കാസർകോട് ജില്ലയിലെ ആദ്യ ഓപൺ ഫിറ്റ്നസ് സെന്റർ ഒരുങ്ങുന്നു
text_fieldsതൃക്കരിപ്പൂർ: ഗവ. വി.എച്ച്.എസ് മിനി സ്റ്റേഡിയത്തിൽ കാസർകോട് ജില്ലയിലെ പ്രഥമ ഓപൺ ഫിറ്റ്നസ് സെന്റർ സജ്ജീകരിക്കുന്നു. ജില്ല പഞ്ചായത്തിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിലാണ് മിനി സ്റ്റേഡിയത്തിൽ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി നിലമൊരുക്കി. ഫിറ്റ്നസ് സെന്റർ പൂർത്തിയാകുന്നതോടെ പ്രഭാത, സായാഹ്ന സവാരിക്കാർക്കും ഫുട്ബാൾ പരിശീലനത്തിനെത്തുന്ന കുട്ടികൾക്കും ഉപകാരപ്രദമാകും. സംസ്ഥാന കായികവകുപ്പും ത്രിതല പഞ്ചായത്തുകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും ത്രിതല പഞ്ചായത്തുകളുടെ 50 ലക്ഷം രൂപയും ചേർത്ത് ഒരുകോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. മാനദണ്ഡമനുസരിച്ച് ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി 50 ലക്ഷം രൂപ കായിക വകുപ്പിൽ അടക്കണം. മൂന്നുവർഷം മുമ്പ് ജില്ല പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ സ്റ്റേഡിയത്തിന് സംരക്ഷണ വേലികൾ സ്ഥാപിച്ചിരുന്നു. എന്നാൽ, മറ്റ് സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല. ജില്ലയിൽ പള്ളിക്കര പഞ്ചായത്തിലെ ചെർക്കപ്പാറ സ്റ്റേഡിയം, മടിക്കൈ പഞ്ചായത്ത് സ്റ്റേഡിയം, ജി.എച്ച്.എസ്.എസ് കുണിയ സ്കൂൾ സ്റ്റേഡിയം, ജി.എച്ച്.എസ്.എസ് രാവണീശ്വരം സ്കൂൾ സ്റ്റേഡിയം എന്നിവിടങ്ങളിലും വികസന പദ്ധതി നടപ്പാക്കും.