ടം പൂർത്തിയാക്കി. പെൻ, കൊളാഡ്, ചിപ്ലൂൺ, രത്നഗിരി തുടങ്ങിയ പട്ടണങ്ങൾ കടന്ന് ഗോവയിലെത്തി. ഇതിനു പുറമെ, മിലിന്ദും ഭാര്യ അങ്കിത കോൺവാറും അടുത്തിടെ നടന്ന ഒരു അവാർഡ് ഷോയിൽ ‘ഫിറ്റസ്റ്റ് ജോഡി ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

‘ദി ഫ്രീ ജേണലു’മായുള്ള പ്രത്യേക അഭിമുഖത്തിൽ തന്റെ ഭക്ഷണക്രമം, ഒരിക്കലും ജിമ്മിൽ പോകാത്തതിന്റെ കാരണം എന്നിവയെക്കുറിച്ചുള്ള ചിന്തകൾ മിലിന്ദ് പങ്കുവെച്ചു. 5 ദിവസത്തെ ഓട്ടത്തിനുള്ള തന്റെ തയ്യാറെടുപ്പിനെക്കുറിച്ച് മിലിന്ദ് വിശദീകരിച്ചു. ‘ഞാൻ എപ്പോഴും തയ്യാറാവുന്നു. ഫിറ്റ്നസ് ആയിരിക്കുന്നതിന്റെ മുഴുവൻ ആശയവും അതാണ്. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന എന്തിനും നിങ്ങൾ തയ്യാറായിരിക്കണം’

അസാധാരണമായ എന്തെങ്കിലും ഇല്ലെങ്കിൽ നിങ്ങൾ അതിനായി തയ്യാറെടുക്കേണ്ടതില്ല. വളരെ വളരെ വേഗത്തിൽ ഓടാൻ പോകുകയാണെന്ന് കരുതുക. അപ്പോൾ അതിനായി തയ്യാറെടുക്കേണ്ടതുണ്ട്.

അത്തരമൊരു ആവേശകരമായ ഫിറ്റ്നസ് യാത്രയിൽ തന്റെ ഭക്ഷണ തിരഞ്ഞെടുപ്പുകളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. ‘എനിക്ക് ലഭിക്കുന്നതെന്തും ഞാൻ കഴിക്കുന്നു. കാരണം അവിടെ എന്തു കിട്ടുമെന്ന് നിങ്ങൾക്ക് ഒരിക്കലും അറിയില്ല.. പാക്ക് ചെയ്ത ഭക്ഷണങ്ങൾ കൊണ്ടുപോകാറില്ല. എന്റെ കൈവശം കുറച്ച് ഡ്രൈ ഫ്രൂട്ട്‌സും അതുപോലുള്ള സാധനങ്ങളുമുണ്ടാവും. എന്നാൽ, ഇന്ത്യയിലൂടെ കടന്നുപോകുമ്പോൾ വ്യത്യസ്ത പ്രദേശങ്ങളും വ്യത്യസ്ത ഭക്ഷണങ്ങളുമുണ്ടാവും. അതിനാൽ, ലഭ്യമായതെന്തും നിങ്ങൾ കഴിക്കുക. പക്ഷേ, പാക്ക് ചെയ്ത് സംസ്കരിച്ച് ശുദ്ധീകരിച്ചതിനേക്കാൾ അത് പുതിയതും നല്ലതുമായിരിക്കാൻ ​ശ്രദ്ധിക്കുക.’

വ്യായാമ വേളകളിൽ തന്റെ പതിവ് ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒന്നും പതിവില്ല. എന്തും ആകാം എന്നായിരുന്നു മിലിന്ദിന്റെ മറുപടി. ‘രാവിലെ പഴങ്ങളും എന്തും കഴിക്കും. വീട്ടിൽ പാകം ചെയ്ത പുതിയതും തദ്ദേശീയവുമായ സീസണൽ ഭക്ഷണങ്ങളും ഇഷ്ടമാണ്. അത് ദാൽ ഖിച്ച്ഡി ആകാം. ദാൽ ചാവൽ ആകാം. റൊട്ടി സബ്സി ആകാം. ഞാൻ സസ്യാഹാരിയല്ല. അതിനാൽ നോൺ വെജിറ്റേറിയൻ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാനത് കഴിക്കും. അതിൽ മുട്ട ഉണ്ടാകാം. പ്രത്യേകമായ ഒരു ഫോർമുലയുമില്ല - അദ്ദേഹം വിശദീകരിച്ചു.

‘ഒരു ദിവസത്തെ ഒരു മിനിറ്റ് പോലും നിങ്ങളുടെ ജീവിതം മാറ്റിമറിക്കും’

വ്യായാമം ചെയ്യാൻ സമയമില്ല എന്ന പതിവ് ഒഴികഴിവിന് മറുപടിയായി മിലിന്ദ് പറയുന്നത് നോക്കുക. ‘എനിക്ക് ഒരു ദിനചര്യയില്ല. ഞാൻ ഒരിക്കലും ജിമ്മിൽ പോകാറില്ല. നിങ്ങൾക്ക് സമയമില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം എങ്കിൽ നിങ്ങൾ വ്യായാമം ചെയ്യാൻ ഒരു മിനിറ്റ് നീക്കിവച്ചാൽ മതി. ആദ്യം ഒരു മൂവ്മെന്റ് പഠിക്കാൻ തുടങ്ങുന്നു. പുഷ് അപ്പുകൾ പോലെ. ഒരുപക്ഷേ ആ സമയത്തിനുള്ളിൽ നിങ്ങൾക്ക് ഒരു പുഷ് അപ്പ് പോലും എടുക്കാൻ കഴിഞ്ഞേക്കില്ല. പക്ഷേ, നിങ്ങൾ പഠിക്കാൻ തുടങ്ങുന്നു. ആദ്യം മതിലിനെതിരെ, പിന്നീട് ഒരു മേശക്കെതിരെ, പിന്നീട് ഒരു കസേരക്കെതിരെ, തുടർന്ന് തറയിൽ, തുടർന്ന് നിങ്ങളുടെ മുട്ടുകുത്തി, തുടർന്ന് ശരിയായ പുഷ് അപ്പ്. പിന്നെ ഒരു മിനിറ്റിൽ നിങ്ങൾക്ക് എത്ര തവണ ചെയ്യാൻ കഴിയുമെന്ന് നോക്കുക.’

ഒടുവിൽ നിങ്ങൾ എവിടെ എത്തുമെന്ന് ആർക്കറിയാം? ഒരു മിനിറ്റിനുള്ളിൽ 70 ഉം 80 ഉം പുഷ് അപ്പുകൾ ചെയ്യുന്ന പെൺകുട്ടികളെ എനിക്കറിയാം. ഒരു മിനിറ്റിൽ തുടങ്ങിയാലും നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന് പരിധിയില്ല. നിങ്ങൾ മെച്ചപ്പെടാൻ തുടങ്ങുമ്പോൾ അത് നിങ്ങളെ പ്രചോദിപ്പിക്കും.’

അപ്പോൾ ജിം വേണ്ട. നിശ്ചിത ഭക്ഷണമില്ല. കർശനമായ ദിനചര്യകളില്ല. ചലനം, ശ്രദ്ധ, മിതത്വം - അതാണ് മിലിന്ദ് സോമന്റെ രീതി.




Show Full Article
TAGS:Milind Soman fitness healthy lifestyle wellness 
News Summary - Milind Soman's Secret To Staying Fit At 59
Next Story