Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightഞാൻ അവർക്കുവേണ്ടിയല്ലേ...

ഞാൻ അവർക്കുവേണ്ടിയല്ലേ ഇത്രയും കഷ്ടപ്പെടുന്നത്? പിന്നെയും സ്നേഹമില്ലെന്ന് പറയുന്നതെന്തുകൊണ്ടാണ്?

text_fields
bookmark_border
ഞാൻ അവർക്കുവേണ്ടിയല്ലേ ഇത്രയും കഷ്ടപ്പെടുന്നത്? പിന്നെയും സ്നേഹമില്ലെന്ന് പറയുന്നതെന്തുകൊണ്ടാണ്?
cancel

'ഞാൻ അവർക്കുവേണ്ടിയല്ലേ ഇത്രയും കഷ്ടപ്പെടുന്നത്? പിന്നെയും സ്നേഹമില്ലെന്ന് പറയുന്നതെന്തുകൊണ്ടാണ്?'. ദാമ്പത്യത്തിലും കുടുംബബന്ധങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ പലരിൽനിന്നും കേൾക്കാറുള്ള ഒരു പരിഭവമാണിത്. കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നു. സാമ്പത്തികമായ സുരക്ഷിതത്വം ഉറപ്പാക്കുന്നു. പങ്കാളിക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നു. എന്നിട്ടും ഭാര്യയോ ഭർത്താവോ മക്കളോ തങ്ങൾക്ക് വേണ്ടത്ര സ്നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നു.ഇത് ചിലപ്പോൾ സ്നേഹമില്ലാത്തതിന്റെ പ്രശ്നമായിരിക്കണമെന്നില്ല. മറിച്ച്, ഉള്ളിലുള്ള സ്നേഹം മറ്റൊരാൾക്ക് അനുഭവപ്പെടുന്ന രീതിയിൽ പ്രകടിപ്പിക്കാൻ കഴിയാത്തതിന്റെ പ്രശ്നമായിരിക്കാം.

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി തന്റെ നീർമാതളം പൂത്തകാലം എന്ന കൃതിയിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്:'പ്രകടമാക്കാനാവാത്ത സ്നേഹം നിരർത്ഥകമാണ്. പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും.'ഈ വാക്കുകൾ മനുഷ്യബന്ധങ്ങളിലെ പ്രധാനപ്പെട്ട ഒരു യാഥാർഥ്യത്തെയാണ് ഓർമിപ്പിക്കുന്നത്.ഇതേ ആശയത്തോട് ചേർന്നുനിൽക്കുന്ന ആർതർ ഹോപ്കിൻസിന്റെ പ്രസിദ്ധമായൊരു നിരീക്ഷണവുമുണ്ട്.'പ്രകടിപ്പിക്കപ്പെടാത്ത സ്നേഹത്തിന്റെ ഒരു വലിയ സമ്പത്ത് ലോകത്തുണ്ട്.'പറയാതെ പോയ വാക്കുകളും ചെയ്യാതെ പോയ സ്നേഹപ്രവൃത്തികളും പിന്നീട് വലിയ ദുഃഖങ്ങൾക്ക് കാരണമാകാമെന്ന ഓർമപ്പെടുത്തൽ കൂടിയാണ് അദ്ദേഹത്തിന്റെ വാക്കുകൾ.ഒരാൾ തന്റെ മനസ്സിൽ എത്രമാത്രം സ്നേഹം സൂക്ഷിക്കുന്നുണ്ടെങ്കിലും അത് മറ്റൊരാൾക്ക് അനുഭവിക്കാൻ കഴിയുന്നില്ലെങ്കിൽ ആ സ്നേഹത്തിന്റെ ഗുണം ബന്ധത്തിൽ പൂർണമായി ലഭിക്കണമെന്നില്ല.നമ്മൾ ഒരാളെ എത്രത്തോളം സ്നേഹിക്കുന്നു എന്നതുപോലെ പ്രധാനമാണ്, ആ വ്യക്തിക്ക് നമ്മുടെ സ്നേഹം എത്രത്തോളം അനുഭവപ്പെടുന്നുണ്ട് എന്നതും. പ്രത്യേകിച്ച് ദാമ്പത്യബന്ധങ്ങളിലും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളിലും ഈ വ്യത്യാസത്തിന് വലിയ പ്രാധാന്യമുണ്ട്.

സ്നേഹം മനസ്സിൽ ഉണ്ടായാൽ മാത്രം മതിയോ?

നമ്മുടെ സമൂഹത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നതിനെക്കുറിച്ച് പലർക്കും ചില തെറ്റിദ്ധാരണകളുണ്ട്. ഭാര്യയോടോ ഭർത്താവിനോടോ സ്നേഹം തുറന്നുപറയേണ്ട ആവശ്യമില്ലെന്നാണ് ചിവരുടെ ധാരണ. മക്കളോട് അമിതമായി അടുപ്പം കാണിച്ചാൽ അവർ അനുസരണയില്ലാത്തവരാകുമെന്നു വിശ്വസിക്കുന്ന ചിവ മാതാപിതാക്കൾ. സ്നേഹം പ്രകടിപ്പിക്കുന്നത് ദൗർബല്യമായോ സ്വന്തം അധികാരത്തിനും ഗൗരവത്തിനും കുറവുണ്ടാക്കുന്ന കാര്യമായോ ചിലർ കാണുന്നു. എന്നാൽ സ്നേഹം പ്രകടിപ്പിക്കുന്നതും സ്വന്തം വ്യക്തിത്വമോ ആത്മാഭിമാനമോ നഷ്ടപ്പെടുത്തുന്നതും രണ്ടാണ്. പങ്കാളിയോട് സ്നേഹത്തോടെ സംസാരിക്കുന്നതോ മക്കളെ ചേർത്തുപിടിക്കുന്നതോ അവരെ അഭിനന്ദിക്കുന്നതോ ഒരാളുടെ ഗൗരവം കുറയ്ക്കുന്നില്ല. മറിച്ച്, മറ്റുള്ളവരുടെ വികാരങ്ങളെ തിരിച്ചറിയാനും അവരോട് അടുപ്പം പ്രകടിപ്പിക്കാനും കഴിയുന്നത് വൈകാരിക പക്വതയുടെ ഭാഗമാണ്. ദാമ്പത്യ കൗൺസിലിങ്ങിലും രക്ഷിതാക്കളുമായി ബന്ധപ്പെട്ട കൗൺസിലിങ്ങിലും ശ്രദ്ധയിൽപ്പെടുന്ന ഒരു പ്രധാന കാര്യമുണ്ട്. പലപ്പോഴും പ്രശ്നം സ്നേഹത്തിന്റെ അഭാവമല്ല. സ്നേഹം പ്രകടിപ്പിക്കുന്നതിലും സ്വീകരിക്കുന്നതിലുമുള്ള വ്യത്യാസങ്ങളാണ്. ഒരാൾ പ്രവർത്തനങ്ങളിലൂടെ സ്നേഹം പ്രകടിപ്പിക്കുമ്പോൾ മറ്റൊരാൾ സ്നേഹപൂർവമായ വാക്കുകളോ കൂടുതൽ വൈകാരിക അടുപ്പമോ ആഗ്രഹിക്കുന്നുണ്ടാകാം. ഈ വ്യത്യാസം തിരിച്ചറിയാതെ വരുമ്പോഴാണ് 'ഞാൻ ഇത്രയൊക്കെ ചെയ്തിട്ടും എന്നെ മനസ്സിലാക്കുന്നില്ല' എന്ന പരിഭവവും 'എന്നെ ഒട്ടും സ്നേഹിക്കുന്നില്ല' എന്ന വേദനയും ഒരേ ബന്ധത്തിൽ രൂപപ്പെടുന്നത്.

