ഏത് പ്രോട്ടീൻ... പ്ലാൻറ് പ്രോട്ടീൻ, ഏത് പ്രോട്ടീൻ...അനിമൽ പ്രോട്ടീൻ
text_fieldsമൃഗ പ്രോട്ടീനോ സസ്യ പ്രോട്ടീനോ നല്ലതെന്ന സംവാദം കുറെക്കാലമായി നടക്കുന്നെങ്കിലും അതിലൊരു തീരുമാനമായിട്ടില്ല, ഇനിയൊട്ട് തീരാനും പോണില്ല. കാരണം ഓരോന്നിനും അതിന്റേതായ ഗുണമുണ്ട് ദാസാ...
പ്രോട്ടീൻ സമൃദ്ധമായ പയർ, പരിപ്പ്, സോയ ഉൽപന്നങ്ങൾ, വിത്തുകൾ, മുഴുധാന്യങ്ങൾ എന്നിങ്ങനെയുള്ള സസ്യ ഉൽപന്നങ്ങളും മുട്ട, കോഴിയിറച്ചി, പാലുൽപന്നങ്ങൾ, ഇറച്ചി, മത്സ്യം എന്നിങ്ങനെയുള്ള മൃഗ പ്രോട്ടീനുകളും തമ്മിലാണ് ഈ മത്സരം. ഓരോ വിഭാഗത്തിനും ഫാൻസുമുണ്ട്. ആരോഗ്യം, ചെലവ്, പ്രായോഗികത തുടങ്ങിയവ പരിഗണിക്കുമ്പോൾ ഏതാണ് മികച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
സസ്യ പ്രോട്ടീൻ V/s മൃഗ പ്രോട്ടീൻ
‘‘നമ്മുടെ ശരീരം വളരാനും അറ്റകുറ്റപ്പണി നടത്താനും അതിന് ഊർജം നേടാനും ആവശ്യമുള്ള പോഷകമാണ് പ്രോട്ടീൻ. ജീവന്റെ അവശ്യഘടകമായ അമിനോ ആസിഡുകൾകൊണ്ടാണ് അവ ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രോട്ടീനുകളും അമിനോ ആസിഡുകൾ നൽകുന്നു. ഓരോന്നിൽ നിന്നു ലഭിക്കുന്നതിന്റെ അളവ് വ്യത്യാസമുണ്ടെന്ന് മാത്രം.’’ -ആകാശ് ഹെൽത്ത്കെയർ ഡയറ്റിറ്റിക്സ് തലവൻ ഗിന്നി കൽറ പറയുന്നു.
മൃഗ പ്രോട്ടീൻ സമ്പൂർണ പ്രോട്ടീനാണെന്ന് വിദഗ്ധർ പറയുന്നുണ്ട്. ‘‘ നിങ്ങളുടെ ശരീരത്തിന് നിർമിക്കാനാവാത്ത ഒമ്പത് അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നത് മൃഗ പ്രോട്ടീനിലാണ്. മിക്ക സസ്യ പ്രോട്ടീനുകളും അപൂർണമാണ്. അതേസമയം, ഇവ പലതും ഒന്നിച്ചുചേർത്ത് സമ്പൂർണമാക്കാം’’ -ന്യൂട്രീഷ്യനിസ്റ്റ് താന്യ ഖന്ന അഭിപ്രായപ്പെടുന്നു.
അതേസമയം, സ്ഥിരമായി വാങ്ങി ഉപയോഗിക്കാൻ കഴിയുന്നത് ഏതാണെന്നതിനെ അടിസ്ഥാനപ്പെടുത്തി വേണം സമൂഹത്തിന് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്ന പ്രോട്ടീൻ ഏതെന്ന് നിശ്ചയിക്കേണ്ടതെന്നാണ് കീറ്റോ കോച്ച് രാഹുൽ കംറ പറയുന്നത്. പേശി നിർമാണത്തിന് ഏറ്റവും അനുയോജ്യം എന്നതു മാത്രമല്ല, ഫൈബറും ആന്റി ഓക്സിഡന്റും ഫൈറ്റോനൂട്രിയന്റ്സുമെല്ലാം മൃഗ പ്രോട്ടിനിലുണ്ടെന്ന് താന്യയും പറയുന്നു.
എന്നാൽ, ഗിന്നി വിശദീകരിക്കുന്നത് വേറൊരു വിധമാണ്: ‘‘രണ്ടും സമ്പൂർണമെന്ന് തീർപ്പു പറയാനാവില്ല. രണ്ടിനും ഗുണങ്ങളുണ്ട്. ദൈനംദിന പ്രോട്ടീൻ ആവശ്യത്തിന് ഇവയുടെ സന്തുലിത ഉപയോഗമാണ് ശീലിക്കേണ്ടത്. അരിയും പരിപ്പും, അല്ലെങ്കിൽ റൊട്ടിയും പനീറും എന്നിങ്ങനെ കോമ്പിനേഷനുകൾ സൃഷ്ടിച്ച് വെജിറ്റേറിയൻമാർക്ക് പ്രോട്ടീൻ ആവശ്യം സഫലമാക്കാം.’’ അവർ കൂട്ടിച്ചേർക്കുന്നു.
പലരും കരുതുംപോലെ അത്ര വിലയേറിയതല്ല മിക്ക പ്രോട്ടീൻ ഭക്ഷണങ്ങളും. ഇറച്ചികളെയും മീനിനെയും താരതമ്യം ചെയ്യുമ്പോൾ ദൈനംദിന പ്രോട്ടീൻ ആവശ്യം നിറവേറ്റാൻ കഴിവുള്ള പരിപ്പുകളും മറ്റും വിലയുള്ളതല്ല എന്നത് സസ്യ പ്രോട്ടീന്റെ മേന്മയായി പലരും ചൂണ്ടിക്കാട്ടുന്നു.
ചുരുക്കിപ്പറഞ്ഞാൽ, പ്രോട്ടീൻ അനിവാര്യമാണ്. എന്നാലതിന്റെ ഉറവിടമെന്നത് ഓരോരുത്തരുടെയും ജീവിതശൈലി, സാമ്പത്തിക നില തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കേണ്ടത്.