ദിവസവും ഓടാറുണ്ടോ? ഏറെയാണ് ഗുണങ്ങൾ; ഹൃദയാരോഗ്യം മുതൽ മാനസികാരോഗ്യം വരെ മെച്ചപ്പെടും
text_fieldsഏറ്റവും മികച്ച വ്യായാമ മാർഗ്ഗങ്ങളിലൊന്നാണ് ഓട്ടം. ശാരീരികവും മാനസികവുമായ ആരോഗ്യം ഓട്ടത്തിലൂടെ നേടിയെടുക്കാം. ആരോഗ്യകരമായ ജീവിതത്തിന് നിത്യേന അല്‍പനേരമുളള ഓട്ടം ജീവിതശൈലിയുടെ ഭാഗമാക്കാവുന്നതാണ്. ദിവസവും അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ ഓടുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റ് രോഗങ്ങള്‍ എന്നിവ തടയുകയും മരണസാധ്യത കുറയ്ക്കുകയും ചെയ്യും. സ്ഥിരമായി ജോഗിങ് ചെയ്യുന്നതിലൂടെ പേശികളും എല്ലുകളും ശക്തിപ്പെടുകയും ചെയ്യും. ഹൃദയ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് രക്ഷനേടാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ഓട്ടം നമ്മെ സഹായിക്കും. ഓട്ടത്തിന്‍റെ മറ്റ് നിരവധിയായ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
അധിക കലോറി കത്തിച്ചുകളയാം
ഓട്ടം ശരീരം മുഴുവൻ അനക്കമുണ്ടാക്കുന്നു. കൂടാതെ ശരീരത്തിലെ അധികമുള്ള കലോറി വേഗത്തിൽ കത്തിച്ചു കളയുന്നു. ഓട്ടത്തിലൂടെ നിങ്ങൾക്ക് കലോറിയും കൊഴുപ്പും കുറയ്ക്കാം. കലോറി കൂടുതൽ കത്തിക്കുന്നത് അനുസരിച്ച് ശരീരഭാരം കുറയും. ശരീരം ഫിറ്റായിരിക്കാനും ഇത് സഹായിക്കും.
ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ ഓട്ടം ഏറെ നിർണായകമാണ്. ഹൃദയം ഒരു എഞ്ചിൻ പോലെയാണ്. നിങ്ങൾ ഓടുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുമ്പോൾ ആ എഞ്ചിൻ കൂടുതൽ രക്തം പമ്പ് ചെയ്യും. അതുവഴി ശരീരത്തിലെ മറ്റ് പേശികളിലേക്കും അവയവങ്ങളിലേക്കും കൂടുതൽ ഓക്സിജനെത്തും. ഇതിന്റെ ഫലമായി കൂടുതൽ രക്തം ഹൃദയത്തിലേക്ക് മടങ്ങിവരും. അങ്ങനെ ആ സൈക്കിൾ തുടരും. കൂടുതൽ ഓടുമ്പോൾ നിങ്ങളുടെ ഹൃദയം വികസിക്കുകയും ശക്തമാവുകയും ചെയ്യും.
മാനസികാരോഗ്യം വളർത്താം, ഉൻമേഷം വർധിപ്പിക്കാം
അതിരാവിലെ എഴുന്നേറ്റ് ജോഗിങ് ചെയ്യുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ശരീരത്തിനും മനസിനും കൂടുതൽ ഉൻമേഷം നൽകും. ശരീരത്തിന് കൂടുതൽ ഓക്സിജൻ ലഭിക്കുന്നു. ഓട്ടം തലച്ചോറില്‍ എന്‍ഡോര്‍ഫിനുകള്‍ എന്ന രാസവസ്തു പുറത്തുവിടുകയും ഇത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ, ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും കഴിയും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
പ്രമേഹം ഇക്കാലത്തെ വലിയൊരു ആരോഗ്യപ്രശ്നമാണ്. പ്രമേഹ രോഗികൾ ദിവസവും അഞ്ച് മിനിറ്റ് ഓടിയാൽ അതിന്‍റെ ഗുണം വളരെ വലുതാണ്. രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് കൂടുകയോ കുറയുകയോ ചെയ്യാതെ സന്തുലിതാവസ്ഥ നിലനിർത്താൻ ദിവസവുമുള്ള അഞ്ച് മിനിട്ട് ഓട്ടം സഹായിക്കും.