സ്നേഹം അനുഭവപ്പെടാത്തത് എന്തുകൊണ്ട്

വർഷങ്ങളായി ഒരുമിച്ച് ജീവിക്കുന്ന ദമ്പതികൾക്കിടയിൽ ചിലപ്പോൾ സ്നേഹപ്രകടനങ്ങൾ ക്രമേണ കുറഞ്ഞുപോകാറുണ്ട്. വിവാഹത്തിന്റെ ആദ്യനാളുകളിൽ പരസ്പരം അഭിനന്ദിക്കാനും സ്നേഹം തുറന്നുപറയാനും ഒരുമിച്ച് സമയം ചെലവഴിക്കാനും ശ്രമിച്ചിരുന്നവർ പിന്നീട് ജീവിതത്തിന്റെ തിരക്കുകളിലേക്ക് മാറുന്നു. ജോലി, സാമ്പത്തിക ബാധ്യതകൾ, കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ, മറ്റു കുടുംബകാര്യങ്ങൾ എന്നിവയ്ക്കിടയിൽ പങ്കാളിക്ക് നൽകുന്ന വ്യക്തിപരമായ പരിഗണന കുറഞ്ഞേക്കാം. കുടുംബജീവിതം മുന്നോട്ടുപോകുന്നുണ്ടെങ്കിലും ദമ്പതികൾ തമ്മിലുള്ള വൈകാരിക അടുപ്പത്തിൽ കുറവുണ്ടാകാം. ചിലർക്ക് വർഷങ്ങളായി പങ്കാളിയിൽനിന്ന് ആത്മാർത്ഥമായൊരു അഭിനന്ദനമോ സ്നേഹപൂർവമായ വാക്കോ ലഭിച്ചിട്ടുണ്ടാകണമെന്നില്ല. പങ്കാളി ചെയ്യുന്ന നല്ല കാര്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. എന്നാൽ തെറ്റുകളും പോരായ്മകളും ഉടൻ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഒരാൾക്ക് താൻ സ്നേഹിക്കപ്പെടുന്നുണ്ടെങ്കിലും വേണ്ടത്ര വിലമതിക്കപ്പെടുന്നില്ലെന്ന തോന്നലുണ്ടാകാം. സമീപകാല ദാമ്പത്യബന്ധ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് സ്നേഹപൂർവമായ ആശയവിനിമയവും വൈകാരിക അടുപ്പവും പങ്കാളിയിൽനിന്നുള്ള പരിഗണനയും ബന്ധത്തിലെ സംതൃപ്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഒരു പങ്കാളി മറ്റൊരാളുടെ പരിശ്രമങ്ങളെ തിരിച്ചറിയുകയും നന്ദിയും അഭിനന്ദനവും പ്രകടിപ്പിക്കുകയും ചെയ്യുന്നത് ബന്ധത്തിലെ ആത്മവിശ്വാസത്തിനും അടുപ്പത്തിനും ഗുണകരമായേക്കാം. എന്നാൽ അഭിനന്ദനങ്ങൾ ആത്മാർത്ഥമായിരിക്കണം. വെറുതെ സന്തോഷിപ്പിക്കാനായി പറയുന്ന വാക്കുകളേക്കാൾ തന്റെ പരിശ്രമങ്ങൾ യഥാർഥത്തിൽ തിരിച്ചറിയപ്പെടുന്നുവെന്ന അനുഭവത്തിനാണ് പ്രാധാന്യം.

കുട്ടികളോടുള്ള സ്നേഹം

മാതാപിതാക്കളുടെ സ്നേഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴും സമാനമായ പ്രശ്നങ്ങൾ കാണാറുണ്ട്. മക്കൾക്കുവേണ്ടി ജീവിതത്തിലെ വലിയൊരു പങ്ക് മാറ്റിവെക്കുന്നവരാണ് പല മാതാപിതാക്കളും. അവരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും സുരക്ഷിതമായ ഭാവിക്കും വേണ്ടി കഴിയുന്നതെല്ലാം ചെയ്യുന്നു. എന്നാൽ കുട്ടികളുടെ വൈകാരിക ആവശ്യങ്ങൾക്ക് അതേ അളവിൽ പരിഗണന നൽകാൻ കഴിയണമെന്നില്ല. കുട്ടിയുടെ പഠനനിലവാരം അന്വേഷിക്കുന്ന രക്ഷിതാവ് ചിലപ്പോൾ അവന്റെ മാനസികാവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ മറന്നുപോകുന്നു. മാർക്ക് ഷീറ്റിലെ അക്കങ്ങൾക്കപ്പുറം അവരുടെ മനസ്സിലെ സന്തോഷവും സങ്കടവും നമ്മൾ കാണാതെ പോകരുത്..പരീക്ഷയിൽ എത്ര മാർക്ക് ലഭിച്ചുവെന്ന് ചോദിക്കുമ്പോൾ സ്കൂളിൽ ഇന്ന് എന്തെങ്കിലും വിഷമമുണ്ടായോ എന്ന് ചോദിക്കുന്നില്ല. തെറ്റുകൾ സംഭവിക്കുമ്പോൾ തിരുത്താൻ ശ്രമിക്കുന്നു. എന്നാൽ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കാൻ മറന്നുപോകുന്നു.

