ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുവാകണം
text_fieldsഡോ. അഫ്സൽ അബ്ദുൽ അസീസ്, ജനറൽ ഫിസിഷ്യൻ, ഇസ്മ മെഡിക്കൽ സെൻറർ, മെട്രോ ഖലീജ് സ്റ്റേഷന് സമീപം, റിയാദ്
മനുഷ്യന് വിലപ്പെട്ട സ്വത്താണ് ആരോഗ്യം. രോഗം മൂർധന്യാവസ്ഥയിൽ എത്തിയതിനുശേഷം ചികിത്സ തുടങ്ങുന്നവരാണ് ഏറെയും. എന്നാൽ ആരോഗ്യപ്രശ്നങ്ങളിൽ പലതും ആരംഭിക്കുന്നതിന് മുമ്പുതന്നെ നമുക്ക് ഒഴിവാക്കാൻ കഴിയും. അതിനായി രോഗപ്രതിരോധ മാർഗത്തിലൂന്നിയ ജീവിതരീതിയാണ് യഥാർഥത്തിൽ നാം കൈക്കൊള്ളേണ്ടത്.
1. ശ്രദ്ധിക്കേണ്ടത്
ഉദാസീനമായ ജീവിതശൈലി നിരവധി ആരോഗ്യപ്രശ്നങ്ങൾ നമ്മിലുണ്ടാക്കും. നടത്തം, സൈക്ലിങ്, നീന്തൽ അല്ലെങ്കിൽ യോഗ എന്നിവക്കായി ദിവസേന 30 മിനിറ്റ് മാറ്റിവെക്കുക. ഇത്തരം പ്രവർത്തനങ്ങൾ ഹൃദയാരോഗ്യം വർധിപ്പിക്കാനും മാനസികക്ഷേമം മെച്ചപ്പെടുത്താനും സഹായിക്കും. അതുപോലെതന്നെ ഏതെങ്കിലും സ്പോർട്സ് ഇനങ്ങളിലും സജീവമാകുന്നത് നല്ലതാണ്. അണുബാധകളും രോഗങ്ങളും ഒഴിവാക്കാൻ കൈകഴുകൽ മുതൽ ദന്തസംരക്ഷണമടക്കം ശരിയായ ശുചിത്വം പാലിക്കുകയും വേണം.
2. ഭക്ഷണരീതി
ഫാസ്റ്റ് ഫുഡ് കഴിവതും കുറക്കുക. പോഷകഗുണങ്ങളടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരശീലം രോഗപ്രതിരോധ സംവിധാനത്തെ പിന്തുണക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായമാവുകയും ചെയ്യും. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, അമിതമായ ഉപ്പ് എന്നിവ ഒഴിവാക്കുക. അവ നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
3. ഉറക്കം, വിശ്രമം
ഉന്മേഷം വീണ്ടെടുക്കാനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും വൈകാരിക സന്തുലിതാവസ്ഥക്കും തടസ്സമില്ലാത്ത ഉറക്കം അനിവാര്യമാണ്. ഏറ്റവും കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ഉറങ്ങുക. ഉറങ്ങുന്നതിന് ഏറെസമയം മുമ്പ് മൊബൈൽ ഫോണുൾപ്പടെയുള്ള സ്ക്രീനുകൾ ഒഴിവാക്കുക, ശാന്തമായ അന്തരീക്ഷത്തിൽ ഉറങ്ങാൻ കിടക്കുക. പുകവലി, അമിതമായ മദ്യപാനം എന്നിവ ഉപേക്ഷിക്കുക. അങ്ങനെ ചെയ്താൽ, അത് നിങ്ങളുടെ ആയുസ്സ് വർധിപ്പിക്കുകയും ആരോഗ്യത്തിന്റെ ഊർജസ്വലത മെച്ചപ്പെടുത്തുകയും ചെയ്യും.
4. പരിശോധനകൾ
നിശ്ചിത കാലയളവിലുള്ള ആരോഗ്യ പരിശോധനകൾ ശീലമാക്കുക. ഇതിലൂടെ പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം എന്നിവയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിയും. ലക്ഷണങ്ങളൊന്നുമില്ലാതെ പുരോഗമിക്കുന്ന ഈ രോഗങ്ങൾ നിശബ്ദ കൊലയാളികളാണ്. ഇതിനായി സ്ക്രീനിങ്ങുകളും രക്തപരിശോധനകളും അത്യാവശ്യമാണ്. പ്രത്യേകിച്ച് ലിപ്പിഡ് പ്രൊഫൈൽ, എൽ.എഫ്.ടി, ആർ.എഫ്.ടി, വിറ്റാമിൻ ബി 12 പോലുള്ള പരിശോധനകൾ. പനി, ജലദോഷം, തലവേദന തുടങ്ങിയ രോഗങ്ങൾക്ക് സ്വയംചികിത്സ ഒഴിവാക്കുക. താൽക്കാലിക ലാഭം പ്രതീക്ഷിച്ച് ചെയ്യുന്ന പ്രവൃത്തികൾ അപകടം ക്ഷണിച്ചു വരുത്തും.