നല്ല ഉറക്കം ലഭിക്കുന്നു
ചിലർക്ക് ഉറക്കമില്ലായ്മ വലിയൊരു പ്രശ്നമാണ്. മൊബൈലിൽ സന്ദേശമയച്ചും ചാറ്റുചെയ്തുമാകും രാത്രി ചെലവഴിക്കുക. ഓട്ടത്തിലൂടെ ഉറക്കമില്ലായ്മക്ക് പരിഹാരം കാണാം. സ്ഥിരമായി ഓടുന്നയാളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും നന്നായി പ്രവർത്തിക്കും. തലച്ചോറും സജീവമാകും. സമയമാകുമ്പോഴേക്കും ഉറക്കം തനിയെ വരും. ശരീരത്തിലെ ബയോക്ലോക്ക് നന്നായി പ്രവർത്തിക്കുന്നതിലൂടെയാണ് ഉറക്കം ശരിയായ നിലയിലേക്ക് വരുന്നത്.
രക്തസമ്മർദ്ദം ക്രമീകരിക്കുന്നു
പ്രമേഹം പോലെ തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നമാണ് രക്തസമ്മർദ്ദം. ഇത് ഉയർന്നാൽ അത് ശരീരത്തിന്റെ മറ്റ് അവയവങ്ങൾക്ക് അപകടകരമാണ്. ഹൃദയാഘാത സാധ്യതയും കൂടും. അതിനാൽ നിങ്ങൾ ദിവസവും അഞ്ച് മിനിറ്റ് നന്നായി ഓടിയാൽ ഹൃദയത്തിന്‍റെ പ്രവർത്തനം നല്ലതുപോലെ മെച്ചപ്പെടും. ഹൃദയത്തിലേക്ക് രക്തം എത്തിക്കുകയാണെങ്കിൽ, ധമനികളിലെ കൊഴുപ്പ് അടിഞ്ഞിരിക്കുന്നത് അലിഞ്ഞുപോവുകയും രക്ത വിതരണം സാധാരണ നിലയിലാവുകയും ചെയ്യും. അതേസമയം ഹൃദ്രോഗമോ മറ്റ് ആരോഗ്യപ്രശ്നമോ ഉള്ളവർ ജോഗിങ് ചെയ്യുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
കാലുകളെ ബലവത്താക്കുന്നു
ഇടുപ്പിനു അനുബന്ധമായും അതിനു താഴെയുമുള്ള വലിയ പേശികൾ കാലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നവയാണ്. ക്വാട്രൈസെപ്സ്, ഹാംസ്ട്രിംഗ്, കാഫ് മസിൽ, ഗ്ലൂട്ട് മസിൽസ് എന്നിങ്ങനെ നാല് പ്രധാന പേശികളെ കാര്യക്ഷമമായി ഉപയോഗിക്കുന്ന വ്യായാമമാണ് ഓട്ടം. നിങ്ങൾ ഓടുകയും നിരന്തരം അതാവർത്തിക്കുകയും ചെയ്യുമ്പോൾ ക്രമേണ ഈ പേശികളുടെ ശക്തി വർധിക്കുകയും എളുപ്പത്തിൽ നടക്കാനും ഓടാനും പടികൾ കയറാനും സാധിക്കുകയും ചെയ്യും.
അർബുദ സാധ്യത കുറക്കുന്നു
ഓട്ടം കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് ധാരാളം ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വ്യായാമത്തിൽ ഏർപ്പെടുന്നവർക്ക് വൻകുടലിലെ കാൻസർ വരാനുള്ള സാധ്യത 70% വും സ്തനാർബുദം വരാനുള്ള സാധ്യത 30 മുതൽ 40% വരെയും കുറവാണ്. പ്രോസ്റ്റേറ്റ് കാൻസർ സാധ്യത 5% മുതൽ 65% വരെ കുറക്കുന്നു.