ഇത്തരത്തിലുള്ള സമീപനം തുടരുമ്പോൾ കുട്ടിക്ക് മാതാപിതാക്കൾ തന്റെ ആവശ്യങ്ങൾ നിറവേറ്റുന്നവരാണെന്ന ബോധമുണ്ടാകാം. എന്നാൽ സ്വന്തം വികാരങ്ങൾ മനസ്സിലാക്കുന്നവരാണെന്ന അനുഭവം എല്ലായ്പ്പോഴും ലഭിക്കണമെന്നില്ല. സമീപകാല രക്ഷാകർതൃത്വ ഗവേഷണങ്ങൾ മാതാപിതാക്കളുടെ സ്നേഹപൂർവമായ പെരുമാറ്റവും വൈകാരിക പിന്തുണയും കൗമാരക്കാരുടെ മാനസികക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നതായി വ്യക്തമാക്കുന്നുണ്ട്. മാതാപിതാക്കൾ തങ്ങളെ എത്രത്തോളം സ്നേഹിക്കുന്നു എന്നതിനെക്കുറിച്ചുള്ള രക്ഷിതാക്കളുടെ വിലയിരുത്തലും കുട്ടികളുടെ അനുഭവവും ചിലപ്പോൾ വ്യത്യസ്തമായിരിക്കാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് വളരെ പ്രധാനപ്പെട്ട കണ്ടെത്തലാണ്. മാതാപിതാക്കൾ തങ്ങൾ സ്നേഹം നൽകുന്നുണ്ടെന്ന് വിശ്വസിക്കുന്നതുകൊണ്ടുമാത്രം മക്കൾക്ക് ആ സ്നേഹം അതേ അളവിൽ അനുഭവപ്പെടണമെന്നില്ല.

കുട്ടികൾക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും നൽകുന്ന പ്രധാന ഘടകങ്ങളിലൊന്ന് തങ്ങൾ സ്നേഹിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന അനുഭവമാണ്. അതുകൊണ്ട് കുട്ടികളെ സ്നേഹിക്കുന്നതിനൊപ്പം അവർക്ക് സ്നേഹം മനസ്സിലാകുന്ന രീതിയിൽ പ്രകടിപ്പിക്കാനും മാതാപിതാക്കൾ ശ്രമിക്കണം.

കുട്ടികൾ വളരുമ്പോൾ സ്നേഹപ്രകടനം കുറക്കണോ?

ചെറിയ കുട്ടികളെ എടുത്തുനടക്കാനും ചേർത്തുപിടിക്കാനും ചുംബിക്കാനും മാതാപിതാക്കൾക്ക് സാധാരണയായി മടിയുണ്ടാകാറില്ല. എന്നാൽ കുട്ടികൾ കൗമാരത്തിലേക്ക് കടക്കുമ്പോൾ ഇത്തരം സ്നേഹപ്രകടനങ്ങൾ ചില കുടുംബങ്ങളിൽ കുറഞ്ഞുപോകുന്നു. പ്രത്യേകിച്ച് ആൺകുട്ടികളോട് സ്നേഹം പ്രകടിപ്പിക്കുന്നത് അവരെ ദുർബലരാക്കുമെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്. കൗമാരക്കാരായ മക്കളോട് അടുപ്പം പ്രകടിപ്പിക്കുന്നത് അനാവശ്യമാണെന്ന് കരുതുന്ന മാതാപിതാക്കളുമുണ്ട്. എന്നാൽ വളരുന്നതിനനുസരിച്ച് കുട്ടികളുടെ സ്നേഹത്തിനും പരിഗണനയ്ക്കുമുള്ള ആവശ്യം ഇല്ലാതാകുന്നില്ല. ആ ആവശ്യങ്ങൾ പ്രകടിപ്പിക്കുന്ന രീതിയിൽ മാറ്റങ്ങളുണ്ടാകാമെന്നു മാത്രം. ചെറുപ്പത്തിൽ മാതാപിതാക്കളുടെ മടിയിൽ ഇരിക്കാൻ ആഗ്രഹിച്ചിരുന്ന കുട്ടിക്ക് കൗമാരത്തിൽ അത്രയും ശാരീരിക അടുപ്പം ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ തന്റെ അഭിപ്രായങ്ങൾ കേൾക്കാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും സ്വന്തം തീരുമാനങ്ങളെ ബഹുമാനിക്കാനും മാതാപിതാക്കൾ തയ്യാറാകണമെന്ന ആഗ്രഹം അവനുണ്ടാകാം. സമീപകാലത്തെ ഒരു ദീർഘകാല പഠനം കൗമാരത്തിന്റെ അവസാനഘട്ടത്തിൽ മാതാപിതാക്കളിൽനിന്ന് ലഭിക്കുന്ന സ്നേഹപൂർവമായ പരിഗണനയും പിന്തുണയും പിന്നീട് യുവാവസ്ഥയിലെ കുറഞ്ഞ വിഷാദ-ഉത്കണ്ഠ ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് പ്രായത്തിനനുസരിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന രീതികൾ മാറ്റേണ്ടതുണ്ട്. സ്നേഹപ്രകടനം തന്നെ അവസാനിപ്പിക്കേണ്ടതില്ല.

സ്നേഹം പ്രകടിപ്പിക്കാനുള്ള ഏഴ് വഴികൾ

സ്നേഹം പ്രകടിപ്പിക്കുന്നതിലും സ്വീകരിക്കുന്നതിലും ഓരോ വ്യക്തിക്കും വ്യത്യസ്തമായ താൽപര്യങ്ങളുണ്ടാകാം. ചിലർക്ക് സ്നേഹപൂർവമായ വാക്കുകൾ ഏറെ പ്രിയപ്പെട്ടതായിരിക്കും. മറ്റുചിലർക്ക് ഒരുമിച്ച് സമയം ചെലവഴിക്കുന്നതോ ശാരീരിക അടുപ്പമോ കൂടുതൽ സന്തോഷം നൽകാം. Love Languages എന്ന പേരിൽ പ്രചാരത്തിലുള്ള ആശയം സ്നേഹം പ്രകടിപ്പിക്കുന്ന വ്യത്യസ്ത രീതികളെ മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ ഓരോ വ്യക്തിക്കും ജീവിതകാലം മുഴുവൻ മാറ്റമില്ലാതെ തുടരുന്ന ഒരൊറ്റ സ്നേഹഭാഷയുണ്ടെന്ന ധാരണയ്ക്ക് ശക്തമായ ശാസ്ത്രീയ പിന്തുണയില്ല. പുതിയ മനഃശാസ്ത്ര ഗവേഷണങ്ങൾ വ്യക്തമാക്കുന്നത് സ്നേഹം പ്രകടിപ്പിക്കുന്ന രീതികളെ അഞ്ച് വിഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താനാവില്ല എന്നാണ്. ഒരേ വ്യക്തിക്ക് ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്തമായ സ്നേഹപ്രകടനങ്ങൾ ആവശ്യമായി വന്നേക്കാം. അതുകൊണ്ട് സ്നേഹഭാഷകളെ കർശനമായ വിഭാഗങ്ങളായി കാണുന്നതിനുപകരം നമ്മുടെ പ്രിയപ്പെട്ടവരെ കൂടുതൽ മനസ്സിലാക്കാനുള്ള പ്രായോഗിക മാർഗങ്ങളായി പരിഗണിക്കുന്നതാണ് ഉചിതം. നമ്മൾ നൽകുന്ന സ്നേഹം പങ്കാളിക്കും മക്കൾക്കും ശരിയായ രീതിയിൽ അനുഭവപ്പെടുന്നുണ്ടോ എന്ന് തിരിച്ചറിയാനും അവരോട് കൂടുതൽ അടുക്കാനും ഈ സമീപനം സഹായിച്ചേക്കാം. ദാമ്പത്യത്തിലും രക്ഷാകർതൃത്വത്തിലും പ്രായോഗികമായി പരീക്ഷിക്കാവുന്ന, സ്നേഹം പ്രകടിപ്പിക്കാനുള്ള ആ ഏഴ് വഴികൾ താഴെ പറയുന്നവയാണ്.

