'20കളിൽ ചെയ്യുന്ന തെറ്റുകൾക്ക് പിന്നീട് വലിയ വില കൊടുക്കേണ്ടി വരും': രോഗങ്ങൾ വരാതിരിക്കാൻ ചിലതൊക്കെ ശ്രദ്ധിക്കണം
text_fields20കളിൽ എടുക്കുന്ന തീരുമാനങ്ങൾ വരും കാലങ്ങളിൽ നമ്മുടെ ആരോഗ്യത്തെ കാര്യമായി സ്വാധീനിക്കുമെന്ന് കാർഡിയോതൊറാസിക് സർജനും മാധുരി ദീക്ഷിതിന്‍റെ ഭർത്താവുമായ ഡോ. ശ്രീറാം നെനെ ഓർമിപ്പിക്കുന്നു. പുതിയ കരിയർ, വികസിക്കുന്ന സൗഹൃദവലയങ്ങൾ, അനന്തമായ സാധ്യതകൾ എന്നിവക്കിടയിൽ ഈ പ്രായത്തിൽ പലപ്പോഴും ആരോഗ്യത്തിന് വേണ്ടത്ര മുൻഗണന നൽകാതെ പോകാം. എല്ലാവർക്കും തങ്ങളെ ഒന്നും ബാധിക്കില്ലെന്ന് കരുതാനാണ് ഇഷ്ടം.
20കളിൽ നിങ്ങൾ കരുതുന്നത് നിങ്ങളെ ഒന്നും ബാധിക്കില്ല, എന്തും ചെയ്യാം എന്നായിരിക്കും. എന്നാൽ ഓരോ ദിവസവും വലിയ ആഘാതങ്ങൾ ഏറ്റുവാങ്ങുന്നുണ്ടെന്ന് നിങ്ങൾ തിരിച്ചറിയുന്നില്ല. പിന്നീട് ഹൃദ്രോഗമോ കാൻസറോ മറ്റോ വരുമ്പോൾ, നിങ്ങൾക്ക് ഒരിക്കലും പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകാൻ കഴിയില്ലെന്നും നെനെ പറയുന്നു. 20കൾ നിർണായക കാലഘട്ടമാണ്. ആരോഗ്യകരമായ ശീലങ്ങൾ സ്ഥാപിക്കാനുള്ള ഏറ്റവും നല്ല സമയമെന്ന് പബ്ലിക് ഹെൽത്ത് ഇന്‍റലെക്ച്വൽ ഡോ. ജഗദീഷ് ജെ. ഹിരേമഠ് പറയുന്നു. നിങ്ങളുടെ 20കൾ കണ്ടെത്തലുകളുടെ സമയമാണ്. എന്നാൽ അനാരോഗ്യകരമായ ശീലങ്ങൾ ഒളിച്ചുകടന്നു വരുന്ന സമയവുമാണ്. പുകവലി, അമിതമായ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവയും ഒഴിവാക്കണം.
വ്യായാമം ഒഴിവാക്കരുത്. സ്ഥിരമായി ഇരിക്കുന്ന ജീവിതശൈലി ശരീരഭാരം കൂടാനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും മെറ്റബോളിക് രോഗങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കും. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം ചെയ്യുന്നത് നല്ലതാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര കലർന്ന പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ വർധിപ്പിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകളാൽ സമ്പന്നമായ ഒരു സമീകൃതാഹാരം കഴിക്കുന്നത്. യുവാക്കൾക്കിടയിൽ ഉറക്കക്കുറവ് സാധാരണമാണ്. എന്നാൽ ഇത് നിസ്സാരമല്ല. രക്താതിമർദ്ദം, പ്രമേഹം, വിഷാദം, ശരീരഭാരം വർധിക്കൽ എന്നിവക്കുള്ള സാധ്യത വർധിപ്പിക്കും. കൃത്യമായ ഉറക്ക ഷെഡ്യൂൾ പാലിച്ചും ശാന്തമായ ഉറക്ക അന്തരീക്ഷം സൃഷ്ടിച്ചും ഉറക്കത്തിന് മുൻഗണന നൽകേണ്ടത് ആവശ്യമാണ്.
നിങ്ങൾ ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ വരും കാലങ്ങളിൽ നിങ്ങളുടെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കും. 20കളിലെ നല്ല ശീലങ്ങൾ രക്താതിമർദ്ദം, ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും. മൊത്തത്തിലുള്ള ശാരീരികക്ഷമത മെച്ചപ്പെടുത്താൻ കാർഡിയോ വർക്കൗട്ടുകൾക്കൊപ്പം സ്ട്രെങ്ത് ട്രെയിനിങ്ങും ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്. പഞ്ചസാര പാനീയങ്ങളും സംസ്കരിച്ച ലഘുഭക്ഷണങ്ങളും കഴിക്കുന്നത് കഴിയുന്നത് കുറക്കണം. ദിനചര്യയിൽ യോഗ, ധ്യാനം, പ്രകൃതിയിൽ സമയം ചെലവഴിക്കൽ എന്നിവ പോലുള്ള സമ്മർദ്ദം കുറക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.