ലോകമെമ്പാടുള്ള, സ്തനാർബുദം സ്ഥിരീകരിച്ചവർ ഉൾപ്പടെ 131,000ത്തോളം സ്ത്രീകളുടെ ജനിതക വിശകലനം നടത്തി പഠനം തയ്യാറാക്കി. ഈ പഠനത്തിൽ കൂടുതൽ ഊർജസ്വലമായി പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് നിഷ്ക്രിയരായവരെ അപേക്ഷിച്ച് സ്തനാർബുദ സാധ്യത 41% കുറവാണെന്ന് കണ്ടെത്തി. ഇതിനർഥം ഓട്ടം പോലുള്ള ശാരീരിക പ്രവർത്തനങ്ങൾ നിങ്ങളുടെ ശരീരത്തെ ഇതുപോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും എന്നാണ്.
ഓടാന്‍ പോകും മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളും ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്. അതിനായി നിരന്തരം പല വ്യായാമങ്ങളും ഭക്ഷണക്രമങ്ങളുമൊക്കെ പരീക്ഷിക്കാറുണ്ട്. അത്തരത്തില്‍ മിക്കവരും തെരഞ്ഞെടുക്കുന്ന ഒരു മാര്‍ഗമാണ് ഓട്ടം. എന്നാല്‍ ഓടാന്‍ തുടങ്ങും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ ആദ്യമായി ഓടാന്‍ തുടങ്ങുകയോ നീണ്ട ഇടവേളയ്ക്ക് ശേഷം അതിലേക്ക് തിരികെ വരികയോ ആണെങ്കില്‍ നിങ്ങളുടെ ഓട്ടത്തിന്റെ വേഗത സാവധാനത്തില്‍ സ്ഥിരതയോടെ വർധിപ്പിക്കുക എന്നത് പ്രധാനമാണ്.
1. സാവധാനം ആരംഭിക്കുക: പുതിയ ആളുകള്‍ ഓടാന്‍ തുടങ്ങുമ്പോള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകള്‍ ആദ്യം തന്നെ വളരെ വേഗത്തില്‍ ഓടാന്‍ തുടങ്ങുന്നു എന്നതാണ്. ഇത് ചെയ്യുന്നത് ഒഴിവാക്കുക. ഓട്ടം നിങ്ങളുടെ ശരീരത്തില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നു. ആദ്യം കുറഞ്ഞ ദൂരത്തിലും കുറഞ്ഞ വേഗതയിലും ഓടാന്‍ തുടങ്ങുക പിന്നീട് കാലക്രമേണ നിങ്ങളുടെ വേഗതയും ദൂരവും വര്‍ദ്ധിപ്പിക്കാവുന്നതാണ്.
2. നിങ്ങളുടെ ഷൂസ് ശ്രദ്ധിക്കുക: സുഖപ്രദമായയി ഓടാന്‍ നല്ല ഷൂ ഉപയോഗിക്കേണ്ടതാണ്. തെറ്റായി ഷൂ ധരിക്കുന്നത് കാല്‍മുട്ട്, നട്ടെല്ല് എന്നിവയുടെ പ്രശ്നങ്ങള്‍ക്ക് കാരണമാകും. നിങ്ങള്‍ക്ക് സ്വതന്ത്രമായി ഓടാന്‍ കഴിയുന്ന സുഖപ്രദമായ ഷൂസുകളും വസ്ത്രങ്ങളും ധരിക്കുക.
3. വാം അപ്: നിങ്ങള്‍ ഓടാന്‍ തുടങ്ങും മുമ്പ് വാം അപ് ചെയ്യേണ്ടതാണ്. ജോഗിങ്, സ്‌ട്രെച്ചുകള്‍ എന്നിവയൊക്കെ ചെയ്യാവുന്നതാണ്. ഓടുമ്പോള്‍ ക്ഷീണം അനുഭവപ്പെട്ടാല്‍ അല്‍പനേരം വിശ്രമിക്കാന്‍ ശ്രമിക്കുക.