1. സ്നേഹം വാക്കുകളിലൂടെ അറിയിക്കുക

'ഞാൻ നിന്നെ സ്നേഹിക്കുന്നു', 'നീ എന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ആളാണ്', 'നിന്റെ കൂടെയുണ്ടാകുന്നത് എനിക്ക് സന്തോഷമാണ്' തുടങ്ങിയ വാക്കുകൾ ചിലർക്ക് വലിയ വൈകാരിക സംതൃപ്തി നൽകും. മനസ്സിലുള്ള സ്നേഹം പങ്കാളിക്ക് ഇതിനകം അറിയാമല്ലോ എന്ന ചിന്തയിൽ അത് പ്രകടിപ്പിക്കാതിരിക്കരുത്.

സ്നേഹപൂർവമായ വാക്കുകൾക്കൊപ്പം അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നൽകണം. പങ്കാളി ചെയ്ത ഒരു നല്ല കാര്യം ശ്രദ്ധിച്ച് അഭിനന്ദിക്കുക. പ്രയാസകരമായ ഘട്ടങ്ങളിൽ ആത്മവിശ്വാസം നൽകുന്ന വാക്കുകൾ പറയുക. മക്കളുടെ കാര്യത്തിലും ഇത് പ്രധാനമാണ്. കുട്ടി ഒരു കാര്യത്തിൽ വിജയിക്കുമ്പോൾ മാത്രമല്ല, പരിശ്രമിക്കുമ്പോഴും അതിനെ അംഗീകരിക്കണം. 'നീ നന്നായി ശ്രമിച്ചു', 'നിനക്ക് ഇത് പഠിക്കാൻ കഴിയും', 'നിന്റെ പരിശ്രമത്തിൽ എനിക്ക് സന്തോഷമുണ്ട്' തുടങ്ങിയ വാക്കുകൾ കുട്ടിക്ക് പ്രോത്സാഹനമാകാം. എന്നാൽ സ്നേഹം പരീക്ഷയിലെ മാർക്കിനോ വിജയത്തിനോ അനുസരിച്ച് മാത്രം പ്രകടിപ്പിക്കരുത്. കുട്ടി എന്തെങ്കിലും നേട്ടം കൈവരിക്കുമ്പോൾ മാത്രമല്ല, പരാജയപ്പെടുമ്പോഴും താൻ സ്നേഹിക്കപ്പെടുന്നുണ്ടെന്ന് അനുഭവിക്കാൻ കഴിയണം.

2. പ്രിയപ്പെട്ടവർക്കായി സമയം മാറ്റിവെക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ള പ്രധാനപ്പെട്ട മറ്റൊരു മാർഗമാണ് ഗുണമേന്മയുള്ള സമയം ഒരുമിച്ച് ചെലവഴിക്കുക. ഒരേ വീട്ടിൽ താമസിക്കുന്നതുകൊണ്ടുമാത്രം പരസ്പരം ആവശ്യമായ സമയം നൽകുന്നുണ്ടെന്ന് പറയാനാവില്ല. ദമ്പതികൾ ഒരുമിച്ച് മണിക്കൂറുകളോളം വീട്ടിലുണ്ടാകാം. എന്നാൽ ആ സമയത്തിന്റെ വലിയൊരു പങ്ക് മൊബൈൽ ഫോണിലോ ടെലിവിഷനിലോ മറ്റ് കാര്യങ്ങളിലോ ചെലവഴിക്കുന്നുണ്ടാകാം. പങ്കാളിക്ക് വേണ്ടി മാത്രമായി കുറച്ചുസമയം മാറ്റിവെക്കുന്നത് പ്രധാനമാണ്. ഒരുമിച്ച് നടക്കുക, സംസാരിക്കുക, ഭക്ഷണം കഴിക്കുക, സിനിമ കാണുക, യാത്ര ചെയ്യുക തുടങ്ങിയവയിലൂടെ അടുപ്പം നിലനിർത്താം.

കുട്ടികളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കുട്ടിയോടൊപ്പം ദിവസവും കുറച്ചുസമയം ചെലവഴിക്കുമ്പോൾ ആ സമയത്ത് അവന്റെ താൽപര്യങ്ങൾക്കും സംഭാഷണങ്ങൾക്കും പ്രാധാന്യം നൽകണം. മൊബൈൽ ഫോണിലേക്ക് നോക്കിക്കൊണ്ട് കുട്ടി പറയുന്നത് കേൾക്കുന്നതും ശ്രദ്ധയോടെ അവന്റെ മുഖത്തുനോക്കി കേൾക്കുന്നതും ഒരുപോലെയല്ല. സ്നേഹം പ്രകടിപ്പിക്കുന്നതിൽ എത്രസമയം ഒരുമിച്ചുണ്ടായിരുന്നു എന്നതിനൊപ്പം ആ സമയത്ത് എത്രത്തോളം ശ്രദ്ധയും പരിഗണനയും നൽകിയെന്നതും പ്രധാനമാണ്.

3. സ്നേഹപൂർവമായ സ്പർശവും ശാരീരിക അടുപ്പവും

സ്നേഹം പ്രകടിപ്പിക്കാൻ വാക്കുകൾ മാത്രമല്ല, ശരീരഭാഷയും സഹായിക്കും.കൈകോർത്തുനടക്കുക, ചേർന്നിരിക്കുക, ആലിംഗനം ചെയ്യുക, സ്നേഹത്തോടെ തലോടുക തുടങ്ങിയവ ചിലർക്ക് വൈകാരിക അടുപ്പം അനുഭവപ്പെടാനുള്ള പ്രധാന മാർഗങ്ങളാണ്. ദാമ്പത്യബന്ധത്തിൽ സ്നേഹപൂർവമായ ശാരീരിക അടുപ്പം ലൈംഗികബന്ധങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തേണ്ടതില്ല. പങ്കാളിയുടെ കൈപിടിക്കുന്നതോ ചേർത്തുനിർത്തുന്നതോ പോലും ചില സാഹചര്യങ്ങളിൽ വലിയ ആശ്വാസം നൽകാം. ശാരീരിക സ്പർശവും ബന്ധത്തിലെ സംതൃപ്തിയും തമ്മിൽ അനുകൂലമായ ബന്ധമുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കുട്ടികളുടെ കാര്യത്തിലും പ്രായത്തിനും താൽപര്യത്തിനും അനുയോജ്യമായ സ്നേഹപൂർവമായ സ്പർശത്തിന് പ്രാധാന്യമുണ്ട്. എന്നാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള ശാരീരിക അടുപ്പം ഇഷ്ടപ്പെടണമെന്നില്ല. കുട്ടിക്കോ പങ്കാളിക്കോ ആലിംഗനമോ മറ്റേതെങ്കിലും സ്പർശമോ ഇഷ്ടമല്ലെങ്കിൽ അതിനെ ബഹുമാനിക്കണം. മറ്റുള്ളവരുടെ മുന്നിൽവെച്ച് സ്നേഹം പ്രകടിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്യരുത്. സ്നേഹപ്രകടനം മറ്റൊരാൾക്ക് സന്തോഷവും സുരക്ഷിതത്വവും നൽകേണ്ടതാണ്; അസ്വസ്ഥതയോ നിർബന്ധിതാവസ്ഥയോ ഉണ്ടാക്കുന്നതാകരുത്.

4. പ്രവൃത്തികളിലൂടെ കരുതൽ പ്രകടിപ്പിക്കുക

ചിലർക്ക് സ്നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിനേക്കാൾ പ്രവൃത്തികളിലൂടെ അറിയിക്കുന്നതായിരിക്കും കൂടുതൽ സ്വാഭാവികം. പങ്കാളിക്ക് ബുദ്ധിമുട്ടുള്ളപ്പോൾ സഹായിക്കുക, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പരിചരിക്കുക, വീട്ടിലെ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കുക തുടങ്ങിയവയെല്ലാം സ്നേഹപ്രകടനത്തിന്റെ ഭാഗമാകാം. എന്നാൽ കരുതൽ എന്നത് ചില പ്രത്യേക അവസരങ്ങളിൽ സഹായിക്കുന്നതിൽ മാത്രം ഒതുങ്ങരുത്. കുടുംബത്തിന്റെ ദൈനംദിന ഉത്തരവാദിത്തങ്ങൾ ഇരുവരും പങ്കുവെക്കുമ്പോൾ പരസ്പര പരിഗണന കൂടുതൽ അനുഭവപ്പെടാം. പങ്കാളി എല്ലാ കാര്യങ്ങളും ആവശ്യപ്പെട്ടശേഷം മാത്രം സഹായിക്കുന്നതിനുപകരം ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഉത്തരവാദിത്തം ഏറ്റെടുക്കാൻ ശ്രമിക്കണം. മക്കളുടെ കാര്യത്തിലും സ്നേഹപൂർവമായ പരിചരണത്തിന് വലിയ പ്രാധാന്യമുണ്ട്. കുട്ടിക്ക് അസുഖം വരുമ്പോൾ പരിചരിക്കുക, വിഷമഘട്ടങ്ങളിൽ കൂടെയിരിക്കുക, അവന്റെ താൽപര്യങ്ങൾക്കും ആവശ്യങ്ങൾക്കും പ്രാധാന്യം നൽകുക തുടങ്ങിയവയിലൂടെ മാതാപിതാക്കൾക്ക് സ്നേഹം പ്രകടിപ്പിക്കാം. എന്നാൽ കുട്ടിയുടെ എല്ലാ കാര്യങ്ങളും മാതാപിതാക്കൾതന്നെ ചെയ്തുകൊടുക്കുന്നത് സ്നേഹത്തിന്റെ ശരിയായ പ്രകടനമാകണമെന്നില്ല. പ്രായത്തിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങളും സ്വാതന്ത്ര്യവും നൽകുന്നതും കരുതലിന്റെ ഭാഗമാണ്.

5. ചെറിയ സമ്മാനങ്ങളും അപ്രതീക്ഷിതമായ സന്തോഷങ്ങളും

സ്നേഹം പ്രകടിപ്പിക്കുന്നതിന് വിലകൂടിയ സമ്മാനങ്ങൾ നിർബന്ധമില്ല. പങ്കാളിക്ക് ഇഷ്ടമുള്ള ചെറിയൊരു വസ്തു വാങ്ങിക്കൊടുക്കുന്നതോ ഒരു പ്രത്യേക ദിവസത്തെ ഓർമിക്കുന്നതോ അവരുടെ താൽപര്യങ്ങൾ പരിഗണിച്ച് ചെറിയൊരു സന്തോഷം ഒരുക്കുന്നതോ സ്നേഹപ്രകടനമാകാം. ഇവിടെ സമ്മാനത്തിന്റെ സാമ്പത്തികമൂല്യമല്ല പ്രധാനം.തന്റെ ഇഷ്ടങ്ങൾ മറ്റൊരാൾ ഓർത്തുവെക്കുന്നുണ്ടെന്ന അനുഭവമാണ് പലപ്പോഴും കൂടുതൽ സന്തോഷം നൽകുന്നത്.

കുട്ടികൾക്കും സമ്മാനങ്ങൾ നൽകാം. എന്നാൽ സ്നേഹം പ്രകടിപ്പിക്കുന്നതിന് സമ്മാനങ്ങളെ മാത്രം ആശ്രയിക്കരുത്. വിലകൂടിയ കളിപ്പാട്ടങ്ങളോ മറ്റു വസ്തുക്കളോ നൽകുന്നതുകൊണ്ട് മാതാപിതാക്കളുടെ സമയത്തിന്റെയും വൈകാരിക അടുപ്പത്തിന്റെയും അഭാവം പൂർണമായി പരിഹരിക്കാനാവില്ല.

6. കുറ്റപ്പെടുത്താതെ കേൾക്കുകയും വികാരങ്ങളെ അംഗീകരിക്കുകയും ചെയ്യുക

സ്നേഹം പ്രകടിപ്പിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ടതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ മാർഗമാണ് മറ്റൊരാളെ ശ്രദ്ധയോടെ കേൾക്കുന്നത്. പങ്കാളിയോ കുട്ടിയോ ഒരു വിഷമം പങ്കുവെക്കുമ്പോൾ ഉടൻ ഉപദേശിക്കാനോ കുറ്റപ്പെടുത്താനോ ശ്രമിക്കാതെ ആദ്യം അവരുടെ അനുഭവം മനസ്സിലാക്കണം. പലപ്പോഴും മറ്റൊരാൾ നമ്മളോട് സംസാരിക്കുന്നത് പ്രശ്നത്തിന് ഉടനടി പരിഹാരം ലഭിക്കാനായിരിക്കണമെന്നില്ല. സ്വന്തം വിഷമങ്ങൾ കേൾക്കാനും മനസ്സിലാക്കാനും ഒരാളുണ്ടെന്ന അനുഭവമായിരിക്കാം അവർ ആഗ്രഹിക്കുന്നത്. കുട്ടി ഒരു പ്രശ്നം പറയുമ്പോൾ 'ഇതൊക്കെ ഒരു പ്രശ്നമാണോ?' എന്ന് ചോദിക്കുന്നതിനുപകരം അവന് അത് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മനസ്സിലാക്കാൻ ശ്രമിക്കാം. അതുപോലെ പങ്കാളി ഒരു പരിഭവം പറയുമ്പോൾ ഉടൻ പ്രതിരോധിക്കാനോ മറുപടി പറയാനോ ശ്രമിക്കാതെ ശ്രദ്ധയോടെ കേൾക്കണം. മറ്റൊരാളുടെ വികാരങ്ങളെ അംഗീകരിക്കുന്നത് അവർ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കുന്നതിന് തുല്യമല്ല. ഒരാളുടെ പെരുമാറ്റം തിരുത്തേണ്ടിവരുമ്പോഴും ആ വ്യക്തിയുടെ വികാരങ്ങളെ ബഹുമാനിക്കാൻ കഴിയും. കുട്ടികളുടെ വികാരങ്ങളോട് മാതാപിതാക്കൾ പ്രതികരിക്കുന്ന രീതിയും അവരുടെ വൈകാരികക്ഷേമവും തമ്മിൽ ബന്ധമുണ്ടെന്ന് സമീപകാല ഗവേഷണങ്ങൾ വ്യക്തമാക്കുന്നുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നതിലുപരി, വിഷമഘട്ടങ്ങളിൽ കുറ്റപ്പെടുത്താതെ കൂടെയുണ്ടാകാൻ കഴിയുന്നതും സ്നേഹത്തിന്റെ ശക്തമായ പ്രകടനമാണ്.

7. വ്യക്തിത്വത്തെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക

സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് മറ്റൊരാളുടെ വ്യക്തിത്വത്തെയും താൽപര്യങ്ങളെയും ബഹുമാനിക്കുന്നത്. പങ്കാളി നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ച് മാത്രം ജീവിക്കണമെന്ന പ്രതീക്ഷ ആരോഗ്യകരമായ ബന്ധത്തിന് സഹായകരമല്ല. വ്യത്യസ്തമായ താൽപര്യങ്ങളും അഭിപ്രായങ്ങളും സ്വഭാവസവിശേഷതകളും ദമ്പതികൾക്കിടയിൽ ഉണ്ടായേക്കാം. പങ്കാളിയുടെ വ്യക്തിപരമായ താൽപര്യങ്ങൾക്കും സൗഹൃദങ്ങൾക്കും വളർച്ചയ്ക്കും പിന്തുണ നൽകുന്നതും സ്നേഹപ്രകടനമാണ്. അതുപോലെ കുട്ടികൾ വളരുന്നതിനനുസരിച്ച് അവരുടെ അഭിപ്രായങ്ങൾക്കും വ്യക്തിപരമായ താൽപര്യങ്ങൾക്കും പ്രാധാന്യം നൽകണം. കുട്ടികൾ എപ്പോഴും മാതാപിതാക്കളുടെ പ്രതീക്ഷകൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കണമെന്നില്ല. എന്നാൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമ്പോഴും തങ്ങൾ അംഗീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന അനുഭവം കുട്ടികൾക്ക് ലഭിക്കണം. സ്നേഹം എന്നത് മറ്റൊരാളെ സ്വന്തമാക്കുകയോ നിരന്തരം നിയന്ത്രിക്കുകയോ ചെയ്യുന്നതല്ല. മറ്റൊരാളുടെ വ്യക്തിത്വത്തെയും വ്യക്തിപരമായ അതിരുകളെയും അംഗീകരിച്ചുകൊണ്ട് അടുപ്പം നിലനിർത്താൻ കഴിയുന്നതാണ് പക്വമായ സ്നേഹത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്.

സ്നേഹപ്രകടനം എല്ലാവർക്കും ഒരുപോലെയാകണമെന്നില്ല

ഏഴ് രീതികളിലൂടെ സ്നേഹം പ്രകടിപ്പിക്കാമെന്ന് പറയുമ്പോഴും എല്ലാവരും ഇവയെ ഒരേ അളവിൽ ആഗ്രഹിക്കണമെന്നില്ല. ചിലർക്ക് സ്നേഹപൂർവമായ വാക്കുകൾ ഏറെ സന്തോഷം നൽകാം. മറ്റുചിലർക്ക് പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുന്നതായിരിക്കും പ്രധാനപ്പെട്ടത്. അന്തർമുഖ സ്വഭാവമുള്ള ഒരാൾക്ക് വലിയ സ്നേഹപ്രകടനങ്ങളേക്കാൾ ശാന്തമായ പരിഗണനയോ അർത്ഥവത്തായ സംഭാഷണമോ കൂടുതൽ സ്വാഭാവികമായിരിക്കാം.എന്നാൽ അന്തർമുഖരായ എല്ലാവരും ഒരേ രീതിയിൽ സ്നേഹം പ്രകടിപ്പിക്കുമെന്നോ ബഹിർമുഖരായ എല്ലാവരും കൂടുതൽ ശാരീരിക അടുപ്പം ആഗ്രഹിക്കുമെന്നോ കരുതരുത്. അതുപോലെ പുരുഷന്മാർ സ്നേഹം പ്രവൃത്തികളിലൂടെ മാത്രവും സ്ത്രീകൾ വാക്കുകളിലൂടെയുമാണ് പ്രകടിപ്പിക്കുന്നതെന്ന പൊതുധാരണയും ശരിയല്ല. വ്യക്തികളുടെ താൽപര്യങ്ങളും ജീവിതാനുഭവങ്ങളും കുടുംബപശ്ചാത്തലങ്ങളും സ്വഭാവസവിശേഷതകളുമെല്ലാം സ്നേഹപ്രകടനങ്ങളെ സ്വാധീനിക്കാം. ഇവിടെ ഏറ്റവും നല്ല മാർഗം പങ്കാളിയോടോ മക്കളോടോ അവരുടെ ആവശ്യങ്ങൾ നേരിട്ട് ചോദിച്ചറിയുക എന്നതാണ്. 'ഞാൻ എന്തുചെയ്യുമ്പോഴാണ് നിനക്ക് കൂടുതൽ സ്നേഹം അനുഭവപ്പെടുന്നത്?' എന്നൊരു ചോദ്യം പോലും പല തെറ്റിദ്ധാരണകളും ഒഴിവാക്കാൻ സഹായിച്ചേക്കാം.

വീട്ടിൽ നിന്ന് ലഭിക്കുന്ന പാഠം

കുട്ടികൾ ബന്ധങ്ങളെക്കുറിച്ച് പഠിക്കുന്നത് മാതാപിതാക്കൾ നൽകുന്ന ഉപദേശങ്ങളിലൂടെ മാത്രമല്ല. വീട്ടിൽ കാണുന്ന പെരുമാറ്റങ്ങളിലൂടെയും അവർ പല കാര്യങ്ങളും മനസ്സിലാക്കുന്നു. അച്ഛനും അമ്മയും പരസ്പരം ബഹുമാനത്തോടെ സംസാരിക്കുന്നതും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതും സ്നേഹവും പരിഗണനയും പ്രകടിപ്പിക്കുന്നതും കുട്ടികൾക്ക് ബന്ധങ്ങളെക്കുറിച്ചുള്ള നല്ല മാതൃകകളാകാം.മാതാപിതാക്കൾ തമ്മിലുള്ള ബന്ധത്തിന്റെ ഗുണമേന്മയും കുട്ടികളുടെ വൈകാരിക സുരക്ഷിതത്വവും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ കുട്ടികളുടെ മുന്നിൽവെച്ച് സ്നേഹം പ്രകടിപ്പിക്കണമെന്നത് എല്ലാവരും പരസ്യമായി ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ വേണമെന്ന നിർദേശമല്ല. പരസ്പരം അഭിനന്ദിക്കുന്നതും നന്ദി പറയുന്നതും സഹായിക്കുന്നതും മാന്യമായി സംസാരിക്കുന്നതും സ്നേഹത്തിന്റെ പ്രകടനങ്ങളാണ്. അതുപോലെ കുട്ടികളുടെ മുന്നിൽവെച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടായാൽ അവ പരിഹരിക്കുന്ന രീതിയും പ്രധാനമാണ്. 'ഞാൻ നിന്നോട് അങ്ങനെ സംസാരിക്കേണ്ടിയിരുന്നില്ല', 'എനിക്ക് തെറ്റുപറ്റി' എന്നിങ്ങനെ സ്വന്തം തെറ്റ് അംഗീകരിക്കാൻ കഴിയുന്നത് ബന്ധങ്ങളെക്കുറിച്ച് കുട്ടികൾക്ക് നല്ലൊരു സന്ദേശം നൽകും. സ്നേഹമുള്ള കുടുംബങ്ങളിൽ ഒരിക്കലും തർക്കങ്ങളുണ്ടാകില്ലെന്നല്ല. തർക്കങ്ങളുണ്ടാകുമ്പോഴും പരസ്പര ബഹുമാനം നഷ്ടപ്പെടുത്താതെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണമെന്നതാണ് പ്രധാനം.

അമിത നിയന്ത്രണങ്ങളും തിരിച്ചറിയണം

സ്നേഹം പ്രകടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പറയുമ്പോൾ അതിന്റെ അതിരുകളെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്. പങ്കാളിയെയോ കുട്ടികളെയോ നിരന്തരം നിയന്ത്രിക്കുക, അവരുടെ സ്വകാര്യതയിൽ അനാവശ്യമായി ഇടപെടുക, എപ്പോഴും കൂടെയുണ്ടാകണമെന്ന് നിർബന്ധിക്കുക തുടങ്ങിയവയെല്ലാം സ്നേഹത്തിന്റെ പേരിൽ ന്യായീകരിക്കപ്പെടാറുണ്ട്. എന്നാൽ സ്നേഹവും അമിതമായ പൊസ്സസ്സീവ്നെസ്സും ഒന്നല്ല. പങ്കാളിക്ക് വ്യക്തിപരമായ താൽപര്യങ്ങളും സൗഹൃദങ്ങളും സ്വകാര്യതയും ആവശ്യമാണ്. അതുപോലെ വളരുന്ന കുട്ടികൾക്കും പ്രായത്തിനനുസരിച്ചുള്ള സ്വാതന്ത്ര്യവും സ്വകാര്യതയും നൽകേണ്ടതുണ്ട്. സ്നേഹം പ്രകടിപ്പിക്കുമ്പോൾ മറ്റൊരാളുടെ താൽപര്യങ്ങളും സൗകര്യങ്ങളും ബഹുമാനിക്കണം. അതോടൊപ്പം സ്നേഹപൂർവമായ വാക്കുകളും സമ്മാനങ്ങളും നൽകി തുടർച്ചയായ അപമാനങ്ങളെയോ നിയന്ത്രണങ്ങളെയോ ന്യായീകരിക്കാനും കഴിയില്ല. സ്നേഹപ്രകടനങ്ങൾക്ക് അർത്ഥമുണ്ടാകണമെങ്കിൽ പെരുമാറ്റത്തിലും ആ സ്നേഹവും ബഹുമാനവും പ്രതിഫലിക്കണം.

സ്നേഹപ്രകടനം ശീലമാക്കാൻ കഴിയുമോ?

ചിലർക്കു സ്നേഹം തുറന്നുപറയുന്നതോ പ്രകടിപ്പിക്കുന്നതോ സ്വാഭാവികമായി ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം. അവർ വളർന്നുവന്ന കുടുംബങ്ങളിൽ സ്നേഹപ്രകടനങ്ങൾ കുറവായിരുന്നിരിക്കാം. മാതാപിതാക്കളോ മറ്റു കുടുംബാംഗങ്ങളോ സ്നേഹം തുറന്നുപറയുന്ന രീതി പരിചിതമല്ലായിരിക്കാം. എന്നാൽ ബാല്യകാലത്ത് പരിചയിച്ച രീതികൾതന്നെ ജീവിതകാലം മുഴുവൻ തുടരണമെന്നില്ല. ബോധപൂർവമായ ശ്രമങ്ങളിലൂടെ പുതിയ ആശയവിനിമയശീലങ്ങളും സ്നേഹപ്രകടനരീതികളും വളർത്തിയെടുക്കാം. പങ്കാളിയോട് ഒരു നല്ല വാക്ക് പറയുന്നതിലൂടെ തുടങ്ങാം. അവർ ചെയ്ത ഒരു കാര്യം ശ്രദ്ധിച്ച് അഭിനന്ദിക്കാം. മക്കളുമായി കൂടുതൽ സമയം ചെലവഴിക്കാം. അവരുടെ വിശേഷങ്ങൾ അന്വേഷിക്കാം. സ്നേഹം പ്രകടിപ്പിക്കാൻ പ്രത്യേക അവസരങ്ങൾക്കായി കാത്തിരിക്കേണ്ടതില്ല. അതേസമയം എല്ലാ ദിവസവും ഒരേ വാക്കുകൾ ആവർത്തിക്കുന്നതോ നിർബന്ധിതമായി സ്നേഹം പ്രകടിപ്പിക്കുന്നതോ മാത്രം ബന്ധത്തെ മെച്ചപ്പെടുത്തണമെന്നില്ല. പറയുന്ന വാക്കുകളിലും ചെയ്യുന്ന പ്രവൃത്തികളിലും ആത്മാർത്ഥതയുണ്ടാകണം. ബന്ധത്തിൽ നേരത്തെ വേദനകളും തെറ്റിദ്ധാരണകളുമുണ്ടെങ്കിൽ സ്നേഹപ്രകടനങ്ങൾ മാത്രം എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നില്ല. തെറ്റുകൾ അംഗീകരിക്കാനും ആവശ്യമുള്ളപ്പോൾ ക്ഷമ ചോദിക്കാനും പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുത്താനും കഴിയണം. ദാമ്പത്യത്തിലോ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലോ ഗുരുതരമായ ആശയവിനിമയപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ ആവശ്യമായ കൗൺസിലിംഗ് സഹായവും തേടാവുന്നതാണ്.

സ്നേഹം സൂക്ഷിച്ചുവെക്കാനുള്ള സമ്പാദ്യമല്ല

നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങൾ പലപ്പോഴും നാം ഏറ്റവും കുറച്ച് പരിഗണിക്കുന്ന ബന്ധങ്ങളായി മാറാറുണ്ട്.

പങ്കാളി എപ്പോഴും കൂടെയുണ്ടാകുമെന്ന് കരുതുന്നു. മക്കൾക്ക് നമ്മുടെ സ്നേഹം സ്വാഭാവികമായി മനസ്സിലാകുമെന്ന് വിശ്വസിക്കുന്നു. മാതാപിതാക്കളുടെ കരുതലും പരിഗണനയും പലപ്പോഴും പതിവായി ലഭിക്കേണ്ട കാര്യങ്ങളായി കാണുന്നു. എന്നാൽ ഇവരോടുള്ള സ്നേഹവും നന്ദിയും അഭിനന്ദനവും പ്രകടിപ്പിക്കാൻ നാം എത്രത്തോളം ശ്രമിക്കുന്നുണ്ട്? ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനും കുടുംബത്തിന് സാമ്പത്തികസുരക്ഷിതത്വം ഉറപ്പാക്കാനും ശ്രമിക്കുന്നതിനൊപ്പം, കുടുംബാംഗങ്ങളുടെ വൈകാരിക ആവശ്യങ്ങൾക്കും പരിഗണന നൽകേണ്ടതുണ്ട്.ഒരു നല്ല വാക്ക് പറയുന്നതിനോ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നതിനോ മറ്റൊരാളുടെ വിഷമങ്ങൾ കേൾക്കുന്നതിനോ വലിയ സാമ്പത്തിക ചെലവുകളൊന്നും ആവശ്യമില്ല. എന്നാൽ ഇത്തരം ചെറിയ സ്നേഹപ്രകടനങ്ങൾ ചിലപ്പോൾ മറ്റൊരാളുടെ ജീവിതത്തിൽ വലിയ ആശ്വാസമായേക്കാം. സ്നേഹം പ്രകടിപ്പിക്കുന്നതിൽ എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. അതുകൊണ്ട് വാക്കുകളിലൂടെ സ്നേഹം പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടുള്ള ഒരാളുടെ സ്നേഹത്തെ വിലകുറച്ച് കാണേണ്ടതില്ല. എന്നാൽ സ്വന്തം സ്നേഹം മറ്റൊരാൾക്ക് എങ്ങനെ അനുഭവപ്പെടുന്നുവെന്ന് തിരിച്ചറിയാൻ ശ്രമിക്കേണ്ടത് പ്രധാനമാണ്. സ്നേഹം മനസ്സിൽ സൂക്ഷിക്കുന്നതുകൊണ്ടുമാത്രം ബന്ധങ്ങൾ സമ്പന്നമാകണമെന്നില്ല. ആ സ്നേഹം മറ്റൊരാൾക്ക് അനുഭവപ്പെടുന്ന രീതിയിൽ പങ്കുവെക്കുമ്പോഴാണ് ബന്ധങ്ങളിൽ അതിന്റെ മൂല്യം കൂടുതൽ പ്രകടമാകുന്നത്. നമ്മൾ എത്രത്തോളം സ്നേഹിക്കുന്നു എന്നതുപോലെ, നമ്മളോടൊപ്പം ജീവിക്കുന്നവർക്ക് എത്രത്തോളം സ്നേഹിക്കപ്പെടുന്നുവെന്ന് അനുഭവപ്പെടുന്നുണ്ട് എന്നതും പ്രധാനമാണ്.

ഒരുപക്ഷേ ഇന്ന് നമ്മുടെ പങ്കാളിയോ മക്കളോ മാതാപിതാക്കളോ ആഗ്രഹിക്കുന്നത് വലിയൊരു സമ്മാനമായിരിക്കണമെന്നില്ല. ഒരു നല്ല വാക്കോ, കുറച്ചുസമയമോ, ശ്രദ്ധയോടെയുള്ള കേൾവിയോ, സ്നേഹപൂർവമായ ഒരു ആലിംഗനമോ ആയിരിക്കാം.

നിങ്ങളുടെ മനസ്സിൽ ഒരുപാട് സ്നേഹമുണ്ടായിരിക്കാം. എന്നാൽ ആ സ്നേഹം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടത്ര അനുഭവപ്പെടുന്നുണ്ടോ? ഈ ചോദ്യം ഓരോരുത്തരും സ്വയം ചോദിച്ചുനോക്കേണ്ടതാണ്. കാരണം, പിശുക്കന്റെ നാണ്യശേഖരംപോലെ സ്നേഹവും മനസ്സിൽ മാത്രം സൂക്ഷിച്ചുവെക്കാനുള്ളതല്ല; വേണ്ടപ്പെട്ടവർക്ക് അനുഭവിക്കാൻ കഴിയുന്ന രീതിയിൽ പങ്കുവെക്കാനുള്ളതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:family relationships Love Parenting teenagers Communication emotional health Mental Heath Health News 
News Summary - The need for expressions of love in Aquarius relationships
Next Story